
part 2
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ചലച്ചിത്ര- ചലച്ചിത്രേതരസംഗീതരംഗത്ത് ഉണ്ടായ മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ തുടങ്ങി തൊണ്ണൂറുകളുടെ മധ്യത്തില്‍ നിന്നുപോയ കൊച്ചി കേന്ദ്രമായുള്ള തേര്‍ട്ടീന്‍ എഡി എന്ന പാശ്ചാത്യസംഗീത ബാന്റാണ് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്രേതരസംഗീത പരീക്ഷണം. 1977 ലാണ് കേരളത്തിന്റെ ഔദ്യോഗികം എന്ന് പറയാവുന്ന സംഗീതബാന്റ് തേര്‍ട്ടീന്‍ എഡിയുടെ തുടക്കം. ഇലോയി ഐസക്ക്, പെട്രോ കൊറിയ, അനില്‍ റോണ്‍, ആഷ് ലി പിന്റോ, സ്റ്റാന്‍ലി ലൂയിസ് , ജോര്‍ജ്ജ് പീറ്റര്‍ തുടങ്ങിയവരായിരുന്നു തേര്‍ട്ടീന്‍ എഡിയിലെ അംഗങ്ങള്‍. കേരളത്തിന് പരിചിതമല്ലാതിരുന്ന വെസ്റ്റണ്‍ പോപ്പ്- റോക്ക് സംഗീതമായിരുന്നു തേര്‍ട്ടീന്‍ ഏഡിയുടേത്. ഫോര്‍ട്ടുകൊച്ചി സീലോഡ് ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു തേര്‍ട്ടീന്‍ എഡിയുടെ വളര്‍ച്ച.
പാശ്ചാത്യസംസ്കാരം ഇഷ്ടപ്പെട്ടിരുന്ന സമൂഹത്തിലെ ഉപരി-മധ്യവര്ഗവിഭാഗങ്ങളായിരുന്നു പ്രധാനമായും തേര്‍ട്ടീന്‍ എഡിയുടെ ആസ്വാദകര്‍. 1990 ല്‍ തേര്‍ട്ടീന്‍ എഡിയുടെ ഗ്രൗണ്ട് സീറോ എന്നആദ്യസംഗീത ആല്‍ബം പുറത്തിറങ്ങി. ദേശവ്യാപകമായുള്ള ഗ്രൗണ്ട് സീറോയുടെ അപ്രതീക്ഷിത വിജയം ഇന്ത്യയിലെ നഗരയുവാക്കളെ സ്വാധീനിച്ചു. അതോടെ തേര്‍ട്ടീന്‍ എഡിക്ക് സീലോഡ് ഹോട്ടലിന് അപ്പുറത്തേക്ക് വേദികള്‍ ലഭിച്ചു. മണിപ്പൂര്‍, മംഗലാപുരം, മുംബെ, കൊല്‍ക്കത്ത, ഡല്‍ഹി, ബാംഗ്ളൂര്‍ , ഗോവ, ഹൈദ്രാബാദ് എന്നിവടങ്ങള്‍ തുടര്‍ച്ചയായി തേര്‍ട്ടീന്‍ എഡി ലൈവ് മ്യൂസിക് ഷോകള്‍ അവതരിപ്പിച്ചു.
കേരളത്തിന് അത്രപരിചിതമല്ലാതിരുന്ന പാശ്ചാത്യസംഗീതത്തെ ജനകീയവത്കരിക്കുന്നതില്‍ തേര്‍ട്ടീന്‍ എഡി വഹിച്ച പങ്ക് ചെറുതല്ല. തൊണ്ണൂറുകളുടെ മധ്യത്തോടെ തേര്‍ട്ടീന്‍ എഡി സ്വയം ശിഥിലമായി. തുടര്‍ന്ന് 2024 ല്‍ ബാന്റ് പുനസംഘടിപ്പിച്ചെങ്കിലും പഴയപ്രതാപം വീണ്ടെടുക്കാനായില്ല. കൊച്ചി തേവര സേക്രട്ട് കോളേജായിരുന്നു തേര്‍ട്ടീന്‍ എഡിയുടെ രണ്ടാംവരവിന്റെ വേദി. തേര്‍ട്ടീന്‍ എഡിയുടെ ശോഭകെടുത്തിയതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് സാങ്കേതികവളര്‍ച്ചയുടെ ഭാഗമായി അതിനകം തന്നെ റാപ്പ്, പോപ്പ് റെഗ്ഗേ, റോക്ക് തുടങ്ങി പാശ്ചാത്യസംഗീതത്തിന്റെ വൈവിധ്യാഭിരുചികള് മലയാളികള്‍ക്ക് പരിചിതമായികഴിഞ്ഞിരുന്നു.
രണ്ടാമത്തെ കാരണം കേരളത്തിലെ നിരവധി സംഗീത ബാന്റുകളുടെ ലൈവ് ഷോകളുമായി മലയാളിപൊരുത്തപ്പെട്ടിരുന്നു. തേര്‍ട്ടീന്‍ എഡിക്ക് ശേഷം സ്വതന്ത്ര ഇംഗ്ളീഷ് ഗാനത്തെ മലയാളികള്‍ സ്വീകരിച്ചത് ഹനുമാന് കൈന്ഡി്ന്റെ വരവോടെയാണ്. മലപ്പുറം സ്വദേശി സൂരജ് ചെറുകാട്ടാണ് ഹനുമാന് കൈന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന റാപ്പര്‍. 2024 ജൂലൈ പത്തിന് യൂറ്റിയൂബില്‍ റിലീസ് ചെയ്ത ഹനുമാന് കൈന്‍ഡിന്റെ ബിഗ് ഡോഗ്സ് എന്ന ഗാനം ആഗോള ഹിറ്റായി. കുടുംബത്തിലെ ജോലിയുടെ ഭാഗമായി നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ മാറിമാറി താമസിച്ചുവരുന്നതിനിടെയാണ് സൂരജ് ചെറുകാട്ട് മരണക്കിണറിന്റെ പശ്ചാത്തലത്തില്‍ ബിഗ് ഡോഗ്സ് എന്ന റാപ്പ് ആല്‍ബം സൃഷ്ടിച്ചത്. ലോകത്തോടൊപ്പം സൂരജിന്റെ ഗാനം മലയാളികളും ഏറ്റെടുത്തു.
എണ്‍പതുകളുടെ തുടക്കത്തില്‍ യേശുദാസിന്റെ തരംഗിണി കാസറ്റ്സ് വിപണിയിലെത്തിച്ച ഉത്സവഗാനങ്ങള്‍, ഹിന്ദു-ക്രിസ്ത്യന്‍- മുസ്ളീം ഗാനങ്ങള്‍, ലളിതഗാനങ്ങള്‍ തുടങ്ങിയവ ചലച്ചിത്രേതരഗാനശാഖയിലെ വിജയകരമായ പരീക്ഷണമായിരുന്നു. ഹിന്ദുഭക്തിഗാനങ്ങളില് അയ്യപ്പഗാനങ്ങള്ക്കായിരുന്നു ഡിമാന്റ്. എല്ലാ ശബരിമലസീസണുകളിലും റിലീസ് ചെയ്തിരുന്ന അയ്യപ്പഭക്തിഗാനങ്ങള്ക്കായി മലയാളി കാത്തിരുന്നു. ഓണത്തിനും തരംഗിണി മുടക്കമില്ലാതെ ആല്‍ബങ്ങളിറക്കി. ക്രിസ്തീയ ഭക്തിഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍, എന്നിവയും തരംഗിണിയിലൂടെ നിരന്തരം പുറത്തുവന്നു. വസന്തഗീതങ്ങള്‍, ആദ്രഗീതങ്ങള്, മധുരഗീതങ്ങള്‍, രാഗതരംഗിണി, ഗ്രാമീണഗാനങ്ങള്‍ തുടങ്ങി പലപേരുകളില്‍ ഇറങ്ങിയ തരംഗിണിയുടെ ആല്‍ബങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോയി.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ മിമിക്രിയും നാടന്‍പാട്ടും ചേര്‍ത്തുള്ള കോംമ്പോയില്‍ കലാഭവന്‍ മണിയുടെ രംഗ പ്രവേശം സമാന്തരഗാനശാഖയില് വലിയ വിപ്ളവത്തിന് വഴിയൊരുക്കി. കേരളം മറന്നുവെച്ച നാടന്‍പാട്ട് ശാഖയെ കലാഭവന്‍ മണി അക്ഷരാര്‍ത്ഥത്തില്‍ വീണ്ടെടുക്കുകയായിരുന്നു. തൂശിന്മേല്കൂന്താരോ, ആക്രാന്തം കാട്ടേണ്ട വിളമ്പിത്തരാം, പൂളുമ്പോപൂളുമ്പോ ചോപ്പുള്ളമാങ്ങ, ചാലക്കുടിക്കാരന്‍ ചങ്ങാതി, ഈ കറുമ്പനാളൊരു കുറമ്പനാ, മണികിലുക്കം തുടങ്ങി കലാഭവന്‍ മണിയുടെ കാസറ്റുകള്‍ക്ക് വിപണിയില്‍ വലിയ തരംഗംസൃഷ്ടിക്കാനായി.
മിമിക്രിയും നാടന്‍പാട്ടും കോര്‍ത്തിണക്കിയുള്ള ഉള്ളടക്കം ക്രമേണ മാറ്റി നാടന്‍ പാട്ടുകള്‍ മാത്രമുള്ള കാസറ്റുകളും അതേ പാട്ടുകളുടെ റീമിക്സുകളും പുറത്തിറക്കി കലാഭവന്‍മണി ചലച്ചിത്രസമാന്തരഗാനശാഖയില് വിജയകരമായി നിറഞ്ഞുനിന്നു. പരമ്പരാഗതനാടന് പാട്ടുകള്‍ക്ക് പുറമേ അറുമുഖന് വെങ്കടങ്ങ് എഴുതിയ ഗാനങ്ങളായിരുന്നു മണി പാടിയ പാട്ടുകളില്‍ ഏറെയും. തൃശൂര്‍ജില്ലയിലെ വെങ്കടങ്ങിലുള്ള കരിങ്കല്ല് തൊഴിലാളിയായിരുന്നു അറുമുഖന്. നാട്ടിന്‍പുറത്തെ നാടകസംഘങ്ങള്‍ക്ക് പാട്ടെഴുതി നല്‍കിയിരുന്ന അറുമുഖന് വെങ്കടങ്ങ് കലാഭവന്‍ മണിയുടെ ശ്രദ്ധയില്‍ പെടുന്നത് കല്ലേം മാലേം പിന്നെ ലോലാക്കും എന്ന മനോജ് കൃഷ്ണന് പാടിയ കാസറ്റിലൂടെയാണ്. ഈ കാസറ്റിലെ കണ്ടെത്തിലോടണ മുണ്ടത്തി എന്നപാട്ട് മണിക്ക് പ്രിയപ്പെട്ടതായി. കൂട്ടുകാര്‍ മുഖേന കലാഭവന്‍മണി, അറുമുഖം വെങ്കടങ്ങുമായി ബന്ധം സ്ഥാപിച്ചു. പിന്നീട് ഈ കൂട്ടുകെട്ട് വന്‍ വിജയമായി മാറി. ഇരുനൂറോളം ഗാനങ്ങളാണ് കലാഭവന്‍ മണിക്ക് വേണ്ടി അറുമുഖന് വെങ്കടങ്ങ് എഴുതിയത്.
ചാലക്കുടി ചന്തക്ക് പോകുമ്പോള്‍, വരത്തന്റൊപ്പം ഒളിച്ചുചാടിയ തങ്കമ്മേ, വരിക്കച്ചക്കേടെ ചുളകണക്കിന് , ഇക്കൊല്ലം നമ്മക്ക് ഓണം ഇല്ലേടീ കുഞ്ഞ്യേച്ച്യേ, തുടങ്ങി മണിയുടെ മിക്ക ഹിറ്റുകളും അറുമുഖന് വെങ്കിടങ്ങിന്റേതാണ്. ഭൂരിപക്ഷം ഗാനങ്ങള്‍ക്ക് സംഗീതം നല്കിയതാകട്ടെ സിദ്ധാര്ത്ഥവിജയനും. എന്നാല്‍ കലാഭവന്‍ മണിക്ക് വേണ്ടി പാട്ടുകളെഴുതിയ ഗാനരചയിതാക്കളും സംഗീതസംവിധായകരുമൊക്കെ മണിയുടെ വ്യക്തിപ്രഭാവത്തില്‍ മുങ്ങിപ്പോയി. കലാഭവന്‍ മണിയുടെ സ്വന്തം പാട്ടുകള്‍ എന്ന നിലയിലാണ് ആസ്വാദകവൃന്ദം മണിയുടെ പാട്ടുകളെ സമീപിച്ചത്. നാടന്‍പാട്ടുകള്‍ക്ക് പുറമേ മാപ്പിളപ്പാട്ടുകളും , അയ്യപ്പഭക്തിഗാനങ്ങളും പുറത്തിറക്കി കലാഭവന്‍ മണി വിജയം ആവര്‍ത്തിച്ചു. തൊണ്ണൂറുകളില്‍ കലാഭവന്‍ മണി ഉഴുതുമറിച്ച മണ്ണിലേക്കാണ് പില്ക്കാലത്ത് നാടന്‍പാട്ട് ബാന്റ് സംഘങ്ങള്‍ ചുവടുറപ്പിക്കുന്നത്.
തൊണ്ണൂറുകളിലെ ഗാനാസ്വാദനരംഗത്തെ മലയാളിയുടെ മാറ്റം രണ്ടായിരത്തിലും തുടര്‍ന്നു. 2005 ല്‍ പുറത്തിറങ്ങിയ താജുദ്ദീന് വടകരയുടെ ഖല്‍ബാണ് ഫാത്തിമ എന്ന ആല്‍ബത്തിന്റെ ഓര്‍ക്കാപ്പുറത്തെ വിജയം കേരളത്തില്‍ ചലച്ചിത്രേതരസംഗീതാസ്വാദനത്തിന് ഡിമാന്റുണ്ടെന്ന് തെളിച്ചു. മലയാളികള്‍ ജാതിമതഭേദമന്യേ ഇരുകൈയ്യും നീട്ടിയാണ് ഖല്‍ബാണ് ഫാത്തിമയെ സ്വീകരിച്ചത്. ആല്‍ബത്തിലെ നെഞ്ചിനുള്ളില്‍ നീയാണ് എന്ന താജുദീന് വടകര എഴുതിയ ഗാനം സൂപ്പര്‍ ഹിറ്റായി. മില്ലേനിയം ഓഡിയോസിന്റെ ബാനറില്‍ നാസര്‍ എഴുതി താജുദ്ദീന് വടകരയും കുഞ്ഞിമൂസയും ഈണം നല്കിയ ആല്‍ബത്തിലെ ഇതരഗാനങ്ങള് പാടിയത് അഫ്സല്, റഫീക്ക് വടകര, ശ്രീലതവടകര എന്നിവരായിരുന്നു.
ഖല്‍ബാണ് ഫാത്തിമയുടെ വിജയത്തിന് പിന്നാലെ രാജാരാഘവന് എഴുതി ശ്യാംധര്‍മന്‍ ഈണമിട്ട ചെമ്പകമേ എന്ന ആല്‍ബം 2006 ല്‍ പുറത്തിറങ്ങി. ചെമ്പകമേയും സംഗീതവിപണിയില്‍ തംരംഗം സൃഷ്ടിച്ചു. ഫ്രാങ്കോയാണ് ചെമ്പകമേ എന്ന ഗാനം ആലപിച്ചത്. ഫ്രാങ്കോക്ക് പുറമേ ജോത്സ്യന രാധാകൃഷ്ണന്, ആഷാ. ജി. മേനോന്, മധുബാലകൃഷ്ണന്, വിധു പ്രതാപ് എന്നിവരായിരുന്നു ആല്‍ബത്തിലെ മറ്റ്ഗായകര്. ഈ രണ്ട് ആല്‍ബങ്ങളുടെ വിജയം കുറഞ്ഞ ചെലവില്‍ ദൃശ്യ-ശ്രാവ്യആല്ബങ്ങള് ഉണ്ടാക്കി ലാഭംനേടാമെന്ന ചിന്ത കാസറ്റ് കമ്പനി ഉടമകളില്‍ സൃഷ്ടിച്ചു. ഗള്‍ഫ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റ് കോസ്റ്റ് കമ്പനി ഉടമയായ ഈസ്റ്റ് കോസ്റ്റ് വിജയന്, ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് പേരില്‍ കാസറ്റ് കമ്പനി തുടങ്ങിയത് ഇക്കാലത്താണ്. ഈസ്റ്റ് കോസ്റ്റിന്റെ ഒരുഡസനിലധികം റൊമാന്റിക്- മാപ്പിളപ്പാട്ടുകള്‍ ഈ കാലയളവില്‍ പുറത്തിറങ്ങി. എല്ലാം ഒന്നിനൊന്ന് സാമ്പത്തിക വിജയം നേടിയവ.
ഇതോടെ പരമ്പരാഗത മാപ്പിളപ്പാട്ടുകളുടെ റീമിക്സുകള്‍, പുതുതലമുറ മാപ്പിളപ്പാട്ടുകള്‍, പ്രണയഗാനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത അഭിരുചികളിലെ ആല്‍ബങ്ങള്‍ പുറത്തിറങ്ങി. ചെറുതും വലുതുമായ നിരവധി കാസറ്റ് കമ്പനികള്‍ പൊട്ടിമുളച്ചു. രണ്ടായിരത്തിന്റെ ആദ്യദശകം വരെ തുടര്‍ന്ന ആല്‍ബം തരംഗം മറ്റൊരു ദിശയിലേക്ക് വഴിമാറിയത് രണ്ടായിരത്തിപത്തില്‍ പുറത്തിറങ്ങിയ സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയോടെയാണ്. ചിത്രത്തിലെ അവിയല്‍ ബാന്റ് അവതരിപ്പിച്ച ആനക്കള്ളന്‍ എന്ന പാട്ട് കേരളത്തിന്റെ ഗാനാസ്വാദകരീതിക്ക് പുതിയ വഴിമരുന്നിട്ടു. മലയാളസംഗീതബാന്റ് എന്ന നിലയില്‍ അവിയലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
തുടര്‍ച്ചയായി അവിയലിന് വേദികള്‍ ലഭിച്ചതോടെ കൂണുകള്‍ പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി സംഗീതബാന്റുകള് പൊട്ടി മുളച്ചു. തൈക്കുടം ബ്രിഡ്ജ്, ഊരാളി, മസാലകോഫി, തകര തുടങ്ങി ചെറുതുംവലുതുമായ നിരവധി ബാന്റുകള്‍ വൈവിധ്യമാര്‍ന്ന സംഗീതാഭിരുചികളുമായി കളംനിറഞ്ഞു. ജോഫ് കുര്യന്, ഭദ്രരാജന്, സിതാരകൃഷ്ണകുമാര്‍, ആര്യാദയാല്‍, ഗൗരിലക്ഷ്മി തുടങ്ങിവര്‍ സ്വതന്ത്രസംഗീതവുമായി രംഗപ്രവേശനം ചെയ്തതും ഇക്കാലത്താണ്. ഇവര്‍ക്കൊപ്പം തന്നെ നൂറ് കണക്കിന് നാടന്‍പാട്ട് സംഘങ്ങളും സജീവമായി. അന്തരിച്ച പി എസ് ബാനര്‍ജി, പ്രസീതചാലക്കുടി തുടങ്ങിയവരുടെ നാടന്‍പാട്ട് സംഘങ്ങളുടെ വിജയം കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചു. അതുവരെ ഉത്സവപറമ്പുകളില്‍ ഗാനമേളകള്‍ മാത്രം ആസ്വദിച്ച് ശീലിച്ച മലയാളിയുടെ സംഗീതാഭിരുചി ലൈവ് ബാന്റ് ഷോകളിലേക്ക് മാറി.
2022 ല്‍ പുറത്തിറങ്ങിയ തല്ലുമാല എന്ന ഖാലിദ് റഹ്മാന് ചിത്രത്തില്‍ വിഷ്ണുവിജയിന്റെ സംഗീതസംവിധാനത്തില്‍ ഡാബ് സി എന്ന ഗായകന് മലയാള ഗാനരംഗത്ത് ചുവടുറപ്പിച്ചു. മാപ്പിളപ്പാട്ടും റാപ്പും ചേര്‍ന്ന തല്ലുമാലയിലെ ഡാബ്സിയുടെ മണവാളന് തഗ്സ് തരംഗമായി. ഈഗാനത്തിന്റെ വിജയത്തോടെ ഡാബ് സി എന്ന ഗായകന്റെ വിപണിമൂല്യം ഉയര്‍ന്നു, 2024 ല്‍ പുറത്തിറങ്ങിയ ആവേശം എന്ന സിനിമയില്‍ സുഷിന് ശ്യാമിന്റെ സംഗീതത്തില്‍ ഡാബ്സി പാടിയ ഇല്ലുമിനാറ്റി എന്ന ഗാനം കേരളവും കടന്ന് ചലനമുണ്ടാക്കി. സ്വതന്ത്രറാപ്പും, സിനിമാഗാനങ്ങളുമായി സജീവമായ ഡാബ്സിക്ക് പക്ഷേ സ്റ്റേജ് ഷോകളില്‍ തിളങ്ങാനായില്ല. 2025 ഫെബ്രുവരിയില്‍ സൗദി അറേബ്യയില്‍ നടത്തിയ ഡാബ്സിയുടെ ഗാനനിശ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചു. ഡാബ്സിക്ക് നേരേസൈബര് ആക്രമണമുണ്ടായി. എങ്കിലും സ്വതന്ത്രറാപ്പര് എന്ന നിലയില്‍ ഡാബ് സിയുടെ റോള്‍ നിര്‍ണായകമായിരുന്നു.
ഇതിനിടയില്‍ ദളിത് രാഷ്ട്രീയം പറഞ്ഞുവന്ന വേടന് എന്ന റാപ്പര്‍ മാധ്യമശ്രദ്ധനേടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തിലും ദളതര് നേരിടുന്ന തിരസ്കാരങ്ങളാണ് വേടന്റെ സംഗീതത്തിന്റെ ആശയധാര. തുടക്കത്തില്‍ യൂട്യൂബില്‍ മാത്രം ഒതുങ്ങി നിന്ന വേടന് സ്വതന്ത്രഗായകന് എന്ന നിലയില്‍ വളരെ വേഗം വളരാനായി. ഞാന്‍ പാണനല്ല, പുലയനല്ല, നീ തമ്പുരാനുമല്ല, കാടുകട്ടവന്റെ നാട്ടില്‍ ചോറുകട്ടവന്‍ മരിക്കും, നീര് നിലങ്ങളില്‍ അടിമയാര് ഉടമയാര്, വിയര്‍പ്പ് തുന്നിയിട്ട കുപ്പായം, കടലമ്മകരഞ്ഞല്ലേ പെറ്റത് തുടങ്ങിയ ഗാനങ്ങള്‍ മലയാള റാപ്പ് സംഗീതരംഗത്ത് വേടനെ വിലപിടിപ്പുള്ള താരമാക്കിമാറ്റി.
പാശ്ചാത്യലോകത്ത് മാത്രം കണ്ടിരുന്ന ലൈവ് മ്യൂസിക് ബാന്റുകള്‍ ഇന്ന് മലയാളി ഉള്ളിടത്തെല്ലാം സജീവമാണ്. വ്യക്തിഗതബാന്റുകളുടേയും വ്യക്തിയേതരബാന്റുകളുടേയും ലൈവ് ഷോകള്‍ ആസ്വദിക്കാന്‍ ആയിരക്കണക്കിന് മലയാളികളാണ് കേരളത്തിലും അന്യനാടുകളിലും തടിച്ചുകൂടുന്നത്.
ചലച്ചിത്രഗാനത്തില്‍ മാത്രം ആണ്ടുകിടന്ന ഇന്ത്യക്കാരുടെ സംഗീതാഭിരുചികളില്‍ മാറ്റം വരുത്തിയ തൊണ്ണൂറുകളുടെ തുടര്‍ച്ചായി വേണം മലായാളിയുടെ വര്‍ത്തമാനകാലത്തെ സംഗീതഅഭിരുചികളെ വിലയിരുത്താന്‍.
( അവസാനിച്ചു)