ഇന്ത്യയില്‍ 24 ശതമാനം വനിതകളും 23 ശതമാനം പുരുഷന്മാരും അമിതഭാരമുള്ളവര്‍
13 ശതമാനം പേര് പൊണ്ണത്തടി മൂലം മരിക്കുന്നതായും റിപ്പോര്‍ട്ട്
പ്രത്യേക ലേഖകന്‍
കൊച്ചി: ലോകമെമ്പാടുമുള്ള മുതിര്‍ന്നവരിലും കുട്ടികളിലും അമിതഭാരത്തിന്റെയും പൊണ്ണത്തടിയുടെയും വ്യാപനം ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം 1990 നും 2022 നും ഇടയില്‍ നാലിരട്ടി വര്‍ദ്ധിച്ചു. 2% ല്‍ നിന്ന് 8% ആയി ഉയര്‍ന്നു. അമിതഭാരമുള്ള മുതിര്‍ന്നവരുടെ എണ്ണം 7 ശതമാനത്തില്‍ നിന്ന് 16 ശതമാനമായി ഉയര്‍ന്നു. ദേശീയ കുടുംബാരോഗ്യ സര്‍വ്വെ പ്രകാരം, ഇന്ത്യന്‍ വനിതകളില്‍ 24 ശതമാനവും പുരുഷന്മാരില് 23ശതമാനവും അമിതഭാരമുള്ളവരാണ്. 15-49 വയസ്സ് പ്രായമുള്ള വിഭാഗത്തില്‍, വനിതകളില്‍ 6.4 ശതമാനവും പുരുഷന്മാരില് 4.0ശതമാനവും പൊണ്ണത്തടിയുള്ളവരാണ്. അഖിലേന്ത്യാ തലത്തില്‍, അമിതഭാരമുള്ള 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ശതമാനം 2.1 ല്‍ നിന്ന് 3.4 ആയി വര്‍ദ്ധിച്ചു.
ലാകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം, ആരോഗ്യത്തിന് അപകടമുണ്ടാക്കുന്ന തരത്തില്‍ അസാധാരണമായോ അമിതമായോ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് പൊണ്ണത്തടി. പൊണ്ണത്തടിയെ തരംതിരിക്കുന്നതിനായി ബോഡി മാസ് ഇന്‍ഡക്സ് ആണ് സാധാരണയായി ഉപയോഗിക്കുന്നത്. 25 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള BMI അമിതഭാരമായും 30 അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള BMI പൊണ്ണത്തടിയായും ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയില്‍, ഒരു വ്യക്തിയുടെ ബോഡി മാസ് ഇന്‍ഡക്സ് 23.0 നും 24.9 kg/m² നും ഇടയിലാണെങ്കില്‍ അവരെ അമിതഭാരമുള്ളവരായി കണക്കാക്കുന്നു. BMI 25 kg/m² മുതല്‍ മുകളിലേക്ക് പൊണ്ണത്തടിയായി കണക്കാക്കുന്നു. ഒരു വ്യക്തിയുടെ BMI 35 അല്ലെങ്കില്‍ അതില്‍ കൂടുതലാകുമ്പോഴാണ് രോഗാതുരമായ പൊണ്ണത്തടിയായി വിലയിരുത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, 18.5 നും 24.9 നും ഇടയിലുള്ളതെല്ലാം സാധാരണ BMI ആയി കണക്കാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്ത്യയില്‍, സാംക്രമികേതര രോഗങ്ങള്‍ മൂലമുള്ള മരണങ്ങള് 63 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. പൊണ്ണത്തടി മൂലം 13 ശതമാനം പേര് മരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 27 ശതമാനം പേര് ഹൃദയ സംബന്ധമായ രോഗങ്ങള്‍ മൂലവും വിട്ടുമാറാത്ത ശ്വസന രോഗങ്ങള്‍ മൂലം 11 ശതമാനം പേരും ക്യാന്‍സര്‍ മൂലം 9 ശതമാനം പേരും പ്രമേഹം മൂലം 3 ശതമാനംപേരും മരിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയ സംബന്ധമായ രോഗങ്ങള്‍, കാന്‍സര്‍, പ്രമേഹം, വിട്ടുമാറാത്ത ശ്വസന രോഗങ്ങള്‍ തുടങ്ങിയ സാംക്രമികേതര രോഗങ്ങള്‍ പ്രധാനമായും പുകയില ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണക്രമം, ശാരീരിക നിഷ്ക്രിയത്വം, മദ്യപാനം എന്നിവയുള്‍പ്പെടെയുള്ള പരിഹരിക്കാവുന്ന ജീവിതശൈലി ഘടകങ്ങളാല്‍ ഉണ്ടാകുന്നവയാണ്. വായു മലിനീകരണം അപകടസാധ്യത വീണ്ടും വര്‍ദ്ധിപ്പിക്കുന്നു. ഈ ഘടകങ്ങള്‍ പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. ഇവയെല്ലാം സാംക്രമികേതര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു. അപകടകരമായ ഈ ഘടകങ്ങളില്‍ പലതും തടയാന്‍ കഴിയുമെന്നതിനാല്‍, പൊണ്ണത്തടിയും അനാരോഗ്യകരമായ ശീലങ്ങളും പരിഹരിക്കുന്നതിലൂടെ സാംക്രമികേതര രോഗങ്ങള്‍ മരണകാരണമാകുന്നത് ഒഴിവാക്കാന്‍ വളരെയധികം സഹായിക്കും.
പൊണ്ണത്തടി ഒരു നിര്‍ണായക പൊതുജനാരോഗ്യ പ്രശ്നമായി അംഗീകരിച്ചുകൊണ്ട്, പൊണ്ണത്തടി തടയുന്നതിനും നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനുമായി സമസ്ത തലങ്ങളിലും സമഗ്രവും ബഹുമുഖവുമായ സംരംഭങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ആരോഗ്യം, പോഷകാഹാരം, ശാരീരിക അദ്ധ്വാനം, ഭക്ഷ്യ സുരക്ഷ, ജീവിതശൈലിയിലെ പരിഷ്ക്കാരങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന ഒരു സമഗ്ര സമീപനം പ്രോത്സാഹിപ്പിക്കുന്നതിനായി ഒന്നിലധികം മന്ത്രാലയങ്ങള്‍ ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ഇടപെടലുകളാണ് ഈ ഉദ്യമങ്ങള്‍.
