ഹൃദയാഘാതം സംഭവിച്ച മൂന്ന് വയസായ കുവൈത്തി പെൺകുട്ടിയെ ആണ് വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ഷിച്ചത്.
കുവൈത്ത് സിറ്റി: മൂന്ന് വയസായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ഹൃദ്രോഗ ആശുപത്രിയിലെ മെഡിക്കൽ സംഘം. പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിച്ച മൂന്ന് വയസായ കുവൈത്തി പെൺകുട്ടിയെ ആണ് വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് രക്ഷിച്ചത്. ഹൃദയമിടിപ്പ് പുനഃസ്ഥാപിക്കുന്നതിനും കുട്ടിയുടെ അവസ്ഥ സ്ഥിരപ്പെടുത്തുന്നതിനും ഈ സാങ്കേതിക വിദ്യ സഹായിച്ചു. വിദഗ്ധ പരിചരണത്തിന് ശേഷം കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
പെൺകുട്ടിക്ക് ഹൃദയപേശികളുടെ കഠിനമായ വീക്കവും വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും ഉണ്ടായിരുന്നുവെന്ന് ഹൃദ്രോഗ ആശുപത്രിയിലെ പീഡിയാട്രിക് കാർഡിയോളജിസ്റ്റും തീവ്രപരിചരണ വിദഗ്ധനുമായ ഡോ. അബ്ദുൾ അസീസ് അൽ അസിമി പറഞ്ഞു. നൂതനമായ വിഎ ഇസിഎംഒ സാങ്കേതികവിദ്യ ഉപയോഗിച്ച് കാർഡിയോപൾമോണറി റിസസിറ്റേഷൻ ഉടനടി ആരംഭിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
