വാര്‍ത്താ പുരാണം
പി എ അലക്സാണ്ടര്‍
കൊത്തിക്കൊത്തി മുറത്തില്‍ കയറി കൊത്തരുത് എന്നൊരു പഴഞ്ചൊല്ലുണ്ട്. പണ്ടുകാലത്ത് വീട്ടില്‍ മുത്തശ്ശിമാര്‍ വളര്‍ത്തുന്ന കോഴിക്കുഞ്ഞുങ്ങള്‍ക്ക് മുറത്തില്‍ കൊണ്ടുവന്ന് വിതറി കൊടുത്ത് ബാക്കിയുള്ള നെല്ല് മുറത്തില്‍ തന്നെ താഴെ വെച്ചിട്ട് കോഴികളോട് അവര്‍ ഒരു മുന്നറിയിപ്പ് നല്‍കും. കുത്തിക്കൊത്ത് മുറത്തില്‍ കയറിക്കൊത്തരുതെന്ന് ആണ് ആ ചൊല്ല്. എന്നാല്‍ അത് കേള്‍ക്കാതെ ഏതെങ്കിലും ഒരു കോഴിക്കുഞ്ഞ് മുറത്തില്‍ കയറി കൊത്തിയിട്ടുണ്ടെങ്കില് അതിന് സൂപ്പ് വച്ച് അങ്ങ് കുടിക്കുമായിരുന്നു മുത്തശ്ശി. അനുസരണക്കേട് കാണിക്കുന്നവര്‍ക്കുള്ള അനുഭവമാണ് ഈ പഴഞ്ചൊല്ല്. ഈ പഴഞ്ചൊല്ലിനെ അല്ലു അന്വര്‍ത്ഥം ആക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെയും സിഐടിയുവിന്റെയും നേതൃത്വം എന്ന് കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അമ്മുക്കുട്ടിയുടെ പക്ഷം. അവര്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തോടും തൊഴിലാളി സമരങ്ങളോടും ഉള്ള ആറ്റിറ്റിയൂഡ് ഈ പഴഞ്ചൊല്ല് പോലെയാണ്.
‘ഒരു തത്വശാസ്ത്രത്തില്‍ തൈ നട്ടു ഞാന്‍ എന്നും പിഴുതു നോക്കുന്നുവേ അണ്ണാന്’ എന്ന് പണ്ടൊരു കവി പാടിയിട്ടുണ്ട്. അതുപോലെയാണ് ഇന്ന് കേരളത്തിലെ സിഐടിയു നേതൃത്വത്തിന്റെ നിലപാട്. നമുക്ക് അതേപ്പറ്റി കൂടുതല്‍ ഒന്ന് ചിന്തിച്ചു നോക്കാം. സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന ജീവന് മരണ സമരത്തെ അപമാനിച്ച് താഴ്ത്തി കെട്ടാന്‍ സിഐടിയു നേതാക്കളായ ഇളമരം കരീം , ഇ പി പ്രേമ, സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് തുടങ്ങി പലരും ശ്രമിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഗോവിന്ദന് ആണ് ചൂട്ടുപിടിച്ചു കൊടുക്കുന്നത്.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെയും ആക്ഷേപിച്ച് പല്ലിട ഈര്‍ക്കില്‍ കുത്തി മണപ്പിക്കാന്‍ ആണ് സിപിഎം നേതാക്കളുടെ പുറപ്പാട്. ഇത് അവര്‍ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയും. തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരും പറഞ്ഞ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ഗ്ഗ സംഘടനയായ സിഐടിയു തന്നെ എല്ലുമുറിയെ ദിവസവും മുഴുവന്‍ പണിയെടുക്കുന്ന വനിതകളോട് തന്നെ ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് തളര്‍ത്തുന്നത് അപമാനകരവും ധാര്‍ഷ്ട്യവും ആണെന്നാണ് അമ്മുക്കുട്ടിക്ക് തോന്നുന്നത്. ഇതെന്ത് കമ്മ്യൂണിസ്റ്റ് ആണ് എളമരം സഖാവേ? എന്നാണ് അപ്പുക്കുട്ടന് ചോദിക്കുന്നത്.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്നെ കാലുവാരിയതിനു സഖാക്കളോടുള്ള പക സിപിഎമ്മിന്റെയും സിഐടിയുവിന്റെയും മുതിര്‍ന്ന നേതാവായ മുന്‍ മന്ത്രിയും എക്സ് എം പി യുമായ എളമരം സഖാവിന് ഉണ്ടെന്നുള്ളത് സത്യമാണ്. അതൊന്നും തെല്ലും കുറഞ്ഞിട്ടില്ല എന്ന് വ്യക്തം. തൊഴിലാളി സഖാക്കളും കമ്മ്യൂണിസ്റ്റ് അണികളും ഒത്തുകൂടി തനിക്കെതിരെ ബൂര്‍ഷ്വാകളുടെ ചേരിയിലേക്ക് മാറിപ്പോയി വോട്ട് ചെയ്താണ് എളമരം കരീമിനെ തോല്‍പ്പിച്ചത് എന്നാണ് അദ്ദേഹത്തിന്റെ പക. ഒന്നര ലക്ഷം വോട്ടിനാണ് എളമരം കരീം കോഴിക്കോട് പാര്‍ലമെന്റ് സീറ്റില്‍ തോറ്റു അമ്പിയത്. എം ജെ രാഘവന് എന്ന യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ബൂര്‍ഷ്വാസി ആയിട്ട് പോലും കമ്മ്യൂണിസ്റ്റുകാരില്‍ ഒരു വിഭാഗം അയാള്‍ക്ക് അനുകൂലമായി വോട്ട് കുത്തി എന്ന് അപ്പുക്കുട്ടന് അറിയാം.
സ്വന്തം വിപ്ലവ പ്രസ്ഥാനമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപമാനിക്കാനാണോ ആശാവര്‍ക്കര്‍മാരെ കരീം സഖാവ് ആയുധമാക്കിയത്? അയ്യോ കഷ്ടം എന്ന് പറഞ്ഞു കൊണ്ടാണ് പ്രതിപക്ഷവും വലതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിഐടിയു, എഐടിയുസിയും മറ്റുമൊക്കെ ഇവര്‍ക്കെതിരെ ഉറഞ്ഞുതുള്ളുന്നത്. എങ്കിലും സഖാക്കളെ, കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തെ ഇങ്ങനെ അപമാനിക്കരുത് ആയിരുന്നു എന്നാണ് അമ്മുക്കുട്ടിക്ക് പറയാനുള്ളത്.
ആശാവര്‍ക്കര്‍മാരുടെ സംഘടന പാട്ടപിരിവുകാരാണെന്ന് കരിം സഖാവ് തീര്‍ത്തു പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമര നേതാവ് മിനി സാംക്രമികരോഗം പടര്‍ത്തുന്ന വെറും കീടമാണ് എന്നാണ് എളമരം കരീമിന്റെ പക്ഷം. എളമരത്തിന്റെ അനുയായി ഹര്‍ഷ കുമാറും ഒട്ടും കുറച്ചില്ല. ഇതേപോലെ അദ്ദേഹം തട്ടിവിട്ടു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയായി പിസി ഹര്‍ഷകുമാര്‍.
ബക്കറ്റ് പിരിവ് ശീലിച്ചവര്‍ക്ക് പാട്ടപ്പിരിവിനോട് പുച്ഛം. ട്രേഡ് യൂണിയനും യൂണിയന് ട്രേഡിങ്ങും വിജയിച്ചാലെ തൊഴിലാളി സംഘടനയുടെ മുതലാളി ആകാനാവൂ. ഒരു കോടി രൂപയെങ്കിലും സമ്പാദ്യവും 30 ലക്ഷം എങ്കിലും പ്രതിമാസ വരുമാനവും ബാക്കി കുറെ ബാങ്കിലും പോക്കറ്റില്‍ ഒരു ലക്ഷവും ഉണ്ടെങ്കിലേ ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആകാന്‍ പറ്റൂ. അതിന് അവര്‍ക്ക് ഭരണം വേണം, തുടര്‍ഭരണം തന്നെ വേണം. അത്താഴ പട്ടിണിക്കാരെ എന്തിനും തള്ളി പറഞ്ഞെങ്കില്‍ അല്ലേ ഇതൊക്കെ നടക്കൂ. പുച്ഛിക്കാനും ഇപ്പോള്‍ നല്ല കഴിവാണ് സിഐടിയുകാര്‍ക്ക്. അപ്പുക്കുട്ടന്റെ പക്ഷം ഇതാണ്. തേളിന്റെ വാലിലും തേനീച്ചയുടെ തലയിലും മൂര്‍ഖന്‍ പാമ്പിന്റെ പല്ലിനുമാണ് വിഷം. എന്നാല്‍ എളമരം കരീമിനും സിഐടിയു സംസ്ഥാന സെക്രട്ടറിക്കും ശരീരം മുഴുവന്‍ കാളകൂട വിഷമാണ് ഉള്ളത് എന്ന് അപ്പുക്കുട്ടന് പറയുന്നു.
എളമരത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു അബദ്ധം പറ്റി. ആശാവര്‍ക്കര്‍മാര്‍ക്ക് വേതനം പതിനായിരം രൂപ പ്രതിമാസം ആക്കണമെന്ന് അന്ന് ഉമ്മന്‍ചാണ്ടിയോട് എളമരം കരീം ആവശ്യപ്പെട്ടത് സമരത്തിലൂടെയാണ്. ഇത് മറന്നുപോയോ സഖാവേ? അതോ വിഴുങ്ങിയതോ? എന്നാണ് ആവര്ക്കര്മാര് ഇപ്പോള്‍ ചോദിക്കുന്നത്. അതൊക്കെ ഭരണത്തില്‍ ആകുന്നതിനു മുന്‍പ് അങ്ങ് പറഞ്ഞു പോയതാണ്. തുടര്‍ഭരണം കിട്ടാന്‍ വേണ്ടിയാണ് അന്ന് പറഞ്ഞതും. ഉമ്മന്‍ചാണ്ടിക്ക് പറ്റിയ തെറ്റ് ഒക്കെ തിരുത്തി ശരിയാക്കാം എന്നാണ് അന്ന് തെരഞ്ഞെടുപ്പ് സമയത്ത് എളമരം കരീം പറഞ്ഞത്. അതൊക്കെ അന്നല്ലേ. ഇപ്പോള്‍ ഒന്‍പതു വര്‍ഷം കഴിഞ്ഞില്ലേ. ഇപ്പോ അതൊക്കെ മറന്നുപോയി സഖാക്കന്മാര്. അഭിപ്രായം ഇരുമ്പുലക്ക അല്ലല്ലോ. അതുകൂടെകൂടെ മാറി കൊണ്ടിരിക്കും.
കാല് നൂറ്റാണ്ടിന്റെ തുടര്‍ഭരണമാണ് ഇപ്പോള്‍ സിപിഎം പ്രതീക്ഷിക്കുന്നത്. അതിനുവേണ്ടിയിട്ടാണ് ഈ കളികളൊക്കെ നടത്തുന്നത്. ഇങ്ങനെയുള്ളപ്പോള്‍ എങ്ങനെ തൊഴിലാളി വര്‍ഗ്ഗത്തെ വിശ്വസിക്കാനാകും. കോര്‍പ്പറേറ്റുകളും മുതലാളിമാരും വ്യവസായി മാരും കരിഞ്ചന്തക്കാരും റൗഡികളും കൂടെ നിന്നെങ്കില്‍ അല്ലേ ഈ ഒരു തുടര്‍ഭരണം ലഭിക്കൂ..
പണമൊക്കെ അവരുടെ കയ്യില്‍ അല്ലേ. ഈ തൊഴിലാളി വര്‍ഗ്ഗത്തിന് എന്ത് പണം. ഇനി അവരുടെ കൂടെ സമരത്തിന് നില്ക്കുകയാണെങ്കില് അവരെ കൂട്ടുപിടിച്ചാല്‍ അവര്‍ പിന്നെയും സമരം ചെയ്യും. വെറുതെ കാശ് കൂട്ടി കൊടുക്കേണ്ടിവരും. അതിനി പറ്റില്ല. നമ്മളൊക്കെ ഭരണത്തില്‍ കയറിയാല്‍ മുതലാളിമാര്‍ ആകണ്ടേ. എങ്കില്‍ അല്ലേ നമുക്കും നല്ല പത്രാസ് ആയി നടക്കാന്‍ സാധിക്കു. സമരങ്ങളെ തച്ചുടച്ചാലെ മുന്നോട്ട് നീക്കാന്‍ ഒക്കു. അതിനു തുടര്‍ഭരണം തന്നെ വേണ്ടേ. എന്നാണ് അമ്മുക്കുട്ടി ചോദിക്കുന്നത്. സമരം ചെയ്താല്‍ വിജയിക്കുമെന്ന് തൊഴിലാളിവര്‍ഗ്ഗം വിശ്വസിച്ചാല്‍ അത് ഭാവി തുടര്‍ഭരണത്തിന് പൊല്ലാപ്പായ് തരില്ലേ. ഇങ്ങനെയാണ് എളമരം കരീമിന്റെ അഭിപ്രായം. അതുകൊണ്ട് സമരം തുടര്‍ന്നാണ് ജോലി നഷ്ടപ്പെടും എന്ന് സിഐടിയു നേതാക്കന്മാര് ആശാവര്‍ക്കര്‍മാരോട് ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉള്ളില്‍ ഇരിപ്പാണ് സിഐടിയു നേതാക്കള്‍ പറയുന്നതെന്ന് നമ്മള് മനസ്സിലാക്കണം. സിഐടിയു നേതാക്കള്‍ ഒക്കെ കൊത്തി കൊത്തി മുറത്തില്‍ കയറി കൊത്തി എന്ന് പറയേണ്ടിവരും. അതുകൊണ്ടാണല്ലോ സുരേഷ് ഗോപി കുടയ്ക്കൊപ്പം ഉമ്മയും കൊടുത്തു എന്ന് സിഐടിയു നേതാവ് ഗോപിനാഥന് ഒരു സംശയം.
സിപിഎമ്മിന്റെ മുന്നണി കൂടിയായ സിപിഐക്ക് വല്യേട്ടന്റെ ഉള്ളു മനസ്സിലായിട്ടുണ്ട്. ആശാവര്‍ക്കര്‍മാരുടെ സമരത്തെ വിമര്‍ശിക്കുന്നവര്‍ സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുതെന്നാണ് ബിനോയ് വിശ്വം പറഞ്ഞിട്ടുള്ളത്. സിപിഐക്ക് എല്ലാത്തിനും അഭിപ്രായമുണ്ട്. പക്ഷേ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കും.. അതാണ് സിപിഐ. വല്യേട്ടന് കണ്ണുരുട്ടിയാല്‍ നിലപാട് മാറ്റാനല്ലേ സിപിഐ പറ്റൂ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ കയ്യാലപ്പുറത്തെ തേങ്ങ പോലെ അവിടെ ഇരുന്നെങ്കിലെ വല്യേട്ടന് സീറ്റ് കൊടുക്കു. പെട്ടെന്ന് മറ്റൊരു പക്ഷത്തേക്ക് മറിയാനും കഴിയില്ല. അതുകൊണ്ടാണ് വല്യേട്ടന്റെ കൂടെ തന്നെ നില്‍ക്കുന്നതാണ് നല്ലത് എന്ന് സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ അഭിപ്രായം.
പക്ഷേ അവിടെ ഇസ്മായില്‍ എന്നൊരു പഹയന് ഉണ്ട്. ആ പഹയന് പതുക്കെ മുന്നണിയില്‍ നിന്ന് ബിനോയ് വിശ്വത്തെ ചാടിക്കാന്‍ നോക്കുന്നുണ്ട്. ബിനോയ് ഒക്കെ ഇത് എത്ര കണ്ടതാണ്. ബിനോയ് ഇതൊന്നും ഭയപ്പെടില്ല. വല്യേട്ടന്റെ കൂടെ തന്നെ ബിനോയ് നില്ക്കും.
