മോഹന്‍ കെ കൃഷ്ണന്
ആശകളുടെ അതിജീവന പോരാട്ടങ്ങളെ തകര്‍ക്കാന്‍ ഒരു പ്രതിലോമ ഭരണകൂടവും ചില ട്രേഡുയൂണിയന്‍ മാടമ്പിമാരും കോടാലിക്കൈകളാകുന്നു. അതും അന്താരാഷ്ട്ര വനിതാ ദിന പശ്ചാത്തലത്തില്‍, ഒരു മാര്‍ക്കറ്റിങ് ബ്രാന്‍ഡ് വനിതകള്‍ക്കു സമര്‍പ്പിക്കുന്ന നവ്യോപഹാരം!
വനിതകളെ വല്ലാതങ്ങു ശാക്തീകരിക്കാന്‍ കോട്ടയും മതിലും കട്ടിളയും പണിഞ്ഞവര്‍ ഇപ്പോള്‍ മുതിര്‍ന്ന ആശമാരെ അടക്കം മഞ്ഞത്തും മഴയത്തും പൊരിവെയിലിലും നിര്‍ത്തി പരീക്ഷിക്കുന്നു.പാതിരാവില്‍ അവരുടെ സമരപ്പന്തല്‍ പൊളിക്കുന്നു. തെരുവു വിളക്കുകള്‍ കെടുത്തുന്നു.പേരടിച്ചു വരാന്‍ പുലഭ്യം പറയുന്നു. കന്നം തിരിവുകള്‍ കാട്ടുന്നു. സര്‍ക്കാര്‍ അതിന്റെ മൃഗീയത പുറത്തെടുക്കുന്നു. ശശി സ്റ്റൈല്‍ അരങ്ങേറ്റങ്ങള്‍. കൊല്ലുന്ന രജാവിനു തിന്നുന്ന ഡയറക്ട് റിക്രൂട്ടിയും!
പ്രോഗ്രസ് റിപ്പോര്‍ട്ടുകള്‍ ആഘോഷപൂര്‍വ്വം എഴുന്നള്ളിക്കുന്നവര്‍ പ്രകടനപത്രികയിലെ ആശമാര്‍ക്കുള്ള 700 രൂപ വര്‍ദ്ധനവിന്റെ വാഗ്ദാനം വെള്ളം തൊടാതെ അങ്ങു വിഴുങ്ങുന്നു .എന്നിട്ട് ചപ്പടാച്ചി തട്ടി വിടുന്നു. പിഎസ് സി ചേട്ടന്മാര്ക്കും ദില്ലിയിലെ പ്രഫസര്‍ അങ്കിളിനും കൂട്ടി കൊടുത്ത തുക മാത്രം മതിയാകും26000 ആശമാര്‍ക്ക് ആയിരമോ രണ്ടായിരമോ വര്‍ദ്ധിപ്പിക്കാന്‍.മാമന്മാക്ക് കാറു വാങ്ങാനും മാറ്റി വെച്ചിട്ടുണ്ട് നൂറു കോടി! കേന്ദ്ര വിരുദ്ധം പറഞ്ഞ് അലമ്പാതെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മാത്രം ഒഴിവാക്കിയാല്‍ പ്രശ്നങ്ങള്‍ പാതി പരിഹരിക്കാം.
അരാജക വാദികളുടെ സമരം എന്നാണ് ക്യാപ്സൂള്‍. ഈ ബുദ്ധി ഒരു കരിയറിസ്റ്റിന്റെതെന്നു വ്യക്തം. അരാജകവാദികളും ഗേകളും ഹിപ്പികളും ചില കമ്യൂണിസ്റ്റുകളും പണിതതായിരുന്നു നാം മൈക്കില്‍ കൊട്ടിപ്പാടുന്ന ചിക്കാഗോ ! വിപ്ളവം നടക്കുമ്പോള്‍ റഷ്യയിലെ ഈര്‍ക്കിലായിരുന്നു പാര്‍ട്ടി.എല്ലാം വാട്ട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ ലഭ്യവുമല്ല.
സമയത്തും കൃത്യതയോടും കണക്കു നല്‍കാതെ, വകമാറ്റിയും തരികിട കാട്ടിയും പെരുപ്പിച്ച ഡാറ്റയുമാണ് കേന്ദ്ര വിഹിതത്തിന്റെ കേരള മോഡല്‍. ഈ പദ്ധതികളിലെ നിയമനങ്ങളെല്ലാം ഇഷ്ടദാനങ്ങളാകുന്നു. ഈ രീതീ മാറണം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കേന്ദ്രം തന്നെ നേരിട്ടു സംസ്ഥാനങ്ങളില്‍ നിര്‍വഹിക്കുവാനും വിഹിതം നേരിട്ട് ഗുണഭോക്താക്കളില്‍ എത്താനും കഴിയണം.
അറുന്നൂറോളം നാട്ടുരാജ്യങ്ങള്‍ നിലനിന്നിരുന്ന ഒരു പ്രത്യേക ചരിത്ര സന്ദര്‍ഭത്തില്‍ ഫെഡറലിസം ഇവിടെ അനിവാര്യമായിരുന്നു. ദേശീയ സര്‍ക്കാരിനെ നിരന്തരം പഴിച്ചു കൊണ്ടു സങ്കുചിത പ്രാദേശിക വികാരങ്ങള്‍ക്കു തീ പകരുമ്പോള്‍ ജ്വലിക്കേണ്ടതു ഫെഡറലിസമല്ല യൂണിറ്ററിയാണ്. ഉദാര ജനാധിപത്യം മറയാക്കി രാഷ്ട്രത്തെയും അതിന്റെ നയങ്ങളെയും ഭരണാധികാരികളെയും ശത്രുക്കളെയെന്ന പോലെ താറടിക്കാന്‍ നമുക്ക് എന്തവകാശമാണുള്ളത്? ഇത് ചൈനയിലും റഷ്യയിലും സൗദിയിലൂം നടക്കുമോ? വിലപ്പോകൂമോ? വിവരമറിയും.
കാലഹരണപ്പെട്ട ആശയങ്ങളും മൂല്യങ്ങളും ഗോത്രാചാരങ്ങളും കുടിപ്പകയും ഫ്യൂഡല്‍ മനോഘടനയുമാണ് ഈ നാടിന്റെ എന്നത്തയും ഉള്ളടക്കം.മറ്റുള്ളവരില്‍ നിന്നും എല്ലാം കവര്‍ന്നും പുറമേ കുറ്റം പറഞ്ഞും കൂപമണ്ഡൂകങ്ങളായി തുടരാന്‍ സ്വയം വിധിക്കപ്പെട്ടവരാണ് മലയാളികള്‍! വമ്പു പറയാനും വീമ്പടിക്കാനും മിടുമിടുക്കര്‍. പൊട്ടി പാളീസായ രാഷ്ട്രീയ തിമിരത്തില്‍ സ്വയമൊടുങ്ങുന്ന ജനതതി.. വസ്തു നിഷ്ഠ യാഥാര്ത്ഥ്യങ്ങല്ല വൈകാരികതയായിരുന്നു ഈ നാടിന്റെ നിര്‍ഭാഗ്യ ജാതകം. മൂന്നും കൂട്ടി മുറുക്കിയപ്പോള്‍ ഇവിടം ചുവന്നു എന്ന് വൈലോപ്പിള്ളി .പിന്നെ കേരളം രക്ഷപ്പെട്ടിട്ടേയില്ല. നിറം പിടിപ്പിച്ച ടാര്സന് കഥകളില്‍ പെട്ടുപോയ കുറെ ജന്മങ്ങള്!
ഇവിടെ കാലാകാലങ്ങളില്‍ പൊട്ടിമുളച്ച എല്ലാ സാര്‍ത്ഥക തുടിപ്പുകളെയും അതിക്രൂരമായാണ് ചവിട്ടിയരക്കപ്പെട്ടത്. അതിനവര്‍ വ്യാജം ചമച്ചു. ഊരു വിലക്കി. കുടുംബത്തു കയറി ഭീഷണിപ്പെടുത്തി. തനി ഫാസിസ്റ്റു രീതിശാസ്ത്രം! രാജ്യത്ത് പടവലങ്ങാ മാതൃകയില്‍ പന്തലിച്ചു മുടിഞ്ഞവര് നിര്‍ലജ്ജം പുതിയ ഈര്‍ക്കില്‍ സിദ്ധാന്തം അവതരിപ്പിക്കുന്നു. തലപ്പണവും മുലപ്പണവും ആവശ്യപ്പടൂന്നവര് ലക്ഷണമൊത്ത. വധാര്ഹനുമായ മാടമ്പിയും വിടനുമല്ലാതെ മറാറാരാകും?
പാര്‍ട്ടി പത്രത്തിനും അമ്മച്ചിയുടെ ഉളുക്കിനും നിക്കരാഗ്വക്ക് നിക്കറിടാനും പാട്ടപ്പിരിവ് നടത്തി ഉപജീവിച്ചവര്ക്ക് ഇന്നു പാട്ടപ്പിരിവില് പരമപുച്ഛം! 700 കോടി വിറ്റുവരവുള്ള എന്റിറ്റിക്കു പുറത്താണ് മച്ചമ്പിമാരുടെ പേഴ്സണല്‍ ബെനിഫിറ്റ് സ്കീം. കോടിശ്വരന്മാരുടെ മൂലധന താത്പര്യ സംരക്ഷണത്തിനുള്ള നോക്കു കൂലിയാണ് പാര്‍ട്ടിക്കുള്ള സംഭാവനകള്‍.ദില്ലിയില്‍ ആകെ2000 വോട്ടു പോലും പിടിക്കാത്തവരുടെ
മുയലിനൊ.പ്പം കളിക്കുകയും നായക്കൊപ്പം നായാടുകയും ചെയ്യുന്ന ഈ ഗീര്‍വാണ ബാലന്മാരാണ് പത്തായങ്ങള്‍ തീര്‍ത്ത ആദ്യ പഥികര്‍. പാര്‍ട്ടിക്കു വിത്തമാര്ഗം തെളിച്ചവര്‍. സാദാ മുതലാളിയുടെ തലയില്‍ കയറി നിരങ്ങാനും ടാറ്റക്കും ബിര്‍ലക്കും കാവലാകാനും പഠിച്ച വേന്ദ്രന്മാര്! അതും ആഗോളികരണത്തിനു മുമ്പ്.
തോട്ടമുടമകളില്‍ നിന്നും മാസപ്പടിയും സൗജന്യ ക്വാര്‍ട്ടേഴ്സും. കയറിലും കശുവണ്ടിയിലും വെടക്കാക്കി തനിക്കാക്കി. നോക്കു കൂലിയും ഗുണ്ടായിസവും ദേശീയ വാര്‍ത്തയാക്കി തൊഴിലാളികള്‍ അവരുടെ ദൗത്യം പൂര്‍ത്തീകരിച്ചു. അതിമോഹം കിനാലൂരില്‍ അടിപതറി. ആദ്യം വെട്ടിയിട്ടത് പിടിച്ചു കയറ്റിയ കൈകളെ.പിന്നെ എണ്ണിയാല്‍ തീരാത്ത ക്ഷേമ വൈഖരികള്‍! പിന്നെ അക്കയായും ഇക്കയായും പകര്‍ന്നാട്ടം.ഒടുവില്‍ ബ്രാന്‍ഡില്‍ ഉടുത്തുകെട്ടി,പാവപ്പെട്ട ജീവനക്കാരന്റെ കൈയ്യൊടിച്ച് വീരകേളി!.
അക്രമം,അരാജകത്വം,വര്‍ഗീയത,പരദ്രോഹം,ജനവിരുദ്ധത,വെട്ടിനിരത്തല്‍,കപടത,സുഖദ ജീവനം ഇവയൊക്കെയും സമാസമം ചാലിച്ചെടുത്താല്‍ ഇവിടുത്തെ പടനായകരെ നമുക്കു പറിച്ചെടുക്കാം.
ദേശിയ തലത്തിലും സംസ്ഥാന തലത്തിലും തൊഴിലാളി സംഘടനകള്‍ക്കു കൂട്ടായ്മകളുണ്ട് താന്‍പോരിമയാണ് ഇവിടെ മുഖ്യ അജണ്ട… സംയുക്ത പൊതുയോഗങ്ങളില്‍ ആളൊഴിയും വരെ വല്ല്യേട്ടന് പ്രസവിച്ചു മറിക്കും. ഇതരര്‍ക്ക് കൊടിയും മടക്കി ഐക്യത്തിന്റെ അനിവാര്യത പേര്‍ത്തൂം പേര്‍ത്തും സ്മരിച്ചു തിരികെ നടക്കാം.
ബോറടിക്കുമ്പോള്‍ ദില്ലിയില്‍ യൂണിയനുകളുടെ കാമ്പയിന് കമ്മിറ്റി ഒത്തുകുടും. മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിലവിളിക്കും.വാര്ഷികാനുഷ്ഠാനമായ ദേശീയ പണിമുടക്കം പ്രഖ്യാപിക്കും .സഹ്യനപ്പുറം വേവാത്ത ആ പരിപ്പ് ഇനി ഇവിടെ തന്നെ അണ്‍ലോഡു ചെയ്യാം.!
