ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കുവാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിന് പിന്നാലെയായിരുന്നു പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. അഞ്ച് വർഷത്തേക്കാണ് പോപ്പുലർ ഫ്രണ്ടിനും ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയത്. സമാനരീതിയിൽ എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപകമായി റെയ്ഡ് നടത്തി.
2007 ൽ ആണ് പിഎഫ്ഐ രൂപീകരിക്കുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലിം സംഘടനകൾ കൂടിച്ചേർന്നായിരുന്നു ദേശീയ തലത്തിൽ പിഎഫ്ഐ എന്ന സംഘടനയുടെ രൂപീകരണം. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഇൻ കേരള (എൻഡിഎഫ്), കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെഎഫ്ഡി), തമിഴ്നാട്ടിലെ മനിത നീതി പാസറൈ (എംഎൻപി) എന്നീ സംഘടനകൾ ചേർന്നാണ് പിഎഫ്ആയുടെ ഉദയം. 2006 ൽ കോഴിക്കോട് നടന്ന യോ?ഗത്തിലാണ് മൂന്ന് സംഘടനകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള തീരുമാനം ഉണ്ടാകുന്നത്. 2007 ഫെബ്രുവരി 16ന് ബെംഗളുരുവിൽ നടന്ന ‘എംപവർ ഇന്ത്യ കോൺഫറൻസ്’ എന്ന് പേരിട്ട റാലിയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് (സിമി)യുടെ നിരോധനത്തിന് ശേഷമാണ് പിഎഫ്ഐ രൂപീകരിക്കപ്പെട്ടത്. 2001ൽ ആണ് സിമി നിരോധിക്കപ്പെട്ടത്.
തുടക്കത്തിൽ, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണ് സംഘടനയുടെ ലക്ഷ്യമെന്നായിരുന്നു പിഎഫ്ഐ വ്യക്തമാക്കിയിരുന്നത്. പിഎഫ്ഐ നിരോധനം വരെയും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ല. ആർഎസ്എസിനെയും വിഎച്ച്പിയെയും പോലെ മതകാര്യങ്ങളിൽ മാത്രമാണ് നേരിട്ട് പ്രവർത്തിച്ചിരുന്നത്. മാത്രമല്ല, പിഎഫ്ഐ ഒരിക്കലും തങ്ങളുടെ അംഗങ്ങളുടെ റെക്കോർഡ് സൂക്ഷിക്കാറില്ലായിരുന്നു. ഇതിനാൽ തന്നെ കുറ്റകൃത്യങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ സംഘടനയിലേക്ക് എത്തുന്നത് പൊലീസിനും ഏജൻസികൾക്കും എളുപ്പമായിരുന്നില്ല. 2009ലാണ് പിഎഫ്ഐയിൽ നിന്ന് എസ്ഡിപിഐ എന്ന സംഘടന പുറത്തുവരുന്നത്. രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ടും തെരഞ്ഞെടുപ്പിൽ സാന്നിധ്യമായും പിന്നീട് ഇത് മാറി. എസ്ഡിപിഐയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ അടിത്തട്ടിൽ പിഎഫ്ഐ സാന്നിധ്യം പ്രകടമായിരുന്നു. ഈ കാരണം തന്നെയാണ് പോപ്പുലർ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐയെയും നിരോധിക്കുവാനുള്ള വടിയായി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നത്.
2024 സെപ്റ്റംബർ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുഎപിഎയുടെ സെക്ഷൻ 3(1) ഉപയോഗിച്ച് പിഎഫ്ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിച്ചത്. തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും തീവ്രവാദ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും ചൂണ്ടികാട്ടിയായിരുന്നു ഉത്തരവ്. പോപ്പുലർ ഫ്രണ്ടിന്റെ അതേ ലക്ഷ്യങ്ങൾ തന്നെയാണ് എസ്ഡിപിഐക്കും ഉള്ളതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എസ്ഡിപിഐയെ നിയന്ത്രിക്കുന്നതും ദൈനംദിന പ്രവർത്തനത്തിന് പണം നൽകുന്നതും പോപ്പുലർ ഫ്രണ്ട് ആണെന്നും പണം പിരിച്ചതിന്റെയും വിനിയോഗിച്ചതിന്റെയും തെളിവുകൾ ലഭിച്ചതായും ഇ ഡി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. രാജ്യവിരുദ്ധ, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സ്വരൂപിച്ച ഫണ്ട് എസ്ഡിപിഐക്ക് ലഭിച്ചെന്ന് ഇ ഡി ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.
രണ്ട് സംഘടനകൾക്കും ഒരേ നേതൃത്വവും അണികളുമാണ്. നയരൂപീകരണം, തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കൽ, പൊതു പരിപാടികൾ, കേഡർ മൊബിലൈസേഷൻ, എന്നിവയ്ക്കെല്ലാം എസ്ഡിപിഐ പിഎഫ്ഐയെ ആശ്രയിച്ചിരുന്നുവെന്നും ഇ.ഡി പറയുന്നു. കോഴിക്കോട് പോപ്പുലർ ഫ്രണ്ടിന്റെ ആസ്ഥാനത്ത് നിന്നും തെളിവുകൾ കണ്ടെത്തിയതായും ഇഡി വെളിപ്പെടുത്തി. എസ്ഡിപിഐക്ക് വേണ്ടി വിദേശ രാജ്യങ്ങളിൽ നിന്നടക്കം പോപ്പുലർ ഫ്രണ്ട് പണം പിരിച്ചു. തിരഞ്ഞെടുപ്പ് ചെലവുകൾക്കായി 3.75 കോടി രൂപ നൽകിയതിന്റെ രേഖകൾ ലഭിച്ചു. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസി കൈപ്പറ്റി. 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ലെന്നും ഇ.ഡി വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച രാത്രി എം.കെ ഫൈസിയെ ഇ.ഡി ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഫൈസിയെ ഡൽഹിയിൽ എത്തിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തി. നിയമവിരുദ്ധവും തീവ്രവാദപരവുമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി സംശയിക്കുന്ന സംഘടനകളുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലകൾ തകർക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കിയത്. അദ്ദേഹം ഇപ്പോൾ ഇ.ഡിയുടെ കസ്റ്റഡിയിലും ആണ്.
അതേസമയം, പോപ്പുലർ ഫ്രണ്ടിന് ഇന്ത്യയ്ക്ക് പുറത്തും നിരവധി അംഗങ്ങൾ ഉണ്ടെന്ന കണ്ടെത്തിലും അന്നുണ്ടായിരുന്നു. 13,000ത്തിലധികം സജീവ അംഗങ്ങളുണ്ടായിരുന്നുവെന്നായിരുന്നു അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. സിങ്കപ്പുർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, യു.എ.ഇ. തുടങ്ങിയ രാജ്യങ്ങളിലാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഗൾഫ് രാജ്യങ്ങളിലെ മുസ്ലിം പ്രവാസികൾക്കായി പി.എഫ്.ഐ. ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റികൾ രൂപീകരിച്ചതായി ഇ.ഡി. പറയുന്നു. കോടിക്കണക്കിന് രൂപയുടെ ഫണ്ട് ശേഖരണമാണ് ഇതുവഴി ലക്ഷ്യംവയ്ക്കുന്നത്. വിദേശത്തുനിന്നു സമാഹരിച്ച തുക ഹവാല ഇടപാടിലൂടെ ഇന്ത്യയിലെത്തിക്കും.ഈ രീതിയിൽ എത്തുന്ന പണത്തിന്റെ ഉത്ഭവം കണ്ടെത്താനാവില്ല. പണം രാജ്യത്തെത്തുന്നതോടെ സംഘടനയുടെ ഭാരവാഹികളിലേക്ക് ഈ തുകയെത്തുന്നു. തുടർന്ന്, നിയമവിരുദ്ധപ്രവർത്തനങ്ങൾക്കായി പണം ഉപയോഗിക്കുമെന്നും അന്വേഷണ ഏജൻസി അന്ന് പറഞ്ഞിരുന്നു. സംഘടനയുടെ നിരോധനത്തിനു ശേഷം ഈ പണം എസ്ഡിപിഐ ആണ് ഉപയോഗപ്പെടുത്തിയതെന്ന ആരോപണമാണ് കേന്ദ്രസർക്കാരും അന്വേഷണ ഏജൻസികളും ഇന്ന് ഉയർത്തുന്നത്.
കേസിന്റെ ഗൗരവം കോടതിയെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും അറിയിക്കുവാനുള്ള നീക്കം കേന്ദ്രസർക്കാർ തുടങ്ങിയതായി അറിയുന്നു. അതേസമയം, ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡൽഹിയിൽ അറസ്റ്റുചെയ്ത ഇ ഡി നടപടി അപലപനീയമാണെന്നാണ് എസ് ഡി പി ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫിയുടെ പ്രതികരണം. വിയോജിപ്പുകളെയും രാഷ്ട്രീയ എതിരാളികളെയും അടിച്ചമർത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. വിയോജിപ്പിന്റെ ശബ്ദം അടിച്ചമർത്താനുള്ള കേന്ദ്ര ബി ജെ പി സർക്കാരിന്റെ നടപടിയുടെ ഭാഗമാണിതെന്നും മുഹമ്മദ് ഷെഫി പ്രതികരിച്ചിരുന്നു.
