പഴുത്ത പപ്പായ ജ്യൂസ് പോലെ ഒരുപാട് ഗുണങ്ങൾ പച്ച പപ്പായയ്ക്കും ഉണ്ട്. വിറ്റാമിനുകളായ എ, സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് പച്ച പപ്പായ. പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
- ദഹനം– നാരുകളാൽ സമ്പന്നമായ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ തടയാനും സഹായിക്കും. കൂടാതെ ഗ്യാസ് കയറി വയറു വീർത്തിരിക്കുന്ന അവസ്ഥയെ തടയാനും കുടലിൻറെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ആണ് ഇതിന് സഹായിക്കുന്നത്.
- ചർമ്മം– വിറ്റാമിൻ സി, ഇ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കൊളാജൻ ഉൽപാദിപ്പിക്കാനും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
- വണ്ണം കുറയ്ക്കാൻ– ഫൈബർ ധാരാളം അടങ്ങിയ പച്ച പപ്പായ ജ്യൂസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. ഇവയിൽ കലോറിയും വളരെ കുറവുമാണ്.
- രോഗ പ്രതിരോധശേഷി– വിറ്റാമിൻ സി, എ, മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
- കണ്ണുകളുടെ ആരോഗ്യം– വിറ്റാമിൻ എ അടങ്ങിയ പച്ച പപ്പായ ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.
