ഉത്തര്‍ പ്രദേശിലെ ബറോലിയിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയ മകന് അമ്മയെ കൊലപ്പെടുത്തി.തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ചത് ശകാരിച്ചതിനാണ് 70 വയസുകാരിയെ അമ്മയെ മകന് കൊലപ്പെടുത്തിയത് . അരിവാളുകൊണ്ട് കഴുത്തറുത്താണ് പ്രതി കൊല നടത്തിയത്. സംഭവത്തില്‍ മകന് സുമിത് (30) നെ പൊലീസ് അറസ്റ്റ് ചെയ്തു.
സഹോദരിയുടെ വീട്ടിലെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ സുമിത് അമിതമായി മദ്യപിച്ചിട്ടുണ്ടായിരുന്നു. മദ്യപിച്ചെത്തിയതിന് അമ്മ ഇയാളെ ശകാരിച്ചു. പ്രകോപിതനായ സുമിത് അരിവാളുകൊണ്ട് അമ്മയുടെ കഴുത്തറുക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ മൃതശരീരം ചാക്കില്‍ കെട്ടി കരിമ്പിന് തോട്ടത്തില്‍ കുഴിച്ചുമൂടിയെന്നും പൊലീസ് പറഞ്ഞു.
2021 ല്‍ സോനു എന്ന സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സുമിത് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാള്‍ ലഹരിക്കടിമയാണെന്നും മാതാപിതാക്കളുമായി തര്‍ക്കം ഉണ്ടാകാറുണ്ടെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കൊലപാതകം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല
