മുംബൈ: മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ത്ഥിനികൾ വീട്ടിൽ പ്രശ്നങ്ങളുണ്ടെന്നും നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പറയുന്നു. സന്നദ്ധപ്രവർത്തകൻ സുധീറുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ജോലി ശരിയാക്കി തരുമോയെന്ന് പെൺകുട്ടികൾ സുധീറിനോട് ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത് ഫോൺ ലൊക്കേഷനാണ്. പെൺകുട്ടികളെ കണ്ടെത്തുന്നതിന് മുൻപായിരുന്നു സുധീറുമായി കുട്ടികൾ സംസാരിച്ചത്.
തങ്ങള്‍ക്ക് 18 വയസ് ആയി. വീട്ടുകാർ വയസ് കുറച്ചേ പറയൂ. ആര് പറഞ്ഞാലും വീട്ടുകാര്‍ കേള്‍ക്കില്ല. അടിക്കുകയും വഴക്ക് പറയുകയും ചെയ്യും. ആരേലും പറഞ്ഞാൽ രണ്ട് മൂന്ന് ദിവസം കുഴപ്പമില്ലാതെ പെരുമാറു. പിന്നീട് വീണ്ടും വീട്ടുകാർ പഴയതുപോലെയാകുമെന്ന് പെൺകുട്ടികൾ പറയുന്നു. എന്തെങ്കിലും സഹായം വേണമെന്ന് ചോദിക്കുമ്പോള്‍ താമസിക്കാന്‍ മുറി കിട്ടിയില്ലെന്നും ട്രെയിനിലാണെന്നും ടിക്കറ്റെടുത്തില്ലെന്നും പെണ്‍കുട്ടികള്‍ പറയുന്നുണ്ട്. അങ്കിള്‍ ജോലി ശരിയാക്കി തരുമോ എന്നും മാതാപിതാക്കള്‍ വിളിച്ചാല്‍ എന്ത് പറയുമെന്നും പെണ്‍കുട്ടികള്‍ സുധീറിനോട് ചോദിക്കുന്നുണ്ട്.അതേസമയം വീട്ടുകാരുമായി സംസാരിക്കുമ്പോൾ കുട്ടികളുമായി വലിയ പ്രശ്നങ്ങളില്ലെന്നായിരുന്നു വീട്ടുകാർ പറയുന്നു.
മുംബൈ-ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് പെൺകുട്ടികളെ കണ്ടെത്തിയത് പുലർച്ചെ 1.45ന് ലോണാവാലയിൽ നിന്നാണ്. കുട്ടികളെ തിരിച്ചറിഞ്ഞ റെയിൽവേ പൊലീസ് പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. താനൂർ പോലീസ് എത്തിയാൽ കൈമാറും. മുംബൈയിൽ നിന്നും ചെന്നൈയിലേക്കുള്ള ട്രെയിനിലായിരുന്നു പെൺകുട്ടികൾ. കുട്ടികള്‍ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. കുട്ടികളെ വൈദ്യപരിശോധനയ്ക്കായി പൂനയിലെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ നിന്ന് കെയർ ഹോമിലേക്ക് മാറ്റും. കുട്ടികളെ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിൽ എത്തിക്കും.
ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാണാതാകുന്നത്. താനൂർ ദേവദാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനികളാണ് ഇവർ. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസില്‍ പരാതി നല്കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമായിരുന്നു വിദ്യാര്‍ത്ഥിനികളുടെ വേഷം. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് മണിയോടെ വിദ്യാര്‍ത്ഥിനികള്‍ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായി.
മൊബൈല്‍ സ്വിച്ച് ഓഫ് ആകുന്നതിന് മുന്‍പായി ഇരുവരുടേയും ഫോണില്‍ ഒരേ നമ്പറില്‍ നിന്ന് കോള്‍ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്ലത്തിന്റെ പേരിലുള്ള സിം കാര്‍ഡില്‍ നിന്നായിരുന്നു കോളുകള്‍ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു. ഇതിനിടെ പെണ്‍കുട്ടികള്‍ മുംബൈയിലെ സലൂണില്‍ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹെയര്‍ ട്രീറ്റ്മെന്റിനായി പതിനായിരം രൂപയാണ് പെണ്‍കുട്ടികള്‍ സലൂണില്‍ ചെലവഴിച്ചത്. ഇതിനിടെ പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയില്‍ എത്തിയ റഹീം അസ്ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു.
