തിരുവനന്തപുരം : ഇന്ത്യയിൽ പത്ത് സംസ്ഥാനങ്ങളിലായി 14 എസ്ഡിപിഐ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് രാവിലെ 9.30-ഓടെ ആരംഭിച്ച റൈയ്ഡ് തിരുവനന്തപുരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് പുരോഗമിക്കുന്നു.
എസ്ഡിപിഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽപ്പോലും പിഎഫ്ഐ സ്വാധീനിച്ചുവെന്ന് ഇ ഡി കണ്ടെത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്.2009-ൽ സ്ഥാപിതമായ എസ്ഡിപിഐ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണെന്ന് നേരത്തേ ഇ ഡി ആരോപിച്ചിരുന്നു.
നയപരമായും സാമ്പത്തികമായും എസ്ഡിപിഐയിൽ പിഎഫ്ഐ സ്വാധീനമുണ്ട് എന്നും ഇ ഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കൈപ്പറ്റിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇ ഡി പറയുന്നു. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി ഫൈസിയെ കസ്റ്റഡിയിലെടുത്തത്.
