തിരശ്ശീലയിലെ താരമായിരിക്കുമ്പോള്‍ത്തന്നെ അത് തങ്ങളില്‍ ഒരാള്‍ തന്നെയെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അപൂര്‍വ്വം അഭിനേതാക്കളെയുള്ളൂ, ഏത് ഭാഷയായാലും. മലയാളികളെ സംബന്ധിച്ച് ആ വിശേഷണത്തിന് അര്‍ഹനായിരുന്നു കലാഭവന്‍ മണി.കൊച്ചിന് കലാഭവനിലെ മിമിക്രി ആര്‍ട്ടിസ്റ്റ് ആയും പിന്നീട് സിനിമയിലെ കോമഡി നടനായും നായകനായും സമാന്തരമായി നാടന്‍പാട്ടിനൊപ്പം ചേര്‍ത്തുവെക്കുന്ന പേരായുമൊക്കെ വൈവിധ്യമാര്‍ന്ന പ്രതലങ്ങളില്‍ മലയാളിക്ക് പ്രിയങ്കരനായ പേരുകാരന്. മലയാള സിനിമയ്ക്കും പ്രേക്ഷകര്‍ക്കും ഒരു ആഘാതമായിരുന്നു അദ്ദേഹത്തിന്റെ തികച്ചും അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത. മലയാള സിനിമയിലെ സകലകലാവല്ലഭന് കലാഭവൻ മണി ഓര്‍മയായിട്ട് ഒൻപത് വര്‍ഷം പിന്നിടുന്നു.. വ്യക്തിപരമായ ദാരിദ്യത്തെയും ജീവിതദുരിതങ്ങളെയുമൊക്കെ തന്നിലെ കലകൊണ്ട് മറികടന്ന് സൂപ്പര്‍താരമായ കലാകാരന്മാരുടെ കൂട്ടത്തിലാണ് ചാലക്കുടിക്കാരന്‍ മണിയും. രാമന്- അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായാണ് അദ്ദേഹത്തിന്റെ ജനനം.
സാമ്പത്തികമായ ഇല്ലായ്മകളുടെ ദുരിതം കണ്ടുവളര്‍ന്ന ബാല്യം.
ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തിൽ നിന്നുമാണ് കലാഭവൻ മണി സിനിമയിലെത്തുന്നത്. പാടത്തും പറമ്പിലും കൂലിപ്പണി ചെയ്തു അച്ഛൻ രാമൻ നേടുന്ന സമ്പാദ്യം പത്തുപേരടങ്ങുന്ന കുടുംബത്തെപോറ്റുവാൻ മതിയാകില്ലായിരുന്നു. ചാലക്കുടി ഗവ.ബോയ്സ് ഹൈസ്ക്കൂളിൽ പഠിക്കുമ്പോൾ തന്നെ അനുകരണകല മണിയുടെ തലയ്ക്കുപിടിച്ചിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ മോണോ അക്ടിൽ മണി യുവജനോൽസവങ്ങളിൽ മത്സരിച്ചു. 1987-ൽ മോണോ ആക്ടിൽ കൊല്ലത്തു നടന്ന സംസ്ഥാന സ്കൂൾ യുവജനോൽസവത്തിൽ ഒന്നാമനാകുവാൻ കഴിഞ്ഞത് മണിയുടെ ജീവിതത്തിന് വഴിത്തിരിവായി.
കലയേക്കാള്‍ സ്പോര്‍ട്സ് ആയിരുന്നു ബാലനായ മണിക്ക് താല്പര്യം. ചിലയിനങ്ങളിലൊക്കെ സംസ്ഥാന തലത്തില്‍ വരെ മത്സരിച്ചിട്ടുണ്ട്. എങ്കിലും സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും രംഗപ്രവേശം ചെയ്തു. പഠനമൊഴികെ എല്ലാ കാര്യങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മണി. ആയതിനാല്‍ പത്താം ക്ലാസില്‍ പഠനം ഉപേക്ഷിച്ചു. പിന്നീട് ഉത്സപപ്പറമ്പുകളിലും ക്ലബ്ബുകളുടെ പരിപാടിക്കുമൊക്കെ ഒറ്റയ്ക്ക് മിമിക്രി അവതരിപ്പിക്കാന്‍ തുടങ്ങി. ആദ്യകാലത്ത് രണ്ടര മണിക്കൂര്‍ പരിപാടി ഒറ്റയ്ക്ക് അവതരിപ്പിച്ചിട്ടുണ്ട് മണി. ഒരിക്കല്‍ ഗാനമേളയുടെ ഇടവേളയില്‍ അവതരിപ്പിച്ച ഏകാംഗ പ്രകടനം കലാഭവനിലെ പീറ്റര്‍ എന്ന ഗായകന് കാണാനിടയാവുകയും തന്റെ ട്രൂപ്പില്‍ മണിയെക്കുറിച്ച് പറയുകയുമായിരുന്നു. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകൾ വളരെ കുറവാണ്. ചുരുക്കത്തിൽ സിനിമയിൽ ഒൾറൗണ്ടറായിരുന്നു ഒാട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവൻ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകർക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവൻ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു. അനുകരണകലയിൽ തനിക്കു ഭാവിയുണ്ടെന്ന തിരിച്ചറിഞ്ഞ മണി കുടുംബത്തിലെ ദാരിദ്ര്യം അകറ്റാൻ പിന്നീട് ഈ കലയും ഉപയോഗിച്ചു തുടങ്ങി. സ്കൂൾ പഠനം തീരാറായപ്പോൾ ഓട്ടോ ഓടിക്കുവാൻ പഠിച്ച മണി പകൽ ഓട്ടോ ഡ്രൈവറും രാത്രി മിമിക്രി ആർട്ടിസ്റ്റുമായി. ധാരാളം മിമിക്രി ട്രൂപ്പുകളുണ്ടായിരുന്ന കേരളത്തിൽ പല ട്രൂപ്പുകൾക്കുവേണ്ടി മിമിക്രി അവതരിപ്പിച്ച് മണി പണമുണ്ടാക്കി. ഇരിങ്ങാലക്കുടയിൽവച്ചു പരിചയപ്പെട്ട പീറ്റർ എന്ന വ്യക്തി മണിയെ കലാഭവനുമായി ബന്ധിപ്പിച്ചു. ഇടയ്ക്കു വിനോദശാല എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാൻ പോയതിനാൽ കലാഭവനുമായുളള ബന്ധം അറ്റുപോയി. കലാഭവനിലെ ജോലി നഷ്ടപ്പെട്ടതോടെ അഭിനയരംഗത്ത് ശ്രദ്ധിക്കുവാനുളള തീരുമാനമെടുത്ത് മണി സിനിമാക്കാരെ കണ്ടുതുടങ്ങി.
പേരിനുമുന്നില്‍ പിന്നീട് അഭിമാനത്തോടെ ചേര്‍ത്ത കലാഭവനില്‍ മണി എത്തുന്നത് 1991- 92 കാലഘട്ടത്തിലാണ്. സിബി മലയിലിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ബിഗ് സ്ക്രീനിലെ അരങ്ങേറ്റം. ഒരു ഓട്ടോറിക്ഷാ ഡ്രൈവരുടെ വേഷമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രം. തൊട്ടടുത്ത വര്‍ഷം ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം മണിക്ക് മികച്ച കരിയര്‍ ബ്രേക്ക് ആണുണ്ടാക്കിയത്.. രാജപ്പന് എന്ന ചെത്തുകാരനായിരുന്നു കഥാപാത്രം. തന്റെ ട്രേഡ് മാര്‍ക്ക് ചിരിയൊക്കെ അദ്ദേഹം പരീക്ഷിച്ച സിനിമയില്‍ മഞ്ജു വാര്യര്‍ക്കും ദിലീപിനുമൊപ്പം കോമ്പിനേഷന്‍ സീനുകളും ഉണ്ടായിരുന്നു. ഇതൊക്കെ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് മണിയെ നീക്കിനിര്‍ത്തി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. വിനയന് സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ നായകവേഷങ്ങളിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസിലെ സ്ഥാനം മണി ഊട്ടിയുറപ്പിച്ചത്. കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമൊക്കെ ബോക്സ് ഓഫീസിലും തരംഗം തീര്‍ത്ത ചിത്രങ്ങളാണ്. വാസന്തിയും ലക്ഷ്മിയും ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. അന്ധഗായകനായ രാമു എന്ന കഥാപാത്രം സിനിമാപ്രേക്ഷകർ സ്വീകരിച്ചതോടെ മണിയുടെ ജീവിതത്തിലും മാറ്റങ്ങളുണ്ടായി. രാമു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിരുന്നു.. ഇടയ്ക്ക് മലയാള സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ സൂപ്പര്‍താര ചിത്രങ്ങളിലെ വേഷങ്ങള്‍ നീട്ടി തമിഴ് സിനിമ അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു.
. തമിഴ്നാട്ടിൽ മണി എന്തായിരുന്നുവെന്നും അവിടുത്തെ ആളുകൾക്ക് ഇപ്പോഴും അദ്ദേഹത്തെ മറക്കാൻ കഴിയാത്തതിന്റെയും പ്രധാന കാരണം ജെമിനി എന്ന ചിത്രമാണ്. നായകനായ വിക്രത്തെ പോലും ചില സീനുകളിൽ മണി തന്റെ പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രത്തിൽ ഉണ്ട്.
2002ലാണ് ജെമിനിയിൽ വില്ലനായി മണി എത്തുന്നത്. മിമിക്രി രംഗത്ത് തന്റെ കഴിവ് തെളിയിച്ച നടൻ ചിത്രത്തിലും അത് തന്നെ പലയിടങ്ങളിലും ചെയ്തു. തമിഴ് പ്രേക്ഷകർക്ക് അത്തരം ഒരു കഥാപാത്രം അന്നത്തെ കാലത്ത് ഒരു അത്ഭുതം തന്നെ ആയിരുന്നു. അവിടെയാണ് കലാഭവൻ മണി കൂടുതൽ ശ്രദ്ധ നേടി തുടങ്ങിയത്. മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡും ഇന്റർനാഷണൽ തമിഴ് ഫിലിം അവാർഡും അദ്ദേഹം ജെമിനിയിലൂടെ സ്വന്തമാക്കി. അതിന് ശേഷം വിജയ്യുമായി ആദ്യം അഭിനയിച്ച ചിത്രമാണ് ‘പുതിയ ഗീതായി’. വില്ലനായി അവതരിച്ച് വീണ്ടും കൈയടി നേടിയ ചിത്രമായിരുന്നു അതും. ഇതോടെ കലാഭവൻ മണി തമിഴിൽ ഒരു സ്ഥാനം ഉറപ്പിച്ചു. നിരവധി അവസരങ്ങൾ അദ്ദേഹത്തെ തേടി വന്നു.. മറുമലർച്ചി, വാഞ്ചിനാഥൻ, ജെമിനി, ബന്താ പരമശിവം യെന്തിരൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ചില തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ശേഷം വന്ന വാർത്ത ശങ്കറിന്റെ 2005ൽ പുറത്തിറങ്ങിയ ‘അന്ന്യൻ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലേക്ക് മണിയെ കാസ്റ്റ് ചെയ്തുവെന്നായിരുന്നു. പിന്നീട് എല്ലാവരും കണ്ടത് അദ്ദേഹത്തിന്റെ വേറിട്ടൊരു പ്രകടനം തന്നെയായിരുന്നു. മണി എന്ന നടന്റെ കഴിവ് തിരിച്ചറിഞ്ഞ ശങ്കർ അദ്ദേഹത്തെ വീണ്ടും തന്റെ ഏറ്റവും വലിയ ചിത്രമായ ‘എന്തിരൻ’ ലേക്കും വിളിച്ചു. താര സുന്ദരി ഐശ്വര്യ റായിക്കൊപ്പം സ്ക്രീൻ പങ്കുവെക്കാനുള്ള ഭാഗ്യം കലാഭവൻ മണിയ്ക്ക് ലഭിച്ചുവെന്നായിരുന്നു അന്നത്തെ പ്രധാന വാർത്ത. മണി നടിയുടെ കൂടെ ചിത്രത്തിൽ പ്രവർത്തിച്ച അനുഭവം പല ഇന്റർവ്യൂകളിലും തുറന്നുപറഞ്ഞിട്ടുമുണ്ട്…
2015ൽ ജീത്തു ജോസഫ് സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം’ തമിഴ് പതിപ്പിൽ ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മലയാളത്തിൽ കലാഭവൻ ഷാജോൺ ചെയ്ത വേഷമാണ് മണി തമിഴിൽ ചെയ്തത്. മണിയുടെ ദൃശ്യത്തിലെ പ്രകടനത്തെ പ്രശംസിച്ച് കമൽ ഹാസൻ മിക്ക വേദികളിലും സംസാരിച്ചിട്ടുണ്ട്.
ഗായകന് എന്ന നിലയ്ക്ക് കലാഭവന്‍ മണി സൃഷ്ടിച്ച സ്വാധീനം ഒരുപക്ഷേ ഒരു സിനിമാതാരം എന്നതിലും അപ്പുറമാണ്. നാടന്‍പാട്ട് എന്നുകേട്ടാല്‍ മലയാളി ആദ്യം ഓര്‍ക്കുന്ന പേരുകാരനായി മണി മാറിയത് സ്വന്തമായി പുറത്തിറക്കിയ നിരവധി കാസറ്റുകളിലൂടെയാണ്. പ്രാദേശികമായി പ്രചാരം നേടിയിരുന്ന പാട്ടുകള്‍ക്കൊപ്പം അറുമുഖന് വെങ്കിടങ്ങ് അടക്കമുള്ള ചില രചയിതാക്കളുടെ വരികളും നാടന്‍ശൈലിയില്‍ അവതരിപ്പിച്ച് അദ്ദേഹം ഹിറ്റ് ആക്കി. മലയാളിയുടെ ഉത്സവാഘോഷങ്ങളിലെ പരിചിത ഈണങ്ങളായി ഈ പാട്ടുകള്‍ തുടരുന്നു. നാടൻ പാട്ടിനെ ഇത്രയധികം ജനകീയമാക്കിയ മറ്റൊരു കലാകാരനില്ല. പാവാട പ്രായത്തിൽ തുടങ്ങി… ഒട്ടനവധി ഗാനങ്ങൾ മണിയുടെ ശബ്ദത്തിൽ മലയാളി കേട്ടു. ഗാനമേളകൾക്കും മറ്റു ചടങ്ങുകൾക്കും മണി എത്തിയാൽ പാട്ടു പാടാതെ ജനങ്ങൾ വിടില്ലെന്ന അവസ്ഥയുണ്ടായിരുന്നു. മണി അഭിനയിക്കുന്ന മിക്ക ചില ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ ഗാനങ്ങളും പതിവാണ്. മണിയുടെ നേതൃത്വത്തിൽ നാടൻപാട്ടുകളുടെ ശേഖരമുളള നിരവധി ഓഡിയോ കസെറ്റുകളും റിലീസുചെയ്തിട്ടുണ്ട്. തൂശിമ കൂന്താരോ, ആനവായിലമ്പഴങ്ങ, സ്വാമി തിന്തകത്തോം തുടങ്ങിയ കസെറ്റുകൾ ശ്രദ്ധേയമാണ്. പഴയ സിനിമാഗാനങ്ങളുടെ പാരഡിഗാനങ്ങളുൾപ്പെടുത്തിയ നിരവധി ഓഡിയോ കസെറ്റുകൾക്കുവേണ്ടി മണി പാടിയിട്ടുണ്ട്. കൈയടി നേടിയതോടെ ആദ്യം കലാഭവന്റെ ഗാനമേള ട്രൂപ്പിനൊപ്പമായിരുന്ന മണിക്ക് മിമിക്സ് പരേഡ് ട്രൂപ്പിലെ മുഴുവന്‍ സമയക്കാരനായി പ്രൊമോഷന് കിട്ടി. ഗള്‍ഫ് പരിപാടികളിലുള്‍പ്പെടെ മണി പങ്കെടുത്തു.
പ്രാസമൊപ്പിച്ച് അതിവേഗത്തിലുള്ള ഡയലോഗുകള്‍, ബെന്‍ ജോണ്‍സന്റെ സ്ലോ മോഷന്‍ ഓട്ടം എന്നിങ്ങനെ ചില സ്വന്തം നമ്പറുകളുമായായിരുന്നു അദ്ദേഹത്തിന്റെ സിനിമ ജീവിതം മുന്നോട്ടു പോയത് . വൺമാൻ ഷോ, സമ്മർ ഇൻ ബേത്ലഹേം, ദില്ലിവാലാ രാജകുമാരൻ, ഉല്ലാസപ്പൂങ്കാറ്റ്, കണ്ണെഴുതി പൊട്ടും തൊട്ട്, രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടൻ, ആറാം തമ്പുരാൻ, വസന്തമാളിക എന്നീ ചിത്രങ്ങളിൽ മണി ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. കരുമാടിക്കുട്ടൻ എന്ന ചിത്രത്തിലെ മന്ദബുദ്ധിയുടെ വേഷം ഏറെ സ്രെധിക്കപ്പെട്ടിരുന്നു.. ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, എന്നീ ചിത്രങ്ങളിൽ മണി നായകനായി.
രജനീകാന്ത്, കമൽഹാസൻ, ഐശ്വര്യാ റായ്, വിക്രം തുടങ്ങി അങ് തമിഴിലെ ഒട്ടുമിക്ക താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരമായുമൊക്കെ മണി കാണികളെ രസിപ്പിച്ചു. മലയാളത്തിൽ മാത്രമൊതുങ്ങാതെ തമിഴിലും തെലുങ്കിലുമൊക്കെ മണി തന്റെ സാന്നിധ്യം അറിയിച്ചു…..നടൻ എന്നതിനൊപ്പം നല്ല ഗായകൻ കൂടിയാണ് കലാഭവൻ മണി.
ഒരുപാട് സിനിമകളിലെ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അദ്ദേഹം നമ്മെ വിസ്മയിപ്പിച്ചു. ദേശീയ അവാർഡിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ സ്പെഷൽ ജൂറി പ്രൈസ്, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ലക്സ്-ഏഷ്യാനെറ്റ് അവാർഡ് എന്നീ അംഗീകാരങ്ങളും നിരവധി അവാർഡുകളും മണിയെ തേടിയെത്തി. മലയാളി മറക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെയും മണി നമുക്ക് സമ്മാനിച്ചു.അതേസമയം വേര്‍പാടിന്റെ ഒൻപതാം വര്‍ഷത്തിലും മണി എന്ന സാന്നിധ്യം തങ്ങളെ വിട്ടുപോയി എന്ന് ഉള്‍ക്കൊള്ളാനാവാത്തവരാണ് മലയാളികൾ. മലയാള സിനിമയും തമിഴ് സിനിമാ ലോകവും ഇപ്പോഴും മറക്കാൻ ആഗ്രഹിക്കാത്ത അതുല്യ പ്രതിഭയ്ക്ക് പ്രണാമം. ഒരിക്കലും മറക്കില്ല അദ്ദേഹം സിനിമ ലോകത്തിന് തന്ന കഥാപാത്രങ്ങളെയും നല്ല നിമിഷങ്ങളെയും.
