സംസ്ഥാനത്തെ ബിജെപി വളർച്ച ഗൗരവതരമെന്ന് സിപിഐഎം സംസ്ഥാന സമ്മേളന റിപ്പോർട്ട്. ഇന്ന് സമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോർച്ച ഉണ്ടായി. . പാർട്ടിയുടെ അടിത്തറയെ ബാധിക്കുന്ന തരത്തിലാണ് ഇവിടെ വോട്ട് ബിജെപിക്ക് പോയത്. തദ്ദേശ തിരഞ്ഞെടുപ്പിലും പാർട്ടി വോട്ടുകൾ ബിജെപിക്ക് പോയിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
തൃശ്ശൂരിലെ ബിജെപി വിജയത്തെ കുറിച്ച് കാര്യമായി തന്നെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. സുരേഷ് ഗോപിയുടെ വിജയത്തിന് യുഡിഎഫ് വോട്ട് ചോർച്ചയാണ് പ്രധാന കാരണമെങ്കിലും എൽഡിഎഫിന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു.
സർക്കാരിനെതിരെയുള്ള പ്രചാരണവും ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിൽ കോൺഗ്രസിനൊപ്പമാണ് നിൽക്കേണ്ടതെന്ന മനതിരപേക്ഷ ചിന്താഗതിയുള്ളവരുടെ നിലപാടാണ് നിർണായകമായത്. ഈ ദേശീയ സാഹചര്യത്തെ മറികടക്കാൻ കഴിഞ്ഞാലേ പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇനി മുന്നേറാൻ കഴിയുകയുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്.
