താമരശ്ശേരിയിൽ കൊല്ലപ്പെട്ട മുഹമ്മദ് ഷഹബാസിന്റെ സ്വന്തമായൊരു വീട് എന്ന ആഗ്രഹം സഫലമാകുന്നു. എംജെ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർത്ഥികളാണ് വീടിൻ്റെ പണി പൂർത്തിയാക്കാൻ പണം നൽകുന്നത്. ഇക്കാര്യം ഷഹബാസിന്റെ പിതാവ് ഇഖ്ബാലിനെ വീട്ടിലെത്തി ഇവർ വിവരം അറിയിച്ചു. ഇന്നു ചേർന്ന പൂർവ്വ വിദ്യാർത്ഥി യോഗത്തിലായിരുന്നു തീരുമാനം. ഷഹബാസിൻ്റെ ആഗ്രഹമായിരുന്ന വീടിൻ്റെ പണി പൂർത്തിയാക്കുക എന്നത്.
അതേസമയം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അബദ്ധത്തിൽ അടിയേറ്റാണ് മുഹമ്മദ് ഷഹബാസ് മരിച്ചതെന്ന വാദം ഇനി നിലനിൽക്കില്ല. മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമെന്നതിന് കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് മുമ്പ് ഇൻസ്റ്റഗ്രാം വഴി പ്രതികൾ കൊലവിളി നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. നേരിട്ട് കണ്ടാൽ കൊല്ലുമെന്നും നഞ്ചക് ഉപയോഗിച്ച് മർദിക്കുമെന്നും പ്രതികളായ വിദ്യാർഥികൾ ഭീഷണിപ്പെടുത്തിരുന്നു. മുഹമ്മദ് ഷഹബാസിൻ്റെ സുഹൃത്തുക്കളും പ്രതികളായ വിദ്യാർത്ഥികളും മുമ്പും പരസ്പരം ഏറ്റുമുട്ടാൻ വെല്ലുവിളിച്ചു. പ്രതികളായ ആറ് വിദ്യാർഥികളും വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണ് ഉള്ളത്.
