റാഗിങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്കരണം അനിവാര്യമെന്നും സംസ്ഥാനത്തെ റാഗിങ് വിരുദ്ധ നിയമം പരിഷ്കരിക്കണമെന്നും ഹൈക്കോടതി. പൊതുതാല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി പ്രത്യേക ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം.
റാഗിങ് വിരുദ്ധ നിയമത്തിന് യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ യുജിസിയെ കക്ഷി ചേര്‍ത്തു. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.
ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നൽാനും കോടതി നിര്‍ദേശിച്ചു.ജില്ല- സംസ്ഥാന തല റാഗിങ് നിരോധന കമ്മിറ്റികളുട പ്രവർത്തനങ്ങൾ രേഖാമൂലം ഉറപ്പ് വരുത്തണം.ജില്ല- സംസ്ഥാന കമ്മിറ്റികൾ ഇതുവരെ രൂപീകരിച്ചിട്ടില്ലെങ്കിൽ എത്രസമയം വേണമെന്ന് സർക്കാർ കോടതിയെ അറിയിക്കണമെന്നും നിലവിലുള്ള റാഗിങ് നിരോധന നിയമങ്ങള്‍ പരിശോധിക്കുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
നിയമത്തില്‍ മാറ്റം വരുത്തുന്നതില്‍ പഠനം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കണം. വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തികൊണ്ടായിരിക്കണം വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കേണ്ടത്. സംസ്ഥാന – ജില്ലാ തല റാഗിങ് വിരുദ്ധ സമിതി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. റാഗിങ് വിരുദ്ധ സമിതികളെ സംബന്ധിച്ച് ചട്ടങ്ങളില്‍ നിര്‍വ്വചിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി അറിയിക്കണമെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
നിലവിലെ നിയമപ്രകാരം ഒരു വിദ്യാര്‍ഥി റാഗിങ് നടത്തിയതായി കണ്ടെത്തിയാല്‍, രണ്ട് വര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും അടയ്ക്കണം. കൂടാതെ, സസ്പെന്ഷന് നിലനില്‍ക്കുന്നതോടൊപ്പം മൂന്ന് വര്‍ഷത്തേക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം തുടരാന്‍ അനുമതിയുമുണ്ടായിരിക്കില്ല.
സംസ്ഥാനത്തെ കോളജുകളിലും സ്കൂളുകളിലും റാഗിങ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കേരള ലീഗൽ സർവീസസ് അതോറിറ്റി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. രമേശ് ചെന്നിത്തലയും സിദ്ധാർത്ഥന്റെ അമ്മയും കേസിൽ കക്ഷി ചേരാൻ നടപടികൾ തുടങ്ങി. റാഗിങ് നിയമങ്ങളിൽ മാറ്റം വരുത്തണോയെന്നതിൽ പരിശോധന വേണമെന്നും കോടതി വ്യക്തമാക്കി.
