മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തലുമായി ക്രൈം ബ്രാഞ്ച്. കേസിൽ അൺ എയ്ഡഡ് സ്കൂളിലെ പ്യൂണിനെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് ചോദ്യപ്പേപ്പർ ചോർത്തി നൽകിയത് മലപ്പുറത്തെ അൺ എയ്ഡഡ് സ്കൂളിലെ പ്യൂൺ അബ്ദുൽ നാസർ ആണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.
എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിനാണ് പ്യൂൺ അബ്ദുൽ നാസർ ചോദ്യപേപ്പർ ചോർത്തി നൽകിയതെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുൻനിർത്തിയാണ് ചോദ്യപ്പേപ്പർ ചോർത്തിയതെന്നാണ് വിവരം.
