ലാഹോർ: പാകിസ്ഥാൻ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് സാരമായ പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ സൈനിക കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. ആറ് ഭീകരരെ വധിച്ചെന്ന് സൈന്യം വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങൾ പടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പക്തുൻങ്വവയിലെ സൈനിക ക്യാമ്പിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു.
സമീപത്തെ പള്ളി തകർന്നും നിരവധി പേർ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
കൊല്ലപ്പെട്ടവരിൽ ഏഴ് കുട്ടികൾ ഉൾപ്പെടുന്നതായാണ് വിവരം. ആക്രമണത്തിൽ സമീപത്തെ പള്ളിയും എട്ട് വീടുകളും തകർന്നു. റമദാൻ ആരംഭിച്ച ശേഷം പാകിസ്താനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്.
അതേ സമയം, ആക്രണത്തിൻ്റെ ഉത്തരവാദിത്വം തെഹ്രീക്-ഇ-താലിബാൻ പാകിസ്താൻ ഏറ്റെടുത്തു. പാകിസ്താൻ താലിബാൻ പോലുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമായ മേഖലയാണിത്. കഴിഞ്ഞ നവംബറിൽ ഒരു സുരക്ഷാ പോസ്റ്റിൽ നടന്ന ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 12 സൈനികർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
