കണ്ണൂർ ലീഡേഴ്സ് കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ വാരം സ്വദേശി മുനീസ് മുസ്തഫയുടെ ചുണ്ട് വെട്ടേറ്റ് മുറിഞ്ഞു. ഫോൺ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്ന് മുനീസിന്റെ സുഹൃത്തുക്കൾ. സംഭവത്തിൽ അഞ്ച് പേർക്ക് എതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ലീഡേഴ്സ് കോളജിലെ മുനീസിന്റെ ജൂനിയറായിരുന്നു കേസിലെ മുഖ്യപ്രതിയായ നിഷാദ്. രണ്ടു വർഷം മുൻപുണ്ടായ തർക്കത്തിന്റെ പേരിൽ രാത്രികളിൽ പലതവണയായി വിളിച്ച് നമ്മുക്ക് ആ കണക്ക് തീർക്കണമെന്നും അത് തീർക്കാതെ സമാധാനമില്ലെന്നും കൊല്ലുമെന്നും നിഷാദ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഭീഷണിയല്ലാതെ നേരിട്ട് ആക്രമണം ഉണ്ടാകാത്തതിനാൽ മുനീസ് ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.
സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് മുനീസെന്ന് സുഹൃത്ത് റിപ്പോർട്ടറിനോട് പ്രതികരിച്ചു. അക്രമം നടത്തിയ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിഷാദ്, മുഫാസ്, ഷിഹാൻ, ഷാൻ എന്നിവർക്കെതിരെയും തിരിച്ചറിയാത്ത ഒരാൾക്കെതിരെയുമാണ് കേസ്.
