കേരളതീരത്തെ ആഴക്കടൽ ധാതു മണൽ ഖനനവുമായി ബന്ധപ്പെട്ട നിയമഭേദഗതിയും തുടർ നടപടികളും ഉപേക്ഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ അവതരിപ്പിക്കുക. പ്രതിപക്ഷം പ്രമേയത്തെ പിന്തുണച്ചേക്കും എന്നാണ് സൂചന.
സ്വകാര്യ മേഖലയ്ക്ക് ആഴക്കടൽ ഖനനം അനുവദിക്കുന്നതിലൂടെ തന്ത്രപ്രധാന ധാതുക്കൾ സ്വകാര്യ വ്യക്തികളുടെ കൈകളിലെത്തുമെന്നും അതു രാജ്യസുരക്ഷയെ ബാധിച്ചേക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. രാജ്യത്തിനു വിദേശ നാണ്യം നേടിത്തരുന്ന മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിനു മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗത്തെയും പുതിയ കേന്ദ്ര നിയമം പ്രതികൂലമായി ബാധിക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
