ന്യൂഡൽഹി- രാജ്യത്ത് കാൻസർ രോഗം അപകടകരമായ വിധം ഉയർന്നുവെന്നും മരണനിരക്ക് വർദ്ധിച്ചുവെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ( ഐസിഎംആർ) റിപ്പോർട്ട്. ദി ലാൻസൈറ്റിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. നിലവിലെ നിരക്ക് തുടരുകയാണെങ്കിൽ 2050 ആകുമ്പോഴേക്കും പ്രതിവർഷം 3.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 1.1 ദശലക്ഷം സ്തനാർബുദ സംബന്ധമായ മരണങ്ങളും ഉണ്ടാകും.
ഇന്ത്യയിലെ അഞ്ചിൽ മൂന്ന് കാൻസർ രോഗികളും രോഗി നിർണയത്തിനുശേഷം മരണത്തിന് കീഴടങ്ങുന്നു. ഗ്ലോബോകോൺ ഉപയോഗിച്ചുള്ള ഐസിഎംആർ പഠനപ്രകാരം ക്യാൻസർ രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള രാജ്യങ്ങൾ. എന്നാൽ മരണനിരക്കിൽ ചൈനക്ക് ശേഷം രണ്ടാം സ്ഥാനത്താണ് നമ്മുടെ രാജ്യം. പ്രായമായവരിൽ ചെറുപ്പക്കാരെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ദശകത്തിൽ പുരുഷന്മാരെക്കാൾ സ്ത്രീകളെയാണ് കാൻസർ ബാധിച്ചിട്ടുള്ളത്. സ്ത്രീകൾക്കിടയിൽ സ്താനാർബുദം വളരെ സാധാരണയായി മാറുന്നു. ലോകാരോഗ്യ സംഘടനയുടെ 2025 ഫെബ്രുവരിയിലെ റിപ്പോർട്ട് അനുസരിച്ച് 20 സ്ത്രീകളിൽ ഒരാൾക്ക് സ്താനാർബുദ സാധ്യത കൂടുതലാണ്. അതേപോലെ സ്ത്രീകളെയും പുരുഷന്മാരെയും ശ്വാസകോശ അർബുദം ഒരുപോലെ ബാധിക്കുന്നു.
ആഗോളതലത്തിൽ 2022 ൽ ഏകദേശം 20 ദശലക്ഷം പുതിയ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്തു. 9.7 ദശലക്ഷം മരണങ്ങൾ കാൻസർ മൂലമുണ്ടായി. ഇന്ത്യയിൽ മാത്രം 2023 ൽ 1.4 പുതിയ കാൻസർ കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
