വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പെൺസുഹൃത്ത് ഫർസാന,സഹോദരൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പ്രതി റിമാൻഡിൽ കഴിയുന്ന മെഡിക്കൽ കോളജിലെ പ്രത്യേക സെല്ലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അഫാനെ ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് മെഡിക്കൽ ബോർഡ് യോഗം ചേരും. അതിന് ശേഷമാകും ജയിലിലേക്ക് മാറ്റുക. പിതാവിൻ്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു.
കേസിൽ പ്രതിയുടെ സാമ്പത്തിക ബാധ്യതയെ കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. പണം കടം കൊടുക്കാനുള്ളവരുടെ പേരെഴുതിയ ഷെമിയുടെ ഡയറി പൊലീസിന് കിട്ടിയെന്നാണ് വിവരം. എന്നാൽ ഷെമിയുടെ മൊഴിയെടുക്കാൻ സാധിക്കാത്തത് പൊലീസിനെ കുഴപ്പിക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളോട് കടം നൽകിയവരെ കുറിച്ചുള്ള വിവരം പൊലീസ് ചോദിച്ചറിയുന്നുണ്ട്.
