തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണി രാഷ്ട്രീയപാർട്ടികളുടെ കൂട്ടായ്മക്ക് ആഹ്വാനം ചെയ്ത് എൻസിപി
മന്ത്രിസ്ഥാന മോഹം കൊണ്ട് മദം പൊട്ടിയ തോമസ് കെ തോമസിനെ തളക്കുന്നതിന് വേണ്ടിയാണ് എൻസിപി – എസ് സംസ്ഥാന പ്രസിഡൻറായി നിയമിച്ചത് എന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു. രണ്ട് വർക്കിംഗ് പ്രസിഡന്റുമാരെ നിയമിച്ചത് തോമസ് കെ തോമസിനെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ്. വർക്കിംഗ് പ്രസിഡൻ്റുമാരിൽ ഒരാൾ പി സി ചാക്കോയുടെ ആളും മറ്റേയാൾ ശശീന്ദ്രൻ്റെ ആളുമാണ്. രണ്ട് കുങ്കിയാനകൾക്ക് നടുവിലാണ് തോമസ് കെ തോമസ്. ഇത് സൂചിപ്പിക്കുന്നത് എൻസിപി – എസ് എന്ന പാർട്ടി മൂന്ന് ഗ്രൂപ്പുകളുടെ കയ്യിലാണ്. ചാക്കോ വിഭാഗവും ശശീന്ദ്രൻ വിഭാഗവും ഇതിലൊന്നുമില്ലാത്ത തോമസ് കെ തോമസ് വിഭാഗവും ചേർന്നാണ് എൻസിപി – എസ് എന്ന പാർട്ടിയെ നയിക്കുന്നത്. ദേശീയ നേതൃത്വത്തിലുള്ളതുപോലെ പാർട്ടിയിൽ ഐക്യമില്ല എന്ന് സൂചിപിക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ. നേതാക്കൾ തമ്മിൽ പരസ്പരം പോരടിക്കുന്നത് കണ്ട് മനംമടുത്ത പാർട്ടി അണികളും അനുഭാവികളും യഥാർത്ഥ എൻസിപി യിലേക്ക് മടങ്ങുകയാണ്. പാർട്ടിയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന വിധത്തിൽ പ്രവർത്തിക്കുന്ന യഥാർത്ഥ എൻസിപി യിലേക്ക് വരുന്നവരെ സ്വാഗതം ചെയ്യുന്നതായി എൻ എ മുഹമ്മദ് കുട്ടി പറഞ്ഞു.
കേരളത്തിൽ നിലവിലുള്ള മുന്നണികളിൽ അസംതൃപ്തരാണ് പല ഘടകകക്ഷികളും. വല്ലേട്ടൻ ചെയ്യുന്ന തെറ്റുകൾക്ക് കൂട്ടുനിൽക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യേണ്ട അവസ്ഥയിലാണ് ഒട്ടുമിക്ക ചെറിയ രാഷ്ട്രീയ പാർട്ടികളും. കേരളത്തിൽ സിപിഐഎം, കോൺഗ്രസ്, മുസ്ലീംലീഗ് എന്നീ മൂന്ന് പാർട്ടികൾക്കൊഴികെ മറ്റാർക്കും ഒറ്റക്ക് നിന്ന് മത്സരിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ കേരളത്തിൻ്റെ സമഗ്രമായ വികസനം താഴെത്തട്ടിൽ നിന്ന് ആരംഭിക്കുന്നതിന് ചെറിയ പാർട്ടികളുടെ കൂട്ടായ്മ അനിവാര്യമാണ്. നിലവിലുള്ള കക്ഷി രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി എല്ലാവരും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. കേരളത്തിൽ 22 ചെറിയ പാർട്ടികളാണ് സജീവമായി രംഗത്ത് ഉള്ളത്. ഈ സാഹചര്യത്തിൽ എല്ലാ പാർട്ടികളും പ്രാദേശികാടിസ്ഥാനത്തിൽ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് കൊച്ചിയിൽ ചേർന്ന എൻസിപി സംസ്ഥാന ഭാരവാഹിയോഗം അഭ്യർത്ഥിച്ചു. ചെറിയ പാർട്ടികൾ ഒന്നിച്ച് നിന്നാൽ വലിയ മാറ്റം സമൂഹത്തിൽ സൃഷ്ടിക്കാൻ കഴിയും. ഇതിന് എൻസിപി നേതൃത്വം നൽകുമെന്ന് എൻസിപി സംസ്ഥാന പ്രസിഡൻ്റ് എൻഎ മുഹമ്മദ് കുട്ടി പറഞ്ഞു.
വരുന്ന നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്തി മത്സരിപ്പിക്കാൻ എൻസിപി ഭാരവാഹിയോഗം തീരുമാനിച്ചു. എല്ലാ മുന്നണികളുടെയും തെറ്റായ നയങ്ങളെയും രാഷ്ട്രീയ രഹസ്യകൂട്ടുകെട്ടുകളെയും തുറന്നെതിർക്കുന്ന നിലപാടായിരിക്കും എൻസിപി സ്വീകരിക്കുക.
കേരളത്തിൽ ലഹരിമാഫിയ പിടിമുറുക്കിയിരിക്കുകയാണ്. കൊച്ചുകുട്ടികളാണ് ലഹരിക്ക് അടിമയാകുന്നത്. അതും രാസലഹരിമാഫിയ ആണ് സജീവമായിട്ടുള്ളത്. കേരളത്തിൽ ഇന്നുകാണുന്ന അക്രമപരമ്പരകളിലേക്ക് കുട്ടികളെ നയിക്കുന്നത് ഇത്തരം ലഹരിയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ എല്ലാ കുട്ടികളിലേക്കും എത്തുന്ന ഒരു വലിയ ലഹരിവിരുദ്ധ ക്യാമ്പെയിന് എൻസിപി തുടക്കമിടുകയാണ്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുളള കേരള രാഷ്ട്രീയത്തിലെ അപജയങ്ങൾ എൻസിപി സംസ്ഥാനഭാരവാഹിയോഗം ചർച്ച ചെയ്തിലെ ഈ സാഹചര്യത്തിൽ കേരളത്തിന്റെ സമഗ്രവികസനത്തിനായി ഒറ്റക്ക് നിന്ന് പ്രവർത്തിക്കാൻ തയ്യാറായ എൻസിപി യുടെ നിലപാടുകൾക്ക് യോഗം അംഗീകാരം നൽകി.
വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പാർട്ടി ചർച്ച ചെയ്തു. കഴിയുന്നത്ര തദ്ദേശ സ്ഥാപനങ്ങളിൽ എൻസിപി സ്ഥാനാർത്ഥികൾ മത്സരിക്കും. കേരളത്തിന്റെ സമഗ്രമായ വികസനം ആണ് എൻസിപി മുന്നോട്ട് വെക്കുന്നത്. അതിനായി നിസ്വാർത്ഥമായി പ്രവർത്തിക്കാൻ സന്നദ്ധരായവരെ ആയിരിക്കും എൻസിപി സ്ഥാനാർത്ഥികളാക്കുക എന്നും സംസ്ഥാന അദ്ധ്യക്ഷൻ എൻഎ മുഹമ്മദ് കുട്ടി അറിയിച്ചു.
സംസ്ഥാന ഭാരവാഹികളുടെ യോഗത്തിൽ വൈസ് പ്രസിഡന്റ് കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്ട്രറിമാരായ അഡ്വ.സൈനുദീൻ, അഡ്വ. ഷാജി തെങ്ങുംപിള്ളിൽ, കെ കെ ഷംസുദീൻ, പി എ അലക്സാണ്ടർ, ഷെവലിയാർ മോൻസി വാവച്ചൻ, കല്ലറ മോഹൻദാസ്, രവി കുളങ്ങര, പാർത്ഥസാരഥി മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
