ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി നര്‍വാള്‍(22) ന്റെ മൃതദേഹം സൂട്ട്കേസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. റോഹ്ത്തകിലെ സാമ്പ്ല ബസ് സ്റ്റാന്‍ഡിനു സമീപം ഇന്നലെ വൈകിട്ട് സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കഴുത്തില്‍ ദുപട്ട ചുറ്റിയ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രദേശത്തെ എംഎല്‍എയാണ് സ്ഥിരീകരിച്ചത്. മരണത്തിന്റെ പ്രാഥമിക നിഗമനം ദുപട്ട കൊണ്ട് കഴുത്ത് ഞെരിച്ചാണ് കൊല നടത്തിയതെന്നാണ് .
സോനെപത്തിലെ കതുര ഗ്രാമത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ഹിമാനി 2023ല്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും ഭുപീന്ദര്‍ ഹൂഡയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവ സാന്നിധ്യമായിരുന്നു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
