കൊച്ചി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നണികളെ സംബന്ധിച്ച് അതി നിര്‍ണായകമാണ്. മൂന്നാംവട്ടം ഭരണത്തിലെത്താമെന്ന മോഹം ശക്തമായി പ്രകടിപ്പിക്കുന്ന എല്‍ഡിഎഫിന് തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. പരാജയപ്പെട്ടാല്‍ അത് പിണറായി വിജയനുണ്ടാകുന്ന വലിയതിരിച്ചടി ആയിരിക്കും. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍കൂടി പരാജയപ്പെട്ടാല്‍ യുഡിഎഫ് എന്ന പ്രസ്ഥാനം ഇല്ലാതാകുമെന്ന തിരിച്ചറിവ് യുഡിഎഫിന് ഉണ്ട്. ലോകസഭ തെരഞ്ഞെടുപ്പില്‍ ലഭിച്ച ആത്മവിശ്വാസം നിലനിര്‍ത്തണമെങ്കില്‍ അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ കുറച്ചു സീറ്റുകളെങ്കിലും ഉറപ്പാക്കണമെന്ന നിലപാടിലാണ് ബിജെപി. ഈ മൂന്ന് സാഹചര്യങ്ങളും നിര്ണായകമായതിനാല് അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പിആര്‍ വമ്പന്മാര് കേരളത്തിലേക്ക് ചേക്കേറുന്നത്.
കേരളത്തിലിനി പിആര്‍ ഏജന്‍സികളുടെ കൊയ്ത്തുകാലമാണ്. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് പ്രശാന്ത് കിഷോറിന്റെ ടീമടക്കമുള്ളവര്‍ കേരളത്തിലേക്ക് കുടിയേറുന്നത്. ഒന്നര വര്‍ഷം നീണ്ടുനില്‍ക്കുന്ന പാക്കേജുകളുമായാണ് പിആറുകളുടെ വരവ്. സ്ഥാനാര്്തഥിയാകാന് മോഹിക്കുന്നവര്‍ക്കുള്ള വാഗ്ദാനങ്ങളാണ് ആദ്യഘട്ടമായി നല്‍കുന്നത്. സ്ഥാനാര്‍ത്ഥി ആകാന്‍ മോഹിക്കുന്നവരുടെ മണ്ഡലം നിശ്ചയിച്ചശേഷം അവിടെ സ്ഥാനാര്‍ത്ഥി മോഹിയെ പരിചയപ്പെടുത്തുക, മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യനാക്കുക, ജനകീയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെടുക്കുകയും അവിടെ സ്ഥാനാര്‍ത്ഥി മോഹിയെ അവതരിപ്പിക്കുക തുടങ്ങിയ വമ്പന്‍ പാക്കേജുകളുമായാണ് പിആര്‍ കളം പിടിക്കുന്നത്.
മുന്നണിയില്‍ നിന്ന് സീറ്റ് സ്വന്തമാക്കുക എന്നത് സ്ഥാനാര്‍ത്ഥി ആകാന്‍ ആഗ്രഹിക്കുന്നവരുടെ മാത്രം പ്രശ്നമാണ്. സ്ഥാനാര്‍ത്ഥി ആയിക്കഴിഞ്ഞാല്‍ പി്ന്നീടങ്ങോട്ടുള്ള പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഈ പിആര്‍ ഏജന്‍സികളായിരിക്കും. പലപ്പോഴും പിആര്‍ ഏജന്‍സികള്‍ മുന്‍നിരയില്‍ വരാറില്ല. മറഞ്ഞിരുന്ന് പിആര്‍ തന്ത്രങ്ങള്‍ അണിയറയില്‍ തയ്യാറാക്കുകയാണ് പിആര്‍ ഏജന്‍സികള്‍ ചെയ്യുക. ഇത് ഒരു പരിധിവരെ ഫലം കാണാറുമുണ്ട്. കയ്യിലുള്ള പണത്തിന്റെ അളവനുസരിച്ച് വിവിധ പാക്കേജുകള്‍ പിആര്‍ ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നു. കുറഞ്ഞ ചെലവില്‍ കിട്ടാവുന്ന പരമാവധി പബ്ലിസിറ്റി, കൂടുതല്‍ ചെലവാക്കുന്നവര്‍ക്ക് വിജയിക്കുമെന്ന ഉറപ്പും പിആര്‍ ഏജന്‍സികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.
പല നേതാക്കളും നേതാക്കളാകാന്‍ ആഗ്രഹിക്കുന്നവരും വലിയതോതിലുള്ള പണം മുടക്കിയാണ് പിആര്‍ ഏജന്‍സികളെ ജോലി ഏല്‍പ്പിക്കുന്നത്. ജനപിന്തുണയില്ലാത്തവരാണ് പിആര്‍ ഏജന്‍സികളെ സമീപിക്കുന്നത് എന്ന് പലരും കുറ്റപ്പെടുത്താറുണ്ട്. എന്നാല്‍ പിആര്‍ ഏജന്‍സിയുടെ കുറവ് മനസിലാക്കി അവരെ അഭിമുഖം പത്രങ്ങളില്‍ വരുത്താന്‍ ഏല്‍പ്പിച്ച മുഖ്യമന്ത്രിയുടെ അനുഭവം കേരളം ചര്‍ച്ച ചെയ്തതാണ്. പിആര്‍ ഏജന്‍സിയെ ഏല്‍പ്പിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞെങ്കിലും കേരളജനത അത് കണ്ണടച്ച് വിശ്വസിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വരെ സ്വാധീനിക്കാന്‍ കഴിവുള്ളവരാണ് ഈ പിആര്‍ ഏജന്‍സികള്‍. ഏതായാലും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പൊടിക്കൈകളുമായി പിആര്‍ ഏജന്‍സികള്‍ കളം നിറഞ്ഞ് കഴിഞ്ഞു. ഇനി നിയമസഭ തെരഞ്ഞെടുപ്പുവരെ അവരുടെ വിളയാട്ടമായിരിക്കും എന്നതില്‍ തര്‍ക്കമില്ല.
