
ഇന്ത്യയിലെ സംഗീതരംഗത്ത് സമാനതകളില്ലാത്ത വഴിത്തിരിവുണ്ടായ പതിറ്റാണ്ടാണ് 1990 കള്‍. വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും അതുവരെ നിലനിന്നിരുന്ന സംഗീതസമ്പ്രദായങ്ങളെ ഈ കാലഘട്ടം മാറ്റിമറിച്ചു. ചലച്ചിത്രഗാനശാഖക്ക് സമാന്തരമായി വിവിധോന്മുഖസംഗീതശാഖകള് ശക്തിപ്രാപിച്ച ദശകമായിരുന്നു തൊണ്ണൂറുകള്‍. മാത്രമല്ല തൊണ്ണൂറുകളുടെ സംഗീതപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ സംഗീതരംഗം പിന്നീട് ദേശീയമായും പ്രാദേശികമായും മാറിമറിയുകയും ചെയ്തു.
എണ്‍പതുകളുടെ അവസാനം വരെ ഇന്ത്യന്‍ സംഗീതത്തില്‍ ചലച്ചിത്രഗാനശാഖക്ക് ബദലായി ഗസലുകള്‍ മാത്രമായിരുന്നു ജനപ്രിയമായി നിലനിന്നിരുന്നത്. തലത്ത് അസീസ്, ജഗ് ജിത് സിംഗ്, , ഗുലാം അലി, മെഹ് ദി ഹസന്, പങ്കജ് ഉദാസ് തുടങ്ങിവരുടെ ഗസലുകള്‍ വലിയൊരളവില്‍ ഗാനാസ്വാദകരെ സ്വാധീനിച്ചു. ചലച്ചിത്രപിന്നണിഗായികര്ക്ക് തുല്യമായ പ്രതിച്ഛായ ഗസല്‍ സംഗീതജ്ഞര്‍ക്ക് വന്നുചേര്‍ന്നു.
ചലച്ചിത്രഗാന-ഗസല്‍ ആരാധകര്‍ക്ക് പുറമേ കുറച്ചുകൂടി ഉയര്‍ന്ന പണ്ഡിതസദസുകളിലാകട്ടെ പരമ്പരാഗത ഹിന്ദുസ്ഥാനി, കര്‍ണാടിക് സംഗീതങ്ങള്‍ പതിറ്റാണ്ടുകളായി നിലനിന്നുപോന്നു. എന്നാല്‍ തൊണ്ണൂറുകളില്‍ ഇന്ത്യാടുഡേ ഗ്രൂപ്പ്, മ്യൂസിക് ടുഡേ ലിവിങ് മീഡിയ മ്യൂസിക് കമ്പനി എന്ന പേരില്‍ കാസറ്റ് കമ്പനി രൂപീകരിച്ചതോടെ പണ്ഡിതസദസുകളില് മാത്രമായി ഒതുങ്ങിക്കൂടിയ ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതം സാധാരണക്കാര്‍ക്ക് കൂടി പ്രാപ്യമായി. കര്‍ണാടിക് ക്ളാസിക്കല്‍, ഹിന്ദുസ്ഥാനി ക്ളാസിക്കല്‍ , സൂഫിസംഗീതം, ഇന്‍സ്ട്രുമെന്റല്‍, ഭജന്‍സ് തുടങ്ങി ഇന്ത്യയിലെ വൈവിദ്ധ്യം നിറഞ്ഞ പരമ്പരാഗത സംഗീതമാണ് പ്രധാനമായും മ്യൂസിക് ടുഡേ പുറത്തിറക്കിയത്. പണ്ഡിറ്റ് രവിശങ്കറിന്റെ സിത്താര്‍, പണ്ഡിറ്റ് ജസ് രാജ്, പണ്ഡിറ്റ് ഭീം സെന്‍ ജോഷി, പണ്ഡിറ്റ് റഷീദ് ഖാന്, തുടങ്ങിയവരുടെ ഹിന്ദുസ്ഥാനി കച്ചേരികള്‍, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ പുല്ലാങ്കുഴല്‍, പണ്ഡിറ്റ് ബിസ്മില്ലാഖാന്റെ ഷെഹനായി, , പണ്ഡിറ്റ് അല്ലാരഖ, പണ്ഡിറ്റ് സക്കീര്‍ ഹുസൈന് എന്നിവരുടെ തബല, പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മയുടെ സന്ദൂര്‍, അങ്ങനെ മ്യൂസിക് ടുഡേ, ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതശാഖയിലെ അതികായന്മാരുടെ വൈവിധ്യം നിറഞ്ഞ സംഗീതം കുറഞ്ഞ നിരക്കില്‍ സാധാരണക്കാരിലേക്ക് എത്തിച്ചു. ഇപ്പറഞ്ഞവ മാത്രമല്ല ഇന്ത്യന്‍ സംഗീതഭാവുകത്വത്തിന് മാറ്റം വരുത്തിയത്. കൃത്യമായി പറഞ്ഞാല്‍ 1987 ല്‍ പാകിസ്ഥാനി ഗായകന് ഹസന് ജഹാംഗീറിന്റെ ഹവാ ഹവാ എന്ന ഗാനത്തോടെയാണ് ഇന്ത്യന്‍ ചലച്ചിത്രേതരഗാനരംഗത്ത് മാറ്റത്തിന് തുടക്കമാകുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല യൂറോപ്പും കടന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വരെ ഹവാഹവാ എന്ന ഹസന് ജഹാംഗീറിന്റെ ഗാനം അലയടിച്ചു.
ഹസന് ജഹാംഗീറിന്റെ ആല്‍ബത്തിന്റെ വിജയം ചലച്ചിത്രഗാനശാഖക്ക് ബദലായി ജനപ്രിയഗാനങ്ങള്‍ സൃഷ്ടിക്കാനാകും എന്ന അവസ്ഥ സംജാതമാക്കി. ഇതോടെ ഇന്‍ഡി പോപ്പ് എന്ന പേരില്‍ പുതിയൊരു സംഗീതശാഖ പിറവിയെടുത്തു. ഇന്ത്യന്സംഗീതലോകത്തിന് അന്യമായിരുന്ന റാപ്പ്, റെഗ്ഗെ, ഹിപ്പ് ഹോപ്പ്, ഭാംഗ്രാമിക്സ് തുടങ്ങിയവ ചേര്‍ന്നതായിരുന്നു ഇന്‍ഡിപോപ്പ്. ഇന്‍ഡി പോപ്പ് തരംഗത്തിന് ആക്കം കൂട്ടിയത് സംഗീതത്തിന് മാത്രമായുള്ള എം ടിവി, വി ചാനല്‍ എന്നീ ചാനലുകളാണ്. ദൂരദര്‍ശനില്‍ ചിത്രഹാര്‍ മാത്രം കണ്ട് ശീലിച്ച പ്രേക്ഷകര്‍ക്ക് എം ടി വിയും വി ചാനലും ഇന്‍ഡി പോപ്പിലൂടെ പുത്തന്‍ കാഴ്ചയും അനുഭൂതിയും സമ്മാനിച്ചു.
ഇന്ഡിപോപ്പുമായി തൊണ്ണൂറുകളില്‍ ആദ്യമായി രംഗത്ത് വന്നത് ബാബാസൈഗാള് എന്ന പേരില്‍ അറിയപ്പെട്ട ലഖ്നൗസ്വദേശി ഹര്‍ജിത് സിംഗ് ആണ്. എംടിവിയും വിചാനലും ബാബാസൈഗാളിന്റെ ദില്‍രുബ ആലിബാബ, ടണ്ഡാപാനി എന്നീ ആല്‍ബങ്ങള്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്തു. ഇതോടെ ബാബാസൈഗാളിന്റെ കോടിക്കണക്കിന് കാസറ്റുകള്‍ വിറ്റഴിഞ്ഞു.
ബാബാസൈഗാളിനു പിന്നാലെ ബ്രീട്ടീഷ് ഇന്ത്യക്കാരനായ സ്റ്റീവന്‍ കപൂര്‍ എന്ന അപ്പാച്ചെ ഇന്ത്യന്‍ ഹിന്ദിയില്‍ റെഗ്ഗെ ഗാനങ്ങള്‍ അവതരിപ്പിച്ചു. പരമ്പരാഗത പഞ്ചാബി ഗാനശാഖയായ ഭാംഗ്രയെ കൂട്ടുപിടിച്ചുള്ള അപ്പാച്ചെ ഇന്ത്യന്റെ റെഗ്ഗേ പരീക്ഷണം ഹിറ്റായി. 1992-93 വര്‍ഷങ്ങളില്‍ ചോക് തേര് , ഡോണ്‍ രാജ എന്നീ രണ്ട് ആല്‍ബങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. അപ്പാച്ചെ ഇന്ത്യന്‍ പിന്നാലെ നെയ്റോബിയില്‍ താമസമാക്കിയ സിഖ് മതസ്ഥനായ സുഖ് ബീറിന്റെ ന്യൂ സ്റ്റൈല്‍, പഞ്ചാബി മുണ്ടെ എന്നീ ആല്‍ബങ്ങള്‍ 1992 ല്‍ പുറത്തിറങ്ങി. ഭാംഗ്രയും വെസ്റ്റേണ്‍ മ്യൂസിക്കും കൂടി കലര്‍ന്ന സുഖ്ബീറിന്റെ ഗാനങ്ങളും ചടുലനൃത്തങ്ങളും ഇന്ത്യന്‍ യുവാക്കളില്‍ സൃഷ്ടിച്ച ആവേശം ചെറുതല്ല. 1995 ല്‍ അലഹബാദ് സ്വദേശിനി അലീഷ ചിനോയിയുടെ മെയ്ഡ് ഇന്‍ ഇന്ത്യ എന്ന ആല്‍ബത്തോടെ ഇന്‍ഡി പോപ്പ് രംഗം അതിന്റെ പാരമ്യതയിലെത്തി. ബാംഗ്ളൂര്‍ സ്വദേശി മക് ദൂദ് മെഹമൂദ് അലി എന്ന ലക്കി അലിയുടെ സോച്ച് എന്ന ആല്‍ബവും, ഡല്ഹിസ്വദേശികളായ നകുല്കപൂര്, പലാഷ് സെന്‍ എന്നിവരുടെ ആല്‍ബങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പെടിച്ചു. നകുല്‍ കപൂറിന്റെ ഹോഗയീ മേ എന്ന ഗാനവും പലാഷ് സെന്നിന്റെ യൂഫോറിയ എന്ന ബാന്റും എം ടിവി, വി ചാനലുകള്‍ നിരന്തരം പ്രക്ഷേപണം ചെയ്തു.
തൊണ്ണൂറുകളില്‍ ഹിന്ദിചലച്ചിത്രരംഗം ദാവൂദ് ഇബ്രാഹീമിന്റെ ഡി കമ്പനിയുടെ പിടിയിലായി. ഡി കമ്പനിയുടെ തീരുമാനങ്ങള്‍ ബോളിവുഡിന്റെ എല്ലാമേഖലയിലും അടിച്ചേല്‍പ്പിക്കപ്പെട്ടു. സംഗീതരംഗത്തും അതിന്റെ പ്രതിഫലനം ഉണ്ടായി. ദാവൂദിന്റെ വരവോടെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ വരെ സജീവമായിരുന്ന സംഗീതസംവിധായകരായ രാംലക്ഷ്മണ്‍, ബാപ്പിലാഹരി തുടങ്ങിയവര്‍ പിന്‍വാങ്ങി. പകരം നദീം-ശ്രാവണ്‍ ജോഡി ഹിന്ദി ചലച്ചിത്ര സംഗീത സംവിധാനരംഗത്ത് ചുവടുറപ്പിച്ചു. ആഷിഖി അടക്കം തുടര്‍ഹിറ്റുകള്‍ സമ്മാനിച്ച നദീം- ശ്രാവണ്‍ ഏഴുവര്ഷമാണ്ഹിന്ദിചലച്ചിത്രഗാനമേഖല അടക്കിവാണത്. അനുരാധ പഡ്വാള്, കുമാര്‍സാനു, അല്‍ക്കായാഗ്നിക്ക്, ഉദിത് നാരായണ്‍ തുടങ്ങിയ ഗായകര്‍ ഈ കാലഘട്ടത്തില്‍ സജീവമായി. എന്നാല്‍ ടി സീരീസ് കാസറ്റ് കമ്പനി ഉടമ ഗുല്‍ഷന്‍ കുമാറിന്റെ കൊലപാതകത്തോടെ ഈ സമവാക്യങ്ങള്‍ മാറി മറിഞ്ഞു.
ജ്യൂസ് വില്പനക്കാരനും സംഗീതപ്രേമിയുമായ ഗുല്‍ഷന്‍കുമാര്‍ 1983 ലാണ് ടി സീരീസ് എന്ന പേരില്‍ കാസറ്റ് കമ്പനി രൂപീകരിച്ചത്. കാര്യമായി ലാഭമൊന്നുമില്ലാതിരുന്ന ടീ സീരീസ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ളിക്കേറ്റ് കാസറ്റുകള്‍ പകുതിവിലക്ക് കരിഞ്ചയില്‍ കച്ചവടം നടത്തിയാണ് ബോളിവുഡില്‍ ശക്തിപ്രാപിക്കുന്നത്.
ദൂരദര്‍ശനില്‍ രാമായണം സംപ്രേക്ഷണം ചെയ്തതോടെ ഉണ്ടായ ഹിന്ദു ഉണര്‍വിനെ ടി സീരീസ് ഉടമ ഗുല്‍ഷന്‍കുമാര്‍ ബുദ്ധിപരമായി മുതലെടുത്തു. നൂറ് കണക്കിന് ഹിന്ദുഭജന്സ് ആണ് ഗുല്‍ഷന്‍ കുമാര്‍ ആ കാലഘട്ടത്തില്‍ പുറത്തിറക്കിയത്. സോനുനിഗം, അനുരാധ പട്വാള്‍ തുടങ്ങി ഒട്ടേറെ പുതുമുഖഗായകരെ അണിനിരത്തിയായിരുന്നു ഗുല്‍ഷന്‍കുമാറിന്റെ നീക്കങ്ങള്‍. മിക്ക ഭക്തി ആല്‍ബങ്ങളിലും ഗുല്‍ഷന്‍കുമാര്‍ തന്നെയാണ് നായകനായി എത്തിയത്. ടീ സീരീസ് കാസറ്റ് കമ്പനിയുടെ വിജയത്തെ തുടര്‍ന്ന് ഗുല്‍ഷന്‍കുമാര്‍ ഹിന്ദിസിനിമാനിര്മാണമേഖലയിലേക്ക് കടന്നു. ലാല്‍ ദുപ്പട്ട മല്‍കാ എന്ന സിനിമായിരുന്നു തുടക്കം. 1990 ല്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്ത ആഷിക്കി എന്ന ചിത്രത്തിന്റെ വിജയം ഗുല്‍ഷന്‍കുമാറിനെ ബോളിവിഡിലെ അനിഷേധ്യനിര്മാതാവാക്കിമാറ്റി. 1991 ല്‍ ടി സിരീസിന്റെ വിറ്റുവരവ് ഇരുനൂറ് കോടി കവിഞ്ഞു. ഇതോടെ ദാവൂദ് ഇബ്രാഹീം ഗുല്ഷന്കുമാറിനോട് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍ ദാവൂദിന്റെ ആവശ്യം ഗുല്‍ഷന്‍കുമാര്‍ തള്ളി. തുടര്‍ന്ന് 1997 ആഗസ്റ്റ് 12 ന് ഗുല്‍ഷന്‍ കുമാര്‍ വെടിയേറ്റ് മരിച്ചു. ദാവൂദിന്റെ സഹോദരന് അനസ് ഇബ്രാഹീം കസ് കര്, കൂട്ടാളി അബുസലിം, നദീംശ്രാവണ്‍ ജോഡികളിലെ നദീം എന്നിവരായിരുന്നു പ്രതികള്‍.
1996 ല്‍ പുറത്തിറങ്ങിയ ഹേ അജ് നഭി എന്ന തന്റെ സംഗീത ആല്‍ബം ഗുല്ഷന്കുമാറിനെക്കൊണ്ട് വാങ്ങിപ്പിക്കാന്‍ നദീം ശ്രമിച്ചു. എന്നാല്‍ ഈ ആവശ്യം ഗുല്‍ഷന്‍കുമാര്‍ അംഗീകരിച്ചില്ല. ഇതാണ് നദീമിന്റെ പകക്ക് കാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗുല്‍ഷന്‍കുമാര്‍ മടങ്ങിവന്നില്ല. ശ്രാവണാകട്ടെ ബോളിവുഡില്‍ അവസരങ്ങളില്ലാതെ ഒതുങ്ങിക്കൂടി. 2002 ല്‍ മുംബെ ഹൈക്കോടതി നദീമിനെ കുറ്റവിമുക്തനാക്കി. നദീം-ശ്രാവണ്‍ ജോഡികള്‍ വീണ്ടും ഒന്നിച്ചെങ്കിലും അവയൊക്കെ പരാജയപ്പെട്ട പരീക്ഷണങ്ങളായിമാറി.
ഇന്ഡിപോപ്പും നദീംശ്രാവണും, കുമാര്സാനുവും അനുരാധപഡ്വാളുമൊക്കെ സമ്മാനിച്ച പുതിയ ഗാനാസ്വാദനപരിസരം തെക്കേഇന്ത്യന്‍ സിനിമാരംഗത്തും മാറ്റത്തിന് വഴിവെച്ചു. എംടിവിയുടേയും വിചാനലിന്റേയും കടന്നുകയറ്റവും അതുണ്ടാക്കിയ പുതിയ ഭാവുകത്വവും തെക്കേഇന്ത്യന്‍ ഗാനാസ്വാദകരില്‍ പുതുമയെ ഉള്‍ക്കൊള്ളാന്‍ തക്കവിധമുള്ള മാനസികാവസ്ഥ രൂപപ്പെടുത്തി.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ എ ആര് റഹ്മാന്റെ വരവോടെയാണ് തെന്നിന്ത്യന്‍ ചലച്ചിത്രഗാനരംഗം മാറിമറിയുന്നത്. കെ ജെ യേശുദാസ്, എസ് പി ബാലസുബ്രഹ്മണ്യം, എസ് ജാനകി, കെ എസ് ചിത്ര, ഇളയരാജ തുടങ്ങിയവര്‍ അടിക്കിവാണ തെന്നിന്ത്യന്‍ ചലച്ചിത്രരംഗം എ ആര് റഹ്മാന്റെ വരവോടെ അടിമുടി മാറി. തമിഴ് എന്ന പ്രാദേശികഭാഷയിലേക്ക് റാപ്പും പോപ്പും അടക്കമുള്ള പാശ്ചാത്യജനപ്രിയസംഗീതത്തെ സമന്വയിപ്പിച്ചുകൊണ്ടാണ് റഹ്മാന് തെന്നിന്ത്യയില്‍ ചുവടുറപ്പിച്ചത്. ഏത് ഭാവത്തിനും സ്വരത്തിനും യേശുദാസും എസ് പി ബാലസുബ്രഹ്മണ്യവും, എസ് ജാനകിയും ചിത്രയും എന്ന പരമ്പരാഗത സമവാക്യം എ ആര് റഹ്മാന് തകര്‍ത്തു. ഭാവത്തിനും സ്വരത്തിനും പറ്റിയ ഗായകരെകൊണ്ട് പാടിക്കുക എന്നതായിരുന്നു റഹ്മാന്ശൈലി. ഇതോടെ അതുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന വലിയൊരുസംഘം ഗായകര്‍ യേശുദാസിനും എസ് പി ബാലസുബ്രഹ്മണ്യത്തിനും എസ് ജാനകിക്കും കെ എസ് ചിത്രക്കും ബദലായി ഉയര്‍ന്നു വന്നു. ഷാഹുല്‍ഹമീദ്, മിന്മിനി, സുരേഷ് പീറ്റേഴ്സ്, സ്വര്‍ണലത, അന്ദരനന്ദി, ബെന്നി ദയാല്‍, നരേഷ് അയ്യര്‍, തന്വിഷാ തുടങ്ങിവര്‍ ഇവരില്‍ ചിലര്‍ മാത്രം. ഗായകര്‍ക്ക് ഗാനത്തിലുള്ള അപ്രമാദിത്വം സമ്പൂര്‍ണ്ണമായി ഇല്ലാതാവുകയും സംഗീതസംവിധായകന് ഗാനത്തില്‍ ഏകാധിപതിയാവുകയും ചെയ്യുന്ന കാഴ്ചയാണ് റഹ്മാന് യുഗത്തില്‍ കാണാനാവുക. സംഗീതസംവിധാനത്തോടൊപ്പം പാട്ടുകള്‍ പാടാനും റഹ്മാന് തയ്യാറായി. പുതുമുഖഗായകരെ അവതരിപ്പിച്ചപ്പോഴും യേശുദാസിനേയും എസ് ബി ബാലസുബ്രഹ്മണ്യത്തേയും ചിത്രയേയും പൂര്‍ണമായി ഒഴിവാക്കാന്‍ റഹ്മാന് തയ്യാറായിരുന്നില്ല. വല്ലപ്പോഴുമൊക്കെ ഇവര്‍ക്ക് റഹ്മാന് പാട്ടുകള്‍ നല്കി ചേര്‍ത്ത് നിര്‍ത്തി. പാട്ട് ആര് പാടി എന്നതല്ല റഹ്മാനാണോ സംഗീതസംവിധാനം എന്ന നിലയിലേക്ക് സംഗീതാസ്വാദകരെ ചിന്തിപ്പിക്കാന്‍ റഹ്മാന് കഴിഞ്ഞു. ഇളയരാജയുടെ അപ്രമാദിത്വവും റഹ്മാന്റെ കടന്നുവരവോടെ ഏതാണ്ട് അവസാനിച്ചു. തൊണ്ണൂറുകളുടെ മധ്യത്തില്‍ ശങ്കര്‍-കെ ടി കുഞ്ഞുമോന്, കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പിറന്നതോടെയാണ് റഹ്മാന്യുഗം പരകോടിയിലെത്തുന്നത്. ജെന്റിമാന്, കാതലന്‍, മുതല്വന്, ഇന്ത്യന്‍ തുടങ്ങിയ സിനിമകളിലൂടെ റഹ്മാന് തരംഗം തെന്നിന്ത്യയിലാകെ അലയടിച്ചു. തുടര്‍ന്ന് റഹ്മാന് തെന്നിന്ത്യ വിട്ട് ഹിന്ദി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ചു. 1995 ല്രാംഗോപാല്വര്മ സംവിധാനം ചെയ്ത രംഗീലയായിരുന്നു റഹ്മാന്റെ ആദ്യഹിന്ദിചിത്രം. രംഗീലയിലെ ഗാനങ്ങള്‍ ഇന്ത്യയിലാകെ തരംഗമായി മാറി. തുടര്‍ന്ന് റഹ്മാന് ഹിറ്റുകളുടെ പരമ്പര തന്നെ ഹിന്ദിചലച്ചിത്രരംഗത്ത് സൃഷ്ടിച്ചു. 1997 ല്‍ പുറത്തിറങ്ങിയ വന്ദേമാതരം എന്ന റഹ്മാന്റെ ആല്‍ബത്തിലെ മാ തുച്ഛേ സലാം എന്ന ഗാനം ഇന്ത്യയെ ഇളക്കിമറിച്ചു. വന്ദേമാതരത്തിന്റെ കോടിക്കണക്കിന് കാസറ്റുകള്‍ ലോകമാകെ വിറ്റഴിഞ്ഞു. ഇന്ത്യന്‍ ചലച്ചിത്രഗാനരംഗത്തെ അക്ഷരാര്‍ത്ഥത്തില്‍ രാജ്യാന്തരസംഗീതമാക്കുകയാണ് റഹ്മാന് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി ഓസ്കാര്‍ അവാര്‍ഡ് നേടിയ സംഗീതജ്ഞനായി റഹ്മാന് മാറി. 2009 ല്‍ റിലീസായ സ്ളംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന് ലോകസംഗീതത്തിന്റെ പരമോന്നത ബഹുമതിയായ ഓസ്കാര്‍ പുരസ്കാരം ലഭിക്കുന്നത്.
തൊണ്ണൂറുകളില്‍ ചലച്ചിത്രഗാനരംഗത്തും ചലച്ചിത്രേതരഗാനശാഖകള്ക്കും ഉണ്ടായ കുതിപ്പ് രണ്ടായിരത്തിന്റെ മധ്യത്തോടെ ക്രമേണ കുറഞ്ഞു വന്നു. സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമായിരുന്നു കാരണം. കാസറ്റുകള്‍ പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വാങ്ങി. അതോടെ സിനിമക്ക് സമാന്തരമായി നിലനിന്ന സംഗീതവിപണി ഏറെക്കുറെ അപ്രസക്തമായി. ഇതൊടൊപ്പം സിനിമയില്‍ ഗാനങ്ങള്‍ അനിവാര്യമല്ല എന്ന കാഴ്ചപ്പാടും ചലച്ചിത്ര ഗാനങ്ങളുടെ പ്രസക്തി ഒരു അളവുവരെ കുറച്ചു. 2025 ല്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇന്ത്യന്‍ ചലച്ചിത്ര- ചലച്ചിത്രേതര ഗാനശാഖ തൊണ്ണൂറുകള്‍ പോലെ സജീവമല്ല എന്ന് ഉറപ്പിച്ച് പറയാനാകും.
( തുടരും …. )