എം.എസ്.സനില്‍കുമാര്‍
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റില്‍ നിന്ന് ജീവനക്കാരെ വ്യാപകമായി പിരിച്ചുവിടുന്നു. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റ് വിനോദ ചാനലാണ് ജീവനക്കാരെ കുറയ്ക്കാന്‍ നീക്കം തുടങ്ങിയത്. മലയാളത്തില്‍ ഇതാദ്യമാകും മാധ്യമ മേഖലയില്‍ ഇത്ര വന്‍തോതില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്.
ആദ്യഘട്ടത്തില്‍ നോട്ടീസ് കൈപ്പറ്റിയ 80ല്‍ 60 പേര് പ്രൊഡക്ഷന്‍ വിഭാഗത്തില്‍ നിന്നാണ്. ശേഷിച്ച 20 പേര് ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നുമാണ്. പിരിഞ്ഞു പോകുന്നവര്‍ക്ക് 15 മാസത്തെ ശമ്പളമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഗ്രാറ്റുവിറ്റി, പിഎഫ് തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് ഈ തുക. മാര്‍ച്ച് 31ന് മുമ്പായി പിരിഞ്ഞു പോകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
2019 മുതല്‍ ഡിസ്നി -സ്റ്റാര്‍ ഉടമസ്ഥതയിലായിരുന്നു ഏഷ്യാനെറ്റ്. കഴിഞ്ഞ വര്‍ഷം ഡിസ്നി -സ്റ്റാര്‍ കമ്പനിയെ റിലയന്‍സ് ഉടമസ്ഥതയിലുള്ള ജിയോ സ്റ്റാര്‍ ഏറ്റെടുത്തതോടെ ഏഷ്യാനെറ്റ് വിനോദ ചാനലും അതിന്റെ ഭാഗമായി മാറി. ജിയോ സ്റ്റാറിനെ നിതാ മുകേഷ് അംബാനി ചെയര്‍പേഴ്സണായുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് നിയന്ത്രിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഭാഗമായ ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവയില്‍ നിന്നും പിരിച്ചുവിടലിന് ജിയോ സ്റ്റാര്‍ കമ്പനിക്ക് പദ്ധതിയുണ്ട്.
റഷ്യയിലെ മലയാളി വ്യവസായിയായിരുന്ന റെജി മേനോന് 1993ല്‍ സ്ഥാപിച്ചതാണ് ഏഷ്യാനെറ്റ് ടിവി ചാനല്‍. അക്കാലത്ത് വിനോദവും വാര്‍ത്തയും ചേര്‍ത്ത് ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന ഒറ്റ ചാനലായിരുന്നു. 2006 അവസാനത്തോടെ റെജി മേനോന് ബംഗലൂരുവിലെ വ്യവസായിയും ബിപിഎല്‍ കമ്പനി ഡയറക്ടറുമായ രാജീവ് ചന്ദ്രശേഖറിന് (ജൂപ്പിറ്റര്‍ എന്റര്‍ടൈന്‍മെന്റ് വെഞ്ച്വേഴ്സ്) ചാനല്‍ കൈമാറി.
2006ല്‍ ഏഷ്യാനെറ്റിന്റെ 51% ഓഹരികള്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്റ്റാര്‍ ഇന്ത്യ വാങ്ങി. പിന്നാലെ 2008ല്‍ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക കമ്പനിയായി. വിനോദ ചാനല്‍ സ്റ്റാറിന്റെ കീഴിലായി. ന്യൂസ് ചാനലിന്റെ ഉടമസ്ഥത രാജീവിനുമായി. 2014ല്‍ വിനോദ ചാനലിന്റെ പൂര്‍ണ്ണ ഉടമസ്ഥാവകാശം സ്റ്റാര്‍ ഇന്ത്യക്കായി. 2019ല്‍ സ്റ്റാറിന്റെ ഓഹരികള്‍ വാള്‍ട്ട് ഡിസ്നി വാങ്ങിയതോടെ ഡിസ്നി -സ്റ്റാര്‍ സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഏഷ്യാനെറ്റ്. ഏറ്റവുമൊടുവില്‍ കഴിഞ്ഞവര്‍ഷം ജിയോ സ്റ്റാറിന്റെ വരവോടെയാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വരുന്നത്.
