കൊച്ചി: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല ആരംഭിക്കുമെന്ന പ്രഖ്യാപനവുമായി രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിന് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലാണ് സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. ജെയിന് ഗ്ലോബല്‍ യൂണിവേഴ്സിറ്റി എന്ന പേരിലാണ് സര്‍വകലാശാല സ്ഥാപിക്കുന്നത്. മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സര്‍വകലാശാല ബില്ലിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ പ്രഖ്യാപനം.
കോഴിക്കോട് ആസ്ഥാനമായി ആരംഭിക്കാന്‍ പദ്ധതിയിടുന്ന ജെയിന് ഗ്ലോബല്‍ യൂണിവേഴ്സിറ്റിയുടെ ആദ്യഘട്ട നിക്ഷേപം 350 കോടി രൂപയാണ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉപക്യാമ്പസുകളും സ്ഥാപിക്കും. ജെയിന് യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍നിന്ന് പ്രചോദനം ഉള്ക്കൊണ്ടുവിഭാവനം ചെയ്ത ഫ്യൂച്ചര്‍ കേരള മിഷന്റെ ഭാഗമായാണ് പുതിയ സര്‍വകലാശാല സ്ഥാപിക്കുന്നത്. ഗവേഷണാധിഷ്ഠിത വിദ്യാഭ്യാസം, തൊഴില്‍ അവസരം സൃഷ്ടിക്കല്‍, സംരംഭകത്വം, യുവജന ശാക്തീകരണം എന്നിവയിലൂടെ കേരളത്തെ മികച്ച വാസസ്ഥലമാക്കിമാറ്റുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയാണ് ഫ്യൂച്ചര്‍ കേരള മിഷന്.
ഇതിന്റെ ഭാഗമായി സാങ്കേതികവിദ്യയെ ആധാരമാക്കി പ്രായോഗിക പരിജ്ഞാനവും വിദ്യാര്‍ഥികേന്ദ്രീകൃതവുമായ വിദ്യാഭ്യാസ മാതൃക രൂപപ്പെടുത്തുകയാണ് പുതിയ സര്‍വകലാശാലയുടെ ലക്ഷ്യം. ആഗോളതലത്തിലുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും, കേരളത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കും പുരോഗതിക്കും സംഭാവന നല്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തമാക്കുന്ന രീതിയുള്ളതാകും പാഠ്യപദ്ധതി. മികവാര്‍ന്ന പഠന പദ്ധതിയിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യര്‍ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിച്ചുകൊണ്ട് കേരളത്തെ ആഗോളവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം.
