എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി സിപിഐഎമ്മിനും കോണ്‍ഗ്രസിനും പണം നല്‍കിയെന്നാരോപിച്ച് ബിജെപി. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ആരോപിച്ചു.പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്കി. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു.
ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നത്. മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു.
അതേസമയം, ബിജെപി ആരോപണത്തിന് മറുപടിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു രംഗത്തെത്തി.സിപിഎമ്മിന് ഒരു അക്കൗണ്ടേയുള്ളുവെന്നും അത് ആർക്കും പരിശോധിക്കാമെന്നും പാർട്ടി അംഗങ്ങൾ വാഹനം വാങ്ങുമ്പോള്‍ അതിൻ്റെ ഉറവിടം വെളിപ്പെടുത്തണമെന്നും അതാണ് സിപിഎം സംഘടനാ തത്വമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.വഴിവിട്ട മാർഗത്തിലൂടെ സമ്മാനങ്ങൾ വാങ്ങിയാൽപോലും അത് പരിശോധിക്കുന്ന പാർട്ടിയാണ് സിപിഎം. ഏതെങ്കിലും കമ്പനിക്ക് സിപിഎമ്മിനെ സ്വാധീനിക്കാനാവില്ല.
കൃഷ്ണകുമാറിന് കച്ചവടത്തിലാണ് താൽപര്യം.കോടികളുടെ കണക്ക് പറയുന്നതിലാണ് താൽപര്യം.കൃഷ്ണകുമാർ ബിജെപിയിൽ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ ആസ്തി എത്രയാണെന്ന് പരിശോധിക്കണം.ആരെങ്കിലും പറയുമ്പോൾ തുറക്കാനുള്ളതല്ല അക്കൗണ്ട് ഡീറ്റെയിൽസ്.കേന്ദ്ര ഏജൻസിയല്ല ലോക ഏജൻസി തന്നെ അന്വേഷിക്കട്ടെയെന്നും ഒരു പേടിയുമില്ലെന്നും സുരേഷ്ബാബു പറഞ്ഞു. തെളിവുണ്ടെങ്കിൽ ബിജെപി പുറത്തുവിടട്ടെയെന്നും ഇഎൻ സുരേഷ് ബാബു വെല്ലുവിളിച്ചു.
