ശ്രീപ്രിയ ഷാജി
നൃത്തത്തിലെ ജാതിവിവേചനത്തെക്കുറിച്ചു ഗവേഷണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ വി.പി.മന്‍സിയയ്ക്ക് അതു വെറുമൊരു പഠനവിഷയമായിരുന്നില്ല, സ്വന്തം ജീവിതം തന്നെയായിരുന്നു. നര്‍ത്തകിയായി അരങ്ങിലെത്തുമ്പോള്‍ കുട്ടിക്കാലം മുതല്ക്കേ അനുഭവിക്കേണ്ടി വന്ന ഒറ്റപ്പെടുത്തലുകള്‍, അതിന്റെ പേരില്‍ ഒഴുക്കിയ കണ്ണീര്… എതിര്‍പ്പുകളെ അവഗണിച്ചു മന്‍സിയ ചിലങ്കയെ മാറോടണച്ചു. മാറ്റിനിര്ത്തലുകള്ക്കൊന്നും അവളുടെ ദൃഢനിശ്ചയത്തെ തളര്‍ത്താന്‍ കഴിഞ്ഞില്ല. മദ്രാസ് സര്‍വകലാശാലയില്‍നിന്നു ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിക്കൊണ്ടാണ് എല്ലാറ്റിനും അവള് മറുപടി പറഞ്ഞത്. ഒന്നാം റാങ്കുമായി പുറത്തിറങ്ങുമ്പോള്‍ എടുത്ത തീരുമാനമായിരുന്നു നൃത്തത്തില്‍ ഗവേഷണം നടത്തുമെന്ന്. അതും സ്വന്തം അനുഭവം മുന്‍നിര്‍ത്തി.
മലപ്പുറം വള്ളുവമ്പ്രം ആഗ്നേയത്തില്‍ അലവിക്കുട്ടി – ആമിന ദമ്പതികളുടെ മക്കളായ മന്‍സിയയും ചേച്ചി റൂബിയയും ക്ലാസിക്കല്‍ നൃത്തത്തിലേക്കെത്തിയത് ഉമ്മയുടെ താല്പര്യപ്രകാരമാണ്. ഒരിക്കല്‍ ടിവിയില്‍ കണ്ട നൃത്തം നാട്ടിന്‍പുറത്തുകാരിയായ ആമിനയെ വല്ലാതെ ആകര്‍ഷിച്ചു. ഗള്‍ഫിലുള്ള ഭര്‍ത്താവ് അലവിക്കുട്ടിയോടു കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിനു നൂറുവട്ടം സമ്മതം. അങ്ങനെ മഞ്ചേരിയിലെ നൃത്താധ്യാപിക സരോജിനിയുടെ അടുക്കല്‍ മക്കളെ ചേര്‍ത്തു.
സ്കൂള്‍ കലോത്സവമായിരുന്നു റൂബിയയുടെയും മന്‍സിയയുടെയും ആദ്യ വേദി. നൃത്തച്ചുവടില്‍ രണ്ടുപേരും കാണിക്കുന്ന മികവു കണ്ട് സരോജിനി ടീച്ചര്‍ അവര്‍ക്കു പല വേദികളും ഒരുക്കിക്കൊടുത്തു.
എന്നാല്‍, കയ്യടിയോടെയായിരുന്നില്ല സഹോദരിമാരുടെ പ്രകടനത്തെ പലരും സ്വീകരിച്ചത്. ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും അലവിക്കുട്ടിയും ആമിനയും പിന്മാറാന് തയാറായിരുന്നില്ല. മക്കളെ അറിയപ്പെടുന്ന നര്ത്തകിമാരാക്കാന് തന്നെയായിരുന്നു അവരുടെ തീരുമാനം.
വേഷമണിഞ്ഞ് അരങ്ങേറും മുന്‍പു കരഞ്ഞിറങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട് മന്‍സിയയ്ക്കും ചേച്ചിക്കും. നിശ്ചയിച്ച വേദിയില്‍ അവതരിപ്പിക്കാനാവാതെ മറ്റൊരു വേദിയില്‍ നൃത്തം ചെയ്യേണ്ടി വന്നിട്ടുമുണ്ട്. എന്നാല്‍, എന്തിനും ധൈര്യം പകരാന്‍ രക്ഷിതാക്കള്‍ കൂടെയുണ്ടായിരുന്നു. പക്ഷേ, ആ ധൈര്യംപകരല് പെട്ടെന്നു നിലയ്ക്കുന്ന അവസ്ഥയെത്തി. ആമിന അര്‍ബുദം ബാധിച്ചു കിടപ്പിലായി. മരിക്കും മുന്‍പ് അവര്‍ക്കു മക്കളോടു പറയാന്‍ ഒന്നേയുണ്ടായിരുന്നുള്ളൂ – ‘വിലക്കുകളില്‍ ഒടുങ്ങിപ്പോകേണ്ടതല്ല നിങ്ങളുടെ ഭാവി’. മക്കളെ നൃത്തം പഠിപ്പിച്ചതിന്റെ പേരില്‍ ആമിന ഏറെ സഹിച്ചു. ചികിത്സാ സഹായത്തിനുള്ള പണം പോലും നിഷേധിക്കപ്പെട്ടത് അതിന്റെ പേരിലായിരുന്നു. മരണാനന്തരവും അതു തുടര്‍ന്നു.
മന്‍സിയ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മ മരിച്ചത്. ഉമ്മയുടെ റോള്‍ കൂടി ഉപ്പ ഏറ്റെടുത്തു. സ്കൂള്‍ കലോത്സവങ്ങളില്‍ നൃത്തവേദിയിലേക്കു കയറുമ്പോള്‍ സ്റ്റേജിനു മുന്നില്‍നിന്നു പ്രോത്സാഹിപ്പിക്കാന്‍ ഉമ്മയില്ലാത്തതിന്റെ സങ്കടം അവള്‍ക്കുണ്ടായിരുന്നു. എന്നാല്‍, ഇരട്ടി സങ്കടം ഉണ്ടായത് ചില അധ്യാപകരുടെ പെരുമാറ്റത്തിലായിരുന്നു. സംസ്ഥാനതലത്തില്‍ മന്‍സിയ ആദ്യമായി മത്സരിക്കുന്നത് മോണോ ആക്ടിലായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ജീവിതാനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്ത മോണോ ആക്ടായിരുന്നു അത്. 8 മുതല്‍ പ്ലസ് ടു വരെയുള്ള 5 വര്‍ഷവും ഭരതനാട്യം, കുച്ചിപ്പുഡി, കേരളനടനം എന്നീ ഇനങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാനതലത്തിലെത്തി. 2012ല്‍ പ്ലസ്ടു പഠനം കഴിഞ്ഞതോടെ സ്കൂള്‍ കലോത്സവ വേദി വിട്ടു.
മഞ്ചേരി എസ്എസ്എസ് കോളജില്‍ 2013, 14 വര്‍ഷങ്ങളില്‍ സി-സോണ്‍ കലോത്സവത്തില്‍ കലാതിലകം. ഇതേ വര്‍ഷങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ മത്സരത്തിലും കലാതിലകം.
മഞ്ചേരി എന്‍എസ്എസ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരുന്ന സമയത്തു മന്സിയയായിരുന്നു കാലിക്കറ്റ് സര്‍വകലാശാല കലാതിലകം. ആല്‍എല്‍വി ആനന്ദ്, പ്രമോദ് ദാസ് എന്നിവരായിരുന്നു ഗുരുക്കന്മാര്.
ഭരതനാട്യത്തില്‍ ഒന്നാം റാങ്ക്
ഭരതനാട്യത്തോടുള്ള ഇഷ്ടംകൊണ്ടാണ് മദ്രാസ് സര്‍വകലാശാലയില്‍ എംഎക്കു ചേര്‍ന്നത്. പത്മ സുബ്രഹ്മണ്യം, അലര്മേല് വള്ളി എന്നിവരുടെയൊക്കെ നൃത്തത്തെ അടുത്തറിയാന്‍ സാധിച്ചു. ക്ലാസിക്കല്‍ നൃത്തത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ ഒരു കാര്യം വ്യക്തമായി. നൃത്തത്തില്‍ പ്രായോഗിക ജ്ഞാനം മലയാളികള്‍ക്കും സാങ്കേതിക കാര്യങ്ങളില്‍ തമിഴര്ക്കുമാണു പ്രാവീണ്യമെന്ന്. എംഎ ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ ഒരു കൂട്ടുകാരി ചോദിച്ചു: ‘മദ്രാസ് സര്‍വകലാശാലയില്‍നിന്നു ഭരതനാട്യത്തില്‍ ഒന്നാം റാങ്ക് നേടുന്ന ആദ്യ മുസ്ലിം വിദ്യാര്‍ഥിനി മന്സിയയാണല്ലേ?”.
‘മതത്തിന്റെ പേരിലല്ല റാങ്ക് ലഭിക്കുക, പഠനത്തിന്റെ ആഴം അളന്നാണ്. ഞാന്‍ പഠിച്ചു നേടിയതാണ് ഈ റാങ്ക്’. മന്‍സിയയുടെ ആ മറുപടി കൂട്ടുകാരിക്കു മാത്രമുള്ളതായിരുന്നില്ല.നൃത്തവും പഠനവും ഒരുപോലെ കൊണ്ടുപോകാനായിരുന്നു മന്‍സിയയുടെ തീരുമാനം. തിരുവനന്തപുരത്ത് രാജശ്രീ വാരിയരുടെ അടുത്തു നൃത്തപഠനത്തിനു ചേര്‍ന്നു. കലാമണ്ഡലത്തിലാണ് എംഫില്‍ ചെയ്തത്. ഭരതനാട്യത്തിന്റെ ചരിത്രമായിരുന്നു പഠനവിഷയം. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ നര്‍ത്തകിമാര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് എംഫില്‍ കാലത്തു മനസ്സിലാക്കാന്‍ സാധിച്ചു. കുട്ടിക്കാലം മുതല്ക്കേ താന്‍ അനുഭവിച്ച കാര്യങ്ങള്‍ നൂറ്റാണ്ടുകളായി നര്‍ത്തകിമാര്‍ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് പിഎച്ച്ഡിക്ക് അതേ വിഷയം സ്വീകരിച്ചത്.
ദേവദാസികളുടെ സദിര് എന്ന നൃത്തരൂപത്തില്നിന്നാണു ഭരത്യനാട്യത്തിലെത്തുന്നത്. കീഴാളരായിരുന്ന ദേവദാസികളുടെ നൃത്തവും സംഗീതവും സംസ്കരിച്ചാണ് ഭരതനാട്യവും മോഹിനിയാട്ടവും രൂപപ്പെടുത്തിയത്. ഈ രൂപാന്തര കാലഘട്ടത്തിലും അതിനു ശേഷവും നര്‍ത്തകിമാര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചാണ് മന്‍സിയ ഗവേഷണം നടത്തിയത്. മലയാള സര്‍വകലാശാലയിലെ എഴുത്തച്ഛന് ചെയര്‍ അധ്യക്ഷന്‍ ഡോ. കെ.എം.അനിലിന്റെ കീഴിലാണു ഗവേഷണം മുന്നോട്ടു കൊണ്ടുപോയത്..
മത്സരിക്കേണ്ടത് നമ്മളോടാണ്
ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്കു വേണ്ടിയല്ല മത്സരിക്കേണ്ടത്. ഓരോരുത്തരും അവരവരോടു മത്സരിക്കണം. ഓരോ തവണയും നന്നാക്കാന്‍ ശ്രമിക്കണം. പുതിയ തലങ്ങള്‍ കണ്ടെത്തണം. പലതവണ കലാതിലകവും കലാപ്രതിഭയും ആയവരില്‍ പലരും എവിടെയും എത്താത്തവരുണ്ട്. എന്നാല്‍, സമ്മാനങ്ങള്‍ കിട്ടാത്ത പലരും ഉന്നതനേട്ടങ്ങള് കൈവരിക്കുന്നുണ്ട്. സ്വയം മെച്ചപ്പെടുത്താനാകാണം മത്സരം. അപ്പോള്‍ ഓരോരുത്തര്‍ക്കും വിജയിക്കാനാകും. തനിക്ക് ഒന്നാം സ്ഥാനം കിട്ടണമെന്നു പറഞ്ഞു വീട്ടുകാരോ പരിശീലകരോ എന്നില്‍ സമ്മര്‍ദം ചെലുത്തിയിരുന്നില്ല.
നൃത്തത്തിനോടുള്ള ഇഷ്ടം തുടരാനുള്ള ഒരിടമായിരുന്നു കലോത്സവം. നമ്മളിലെ കഴിവുകളെ വളര്‍ത്താന്‍ സ്കൂള്‍ കലോത്സവം വലിയ വേദിയാണ്.
തന്റെ ഗവേഷണഫലങ്ങളെല്ലാം സര്‍വകലാശാല അലമാരയില്‍ മാത്രം ഒതുങ്ങിപ്പോകാതെ നൃത്തത്തെ സ്നേഹിക്കുന്ന എല്ലാവരിലും എത്തിക്കാനാണു മന്‍സിയയുടെ ആഗ്രഹം. കലയ്ക്കുള്ളില് ജാതിയും മതവും നിറവുമില്ലെന്നു പുതുതലമുറയ്ക്കു ബോധ്യപ്പെടണം. ഇനിയൊരു നര്‍ത്തകിക്കും തന്റെ അനുഭവം വരാതിരിക്കാനുള്ള പോരാട്ടം കൂടിയാണ് ഈ നൃത്തജീവിതം.
