കോഴിക്കോട്: താമരശ്ശേരിയിൽ മരിച്ച വിദ്യാർഥിയെ മർദ്ദിക്കാൻ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിന്റെ തെളിവുകളായ വാട്സാപ് ചാറ്റുകൾ പുറത്തുവന്നു. കൊലവിളി നടത്തുന്ന ഇൻസ്റ്റഗ്രാം ചാറ്റുകൾ നേരത്തേ പുറത്തുവന്നിരുന്നു.
ഞാനിന്നൊരു കാര്യം പറയാം. ഷഹബാസിനെ ഞാനിന്ന് കൊല്ലും. പറഞ്ഞാൽ പറഞ്ഞപോലെയാണ്. ഓന്റെ കണ്ണ് ഒന്ന് പോയി നോക്ക്. കണ്ണൊന്നും ഇല്ല.’, ‘മരിച്ചുകഴിഞ്ഞാലും വലിയ വിഷയമില്ല. കേസൊന്നും ഉണ്ടാവില്ല. അവർ ഇങ്ങോട്ട് വന്നതല്ലേ. കേസൊക്കെ തള്ളിപ്പോകും’, എന്നാണ് ഇൻസ്റ്റഗ്രാം ചാറ്റിലുള്ളത്. ”നമ്മൾ ഇന്ന് കുത്തും. എല്ലാവരും വേഗം വരിം… നമ്മൾ ഇന്ന് കുത്തീട്ടേ പോവുള്ളൂ. ആണുങ്ങൾ ആരെങ്കിലും ഗ്രൂപ്പിൽ ഉണ്ടെങ്കി വേഗം വന്നോളീം” എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. വരാൻ പറ്റുന്നവർ വരണമെന്നും ഇന്ന് ഒറ്റ മൈന്റേ ഉള്ളൂവെന്നും വിദ്യാർഥികൾ ചാറ്റിൽ പറയുന്നു.
സംഘർഷത്തിൽ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു . രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവത്തിന്റെ തുടക്കം. ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ ഫെയർവെൽ പരിപാടിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു ട്യൂഷൻ സെന്ററിലെ പരിപാടി. ഇതിന്റെ തർക്കത്തിന്റെ തുടർച്ചയായിട്ടാണ് വ്യാഴാഴ്ച എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.
സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസിൽ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തും.
