ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്.പാകിസ്ഥാനെതിരായ മത്സരത്തിനിടയിലാണ് രോഹിത്തിന് പരിക്കേറ്റത്. കഴിഞ്ഞ ദിവസങ്ങളിൽ ബാറ്റിങ് പരിശീലനം നടത്താത്ത ഏക ഇന്ത്യൻ താരം രോഹിത് ശർമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും പരിശീലകൻ ഗൗതം ഗംഭീറുമായി രോഹിത് ഏറെ സമയം ടീം സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. രോഹിത് ശർമ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ നായകന്റെ റോളിലെത്തും. രോഹിത് ശർമയ്ക്ക് പകരമായി രണ്ട് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവരിലൊരാൾക്കായിരിക്കും അവസരം ലഭിക്കുക.ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ബംഗ്ലാദേശിനെതിരെയും പാകിസ്താനെതിരെയും ഇന്ത്യ വിജയം നേടി. എങ്കിലും അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലാൻഡും സെമിയിൽ കടന്നിട്ടുണ്ട്. പാകിസ്താനും ബംഗ്ലാദേശുമാണ് ഗ്രൂപ്പിൽ നിന്ന് പുറത്തായ ടീമുകൾ.
