സിനിമാ സമരം നടത്താനുള്ള നിർമാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തിൽ സമവായ ചർച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. മോഹൻലാലും സുരേഷ് ഗോപിയും ഉൾപ്പെടെയുള്ള താരങ്ങൾ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു.
അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഫിലിം ചേംബറിന്റെ നിർണായകയോഗം ഇന്ന് കൊച്ചിയിൽ ചേരും. എതിർത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകൾ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാനാണ് ഫിലിം ചേംബറിന്റെ യോഗം.
നിർമാതാക്കളുടെ സംഘടനയ്ക്കുള്ളിലെ തർക്കം ചർച്ച ചെയ്യാൻ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. യോഗത്തിൽ ആന്റണി പെരുമ്പാവൂരുമായുള്ള തർക്കം ചർച്ചയാക്കുകയും വിശദീകരണം ചോദിക്കുന്നതിൽ തീരുമാനം എടുക്കുകയും ചെയ്യും. ജൂൺ ഒന്നിലെ സമരവുമായി മുന്നോട്ടുപോകണോ എന്നും യോഗത്തിൽ ചർച്ചയാകും. യോഗത്തിൽ നിർമാതാവ് ജി സുരേഷ് കുമാർ പങ്കെടുക്കും. നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന ഫെഫ്കയുടെ നിലപാടിന് പ്രസക്തിയുണ്ടെന്നും മലയാള ചലച്ചിത്രമേഖലയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കപ്പെടേണ്ടതാണെന്നും സംവിധായകർ പറഞ്ഞു. അർത്ഥപൂർണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത ഒരു വിഷമപ്രശ്നവും നിലവിലില്ലെന്നും പ്രമേയത്തിൽ പറഞ്ഞു. സംവിധായകൻ ബ്ലെസി ആണ് പ്രമേയം അവതരിപ്പിച്ചത്.
