രാഷ്ട്രീയകാര്യ ലേഖകന്‍
കേരള രാഷ്ട്രീയത്തില്‍ എല്ലാക്കാലത്തും അധികാരത്തിനുവേണ്ടി മോഷം കിട്ടാത്ത ആത്മാവിനെ പോലെ അലഞ്ഞ നേതാവായിരുന്നു പി.സി ചാക്കോ. രാഷ്ട്രീയം ഒക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതം ആരംഭിക്കേണ്ട കാലത്തും ചാക്കോ അധികാരത്തിന് പിന്നാലെ തന്നെയായിരുന്നു. അധികാരത്തിന്റെ സാധ്യതകള്‍ തേടി കാലങ്ങളോളം സംരക്ഷിച്ച പാര്‍ട്ടിയെ പോലും തള്ളിപ്പറഞ്ഞായിരുന്നു ചാക്കോയുടെ എന്‍സിപി പ്രവേശനം.
നാലു തവണയാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും ലോക്സഭയിലേക്ക് എത്തുന്നത്. പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒന്നുമാകാതെ പോകുന്നിടത്താണ് നാലുതവണ എംപി ആയിട്ട് വീണ്ടും മത്സരിക്കുവാന്‍ അവസരം കിട്ടാത്തതിനെ തുടര്‍ന്ന് ചാക്കോ കോണ്‍ഗ്രസ് വിടുന്നത്. ചാക്കോ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ആരും ഒരുതരത്തിലുള്ള വിഷമവും പ്രകടിപ്പിച്ചിരുന്നില്ല. ഒരുപക്ഷേ ചാക്കോയെ പോലെയുള്ളവര്‍ ആ പാര്‍ട്ടിക്ക് ഭാരമായിരുന്നേക്കാം.
പാപി ചെല്ലുന്നിടം പാതാളം എന്നുപറയുന്നപോലെ ചാക്കോ ചെന്ന എന്‍സിപിയും പിന്നീട് സാക്ഷ്യം വഹിച്ചത് അതുവരെ നേരിടാത്ത പ്രശ്നങ്ങള്‍ക്കായിരുന്നു. ദേശീയതലത്തിലും സംസ്ഥാനത്തും പാര്‍ട്ടി വലിയ പൊട്ടിത്തെറികളിലേക്ക് എത്തി. ദേശീയതലത്തില്‍ ശരത് പവാറും അജിത് പവാറും രണ്ട് തട്ടുകളില്‍ ആവുകയും പാര്‍ട്ടി പിളരുകയും ചെയ്തു. സ്വാഭാവികമായും ഒരു എംഎല്‍എയും ഒരു മന്ത്രിയും ഉണ്ടായിരുന്ന കേരളത്തിലെ പാര്‍ട്ടിക്ക് അങ്ങനെയൊരു നിലപാട് സ്വീകരിക്കുവാന്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള അപ്പക്കക്ഷണം തേടുന്നവര്‍ക്ക് നിലപാടൊന്നും ഒരു പ്രശ്നമല്ലായിരുന്നു. അങ്ങനെ മന്ത്രി ശശീന്ദ്രനും തോമസ് കെ തോമസ് എംഎല്‍എയും ഇടതില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ അപ്പോഴും ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പം അടിയുറച്ച് നിലകൊള്ളുകയായിരുന്നു അന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന എന്‍ എ മുഹമ്മദ് കുട്ടി. എല്ലാവരും ഒന്നിച്ച് എന്‍സിപിയില്‍ നിലനില്‍ക്കുന്ന കാലത്തും ചാക്കോ യ്ക്കെതിരെ നിരന്തരം എന്‍ എ മുഹമ്മദ് കുട്ടി കലാപക്കൊടി ഉയര്‍ത്തുമായിരുന്നു.
പി എസ് സി നിയമന വിവാദം ചര്‍ച്ചയ്ക്ക് കൊണ്ടുവരുന്നതും നിയമനടപടികള്‍ക്ക് തുടക്കം കുറിക്കുന്നതും എന്‍ എ മുഹമ്മദ് കുട്ടി തന്നെയായിരുന്നു. ഇപ്പോഴും മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നിയമനടപടികള്‍ തുടരുകയും ചെയ്യുന്നുണ്ട്. കാലങ്ങള്‍ക്കപ്പുറം പി സി ചാക്കോ എന്‍സിപിയുടെ അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വെക്കുമ്പോള്‍, അതിന് കാരണമായി ഭവിച്ചത് പി എസ് സി നിയമന വിവാദം തന്നെയാണെന്ന് തെളിയുമ്പോള്‍ ഇന്നത്തെ രാജി കാലത്തിന്റെ കാവ്യ നീതിയായി വിലയിരുത്തപ്പെടും.
അതിന് വഴിയൊരുക്കിയതാകട്ടെ എന്‍ എ മുഹമ്മദ് കുട്ടിയെന്ന കറകളഞ്ഞ എന്സിപികാരനും. സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം പേറുന്ന കുടുംബ പശ്ചാത്തലത്തില്‍ നിന്നും മതേതര ജനാധിപത്യ പുരോഗമന ആശയങ്ങളെ ചേര്‍ത്തുപിടിച്ച് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന ആളാണ് എന്‍ എ മുഹമ്മദ് കുട്ടി. അനീതിക്കെതിരായ പോരാട്ടത്തിന് എല്ലാകാലത്തും അദ്ദേഹം നേതൃത്വം നല്‍കിയിട്ടുണ്ട്.
എന്‍സിപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ചാക്കോ കടന്നുവന്ന നിമിഷം മുതല്‍, അദ്ദേഹം നടത്തുവാന്‍ ശ്രമിച്ച അഴിമതികളില്‍ എല്ലാം ചോദ്യചിഹ്നമായി നിറഞ്ഞുനിന്നത് എന്‍ എ മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടിയാണ്. ഇഷ്ടക്കാരും അടുപ്പക്കാരുമാണ് അദ്ദേഹത്തെ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാറുള്ളത്. ഇടതുപക്ഷത്ത് നില്ക്കുമ്പോള് രണ്ടുതവണയാണ് കോട്ടയ്ക്കല്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. രണ്ടാംതവണ മത്സരിക്കുമ്പോള്‍ ലീഗ് കോട്ടയില്‍ ശക്തമായ മത്സരമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്. പരാജയമാണ് സംഭവിച്ചത് എങ്കിലും ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ അദ്ദേഹം അവിടെ നടപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം കോട്ടയ്ക്കലുകാരുടെ പ്രിയപ്പെട്ട മമ്മൂട്ടി സാറാണ്.
രാഷ്ട്രീയത്തിലും വ്യാവസായിക രംഗത്തും ഒരേപോലെ തിളങ്ങുന്ന അദ്ദേഹം പുതിയൊരു ദൗത്യവുമായാണ് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ വിശദീകരണയാത്ര നടത്തിയത്. ഇടത് വലതുമുന്നണികള്‍ മാറിമാറി സംസ്ഥാനത്ത് കൊള്ളയടിക്കലും അഴിമതിയുമായി ഭരണം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ അതിനെതിരായ ഉറച്ച പോരാട്ടമാണ് അദ്ദേഹം നടത്തുന്നത്. കേരളം മാറണം, മാറിയേ തീരൂ, ആരു മാറ്റും…? എന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു യാത്ര. ഐക്യ കേരളം ഐശ്വര്യ കേരളം എന്നതാണ് എന്‍ സി പി യുടെ രാഷ്ട്രീയ മുദ്രാവാക്യം.
കടുത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ തള്ളിവിട്ട് ചാക്കോയും ശശീന്ദ്രനും തോമസ് കെ തോമസും മറു പക്ഷത്തേക്ക് പോയപ്പോഴും പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പണിയെടുക്കുകയാണ് എന്‍ എ മുഹമ്മദ് കുട്ടി. കേരളത്തിലെ കണ്ടും കേട്ടും പഠിച്ച മുന്നണി രാഷ്ട്രീയത്തിന് മാറ്റം കുറിക്കണമെന്ന് അദ്ദേഹം പറയുമ്പോള്‍, വെറുതെ അങ്ങ് പറഞ്ഞു പോകുകയല്ല, കൃത്യമായ കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പരമാവധി ജനങ്ങളോടും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരോടും സംവദിച്ചുകൊണ്ടാണ് അദ്ദേഹം യാത്ര നടത്തിയത്. മഹാത്മാഗാന്ധി സ്വപ്നം കണ്ട ഗ്രാമ സ്വരാജിലേക്ക് നാടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് വേണ്ടി നിരന്തരം ഇടപെടലുകള്‍ നടത്തുന്ന എന്‍ എ മുഹമ്മദ് കുട്ടി വികസന രാഷ്ട്രീയത്തിലൂന്നി, പരിസ്ഥിതി സൗഹാര്‍ദ്ദ രാഷ്ട്രീയം പറഞ്ഞുകൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ ജ്വലിച്ചു നില്‍ക്കുന്നത്.
