ബി ടി അനില്‍കുമാര്‍
വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കാന് ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. പ്രത്യേകിച്ചും രാഷ്ട്രീയം കുലത്തൊഴിലാക്കിയവര്‍ക്ക്. അത്രയൊക്കെയേ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവും എം പിയുമായ ശശി തരൂരും ഉദ്ദേശിച്ചിട്ടുണ്ടാവൂ. ഒരു പിആര്‍ ഏജന്‍സിയുമില്ലാതെ ഒറ്റ ദിവസം കൊണ്ട് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചാവിഷയമാകുന്നത് എങ്ങിനെയെന്ന് തരൂര്‍ കാണിച്ചു കൊടുത്തു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച് കൈ കൊടുത്തതിനെയും കേരളം വ്യവസായ സൗഹൃദ സംസ്ഥാനമായതിനെയും പ്രകീര്‍ത്തിച്ച തരൂരിന് ബിജെപി, സിപിഎം കക്ഷികളില്‍ നിന്ന് ആവോളം പ്രശംസ കിട്ടി.
അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ കൈവിലങ്ങും കാല്ച്ചങ്ങലകളുമിട്ട് മടക്കി അയച്ചതിന്റെ പേരില്‍ രാജ്യമാകെ കേന്ദ്രസര്‍ക്കാരിന്റെ വിധേയത്വ സമീപനത്തെ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെയാണ് തരൂര്‍ മോദിക്ക് വാഴ്ത്തുപാട്ടുമായെത്തിയത്. എന്നാല്‍ വ്യാപാര മേഖലയിലും പ്രതിരോധ മേഖലയിലുമൊക്കെ ക്രിയാത്മകമായ മാറ്റം കൊണ്ടുവരുന്നതാണ് മോദി ട്രംപ് കൂടിക്കാഴ്ചയെന്നതിനാലാണ് താന്‍ അതിനെ പിന്തുണച്ചതെന്ന് തരൂര്‍ പിന്നീട് പ്രതികരിച്ചു.
കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ കൈവരിച്ച കുതിച്ചുചാട്ടത്തെ പ്രകീര്‍ത്തിച്ച് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ തരൂര്‍ ലേഖനമെഴുതിയതിന്റെ പേരില്‍ കോണ്ഗ്രസ്സുകാര് എതിരായും സി പി എം പ്രതിരോധിച്ചും ചാടിപ്പുറപ്പെട്ടു. യഥാര്‍ത്ഥത്തില്‍ അമളി പറ്റിയത് ലേഖനം മുഴുവന്‍ വായിക്കാതെ തരൂരിന്റെ അഭിപ്രായത്തെ എതിര്‍ത്ത കോണ്‍ഗ്രസ്സിന് മാത്രമല്ല; തരൂരിന്റേത് പ്രശംസയാണെന്ന് തെറ്റിദ്ധരിച്ച് കുളിരുകൊണ്ട സി പി എം നും ഇടതു സര്‍ക്കാരിനും കൂടിയാണ്.
‘കേരളത്തില്‍ പുതിയൊരു വ്യവസായമാരംഭിക്കുന്നതിന്റെ നൂലാമാലകള്‍ പരിഹരിച്ചുവെന്നും മൂന്നു മിനുട്ടു കൊണ്ട് അനുമതി നല്കാന് കഴിയുമെന്നുമുള്ള മന്ത്രി പി രാജീവിന്റെ അവകാശവാദം ‘ശരിയാണെങ്കില്‍’ എന്ന ഒരു ഒഴികഴിവ് മുന്നോട്ടു വെച്ചു കൊണ്ടാണ് കേരളത്തിന്റെ വ്യാവസായിക അന്തീക്ഷത്തെപറ്റി തരൂര്‍ പറയുന്നത്. കമ്മ്യണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്കുന്ന ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഈ മാറ്റം കേരളത്തിലുണ്ടായത് എന്നതില്‍ അത്ഭുതം തോന്നുന്നുവെന്ന് പറയുന്ന ശശി തരൂര്‍, അത്ഭുതമുണ്ടാവേണ്ട കാര്യമില്ലെന്ന് തൊട്ടുപിന്നാലെ കൂട്ടിച്ചേര്‍ക്കുന്നു.
‘The communists in Kerala, like their counterparts in West Bengal at the beginning of the century, understood that the path to growth and prosperity for their people lies in capitalism, entrepreneurship, and initiative, not in red flags, strikes, and agitations. There is a perception that this attitude only holds when they are in government and that they will return to their bad old ways if they lose the next state elections …..’
അതായത്,തങ്ങളുടെ ജനതയുടെ പുരോഗതിക്കും വളര്‍ച്ചയ്ക്കും ആധാരമാക്കേണ്ടത് മുതലാളിത്തത്തേയും സംരംഭകത്വത്തേയും പുത്തന്‍ ചുവടുവയ്പ്പുകളെയുമാണ്. അതല്ലാതെ ചെങ്കൊടികളെയോ സമരങ്ങളെയോ പ്രക്ഷോഭങ്ങളെയോ അല്ലെന്ന് കേരളത്തിലെയും ബംഗാളിലെയും കമ്മ്യൂണിസ്റ്റുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന്. ഭരണത്തിലിരിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ തിരിച്ചറിവുണ്ടാകുന്നതെന്ന് തരൂര്‍ പരിഹസിക്കുന്നു. ഇതാണ് ലേഖനത്തിലെ ഏറ്റവുംപ്രസക്തമായ ഭാഗവും. ഇരുപക്ഷത്തും നിന്ന് പോരാടാനിറങ്ങിയ കോണ്‍ഗ്രസ്സോ കമ്മ്യൂണിസ്റ്റോ ഈ ഭാഗം വായിച്ചിട്ടില്ലെന്ന് ഉറപ്പ്.
കോണ്ഗ്രസ്സുകാര് പൊതുവേ വായനാ വിരോധികളാണെന്ന് ആക്ഷേമുണ്ട്. അതുകൊണ്ടു തന്നെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ് അവര്‍ മിക്ക കാര്യങ്ങളിലും പ്രതികരണവുമായി ചാടിത്തുള്ളി വരുന്നത്. കമ്മ്യൂണിസ്റ്റുകാരും ഇപ്പോള്‍ ഇതേവഴിക്കാണെന്ന് തോന്നുന്നു. അല്ലെങ്കില്‍ തങ്ങളുടെ അടിവേരിളക്കുന്ന തരൂര്പ്രസ്താവനയെ അവര്‍ പിന്തുണയ്ക്കുന്നതെങ്ങിനെ!
തങ്ങളുടെ ‘ജനതയുടെ പുരോഗതിയും വികാസവും മുതലാളിത്തത്തിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് കമ്മ്യൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു’വെന്ന തരൂരിന്റെ പരാമര്‍ശം കമ്മ്യണിസ്റ്റുകാര്‍ കാണാതെ പോയതാണ് ഏറ്റവും അതിശയിപ്പിക്കുന്നത്. ഭരണത്തിലായിരിക്കുമ്പോള്‍ (മാത്രം) കമ്മ്യണിസ്റ്റുകള്‍ ഇതനുസരിച്ച് പെരുമാറുന്നു. ഭരണം നഷ്ടപ്പെട്ടാല്‍ ചെങ്കൊടി, സമരം, പ്രക്ഷോഭം എന്ന പഴകിയ കലാപരിപാടികളേക്ക് അവര്‍ മടങ്ങിപ്പോകുമെന്നും തരൂര്‍ പരിഹസിക്കുന്നുണ്ട്.
എന്തായാലും മനസ്സിലായതിന്റെ മാത്രം അടിസ്ഥാനത്തില്‍ രാഹുല്‍ ജി തരൂരിനെ വിളിച്ച് ഒന്നു ഗുണദോഷിച്ച് വിട്ടിട്ടുണ്ട്. കേരളത്തില്‍ കെ സുധാകരനും തരൂരിനെ കോണ്‍ഗ്രസ് രീതിയനുസരിച്ചുള്ള രഹസ്യ ശാസനയ്ക്ക് വിധേയമാക്കി ബോധവത്കരിച്ചു. തല്ക്കാലം എല്ലാം ശുഭം….കോണ്‍ഗ്രസ്സിലെ മൂപ്പിളമത്തര്‍ക്കങ്ങള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ അടുത്ത ലേഖനവുമായി തരൂര്‍ വീണ്ടും വരും. അതു വരെ ഒരു സ്മാള്‍ കൊമേഴ്സ്യല്‍ ബ്രേയ്ക്ക്….
