എയര്‍ലൈന്‍ ട്രാവല്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രണ്ട് ഐടി കമ്പനികള്‍ അടക്കം നിരവധി കമ്പനികള്‍ രാജേന്ദ്രനുണ്ട്. ഇതിൽ ചില കമ്പനികളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. അദ്ദേഹത്തിന്റെതായി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോയ്സിറ്റ് ടെക്നോളജീസ് എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ദുബായിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോയ്സിറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന ലിമിറ്റഡ് ലയബലിറ്റി കമ്പനിയുമാണ് ഇപ്പോള്‍ ബൈജൂസുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളില്‍ പ്രധാന്യം നേടുന്നത്.
കഴിഞ്ഞദിവസം ഒരു സ്വകാര്യ മാധ്യമമാണ് അദ്ദേഹത്തിന്റെ സ്ഥാപനങ്ങൾക്ക് ബൈജൂസുമായുള്ള ബന്ധം തുറന്നുകാട്ടി ഒരു സ്വകാര്യ ഓൺലൈൻ പോർട്ടൽ വാർത്ത പുറത്തുവിട്ടത്. ബൈജൂസ് കമ്പനിയ്ക്കെതിരെ അമേരിക്കയിൽ വിവിധ നിയമനടപടികൾ ഇപ്പോഴും തുടരുകയാണെന്ന് പ്രസ്തുത മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ജനുവരി 13 ന് അമേരിക്കയിലെ ഒരു കോടതി രാജേന്ദ്രന് കനത്ത പിഴ ശിക്ഷയായി വിധിച്ചിരുന്നുവെന്നും സ്വകാര്യമാധ്യമം പുറത്തുവിടുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുൻപ് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്യുടെക് കമ്പനി എന്ന് പേരുണ്ടായിരുന്ന ബൈജൂസും അതിന്റെ ഉടമസ്ഥന് ബൈജൂവും ഒട്ടേറെ കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍, തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ബൈജുവിന് പുറമേ മറ്റു പലരും ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരവും പൊതുമധ്യത്തിൽ ചർച്ചയായിരുന്നു.
ഈ ശരങ്ങൾ തന്നെയാണ് ഇപ്പോൾ രാജേന്ദ്രൻ വെള്ളപ്പാലത്തിന് നേരെയും ഉയരുന്നത്. ബൈജൂസ് ആല്‍ഫ എന്ന കമ്പനി അമേരിക്കയില്‍ നിന്നെടുത്ത വായ്പയുടെ വ്യവസ്ഥകള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് രാജേന്ദ്രന് വെള്ളപ്പാലത്തിനെതിരെയുള്ള കേസ്. കഴിഞ്ഞ ഡിസംബര്‍ നാലിന് അമേരിക്കയിലെ ഡെലവെയറിലുള്ള കോടതി രാജേന്ദ്രന് വെള്ളപ്പാലത്തിനോട് ജനുവരി 13 പത്തുമണിക്ക് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായും സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാല്‍ കോടതിയുടെ പല ഉത്തരവുകളും ധിക്കരിച്ച് അദ്ദേഹം കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ജനുവരി 13 മുതല്‍ ഹാജാരാകാതിരുന്ന ഒരോ ദിവസത്തിനും 25,000 ഡോളര്‍ അഥവാ ഏകദേശം ഇരുപത് ലക്ഷം രൂപ വീതം പിഴയായി കെട്ടിവയ്ക്കണമെന്ന് ജഡ്ജി ഉത്തവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് അമേരിക്കന്‍ കോടതി ജയില്‍ വാസം വിധിച്ചേക്കാമെന്ന് പല നിയമ വിദഗ്ധരും ചുണ്ടിക്കാട്ടുന്നതായും സ്വകാര്യ മാധ്യമം വാർത്തയിൽ പറഞ്ഞിരുന്നു. യാഥാർത്ഥ്യത്തിൽ അമേരിക്കന്‍ കോടതി നടപടികളുടെ കുരുക്കിലാണ് ഇപ്പോള്‍ രാജേന്ദ്രന് വെള്ളപ്പാലത്ത്.
അമേരിക്കന്‍ കോടതിയുടെ കുരുക്ക് മുറുകി കൊണ്ടിരിക്കുമ്പോള്‍, രാജേന്ദ്രന് എറണാകുളത്തെ വാണിജ്യ കോടതിയില്‍ തിങ്ക് ആന്‍ഡ് ലേണിനെതിരെയും ആപ്പിള്‍, ഗൂഗിള്‍ കമ്പനികള്‍ക്കെതിരെയും താന്‍ ബൈജൂസില്‍ നിന്നും അമേരിക്കയില്‍ വാങ്ങിച്ചുവെന്ന് അവകാശപ്പെടുന്ന കമ്പനികളുടെ ഉടമസ്ഥവകാശം മരവിപ്പിച്ചതിനെതിരേയും, കമ്പനികളുടെ ഉടമസ്ഥാവകാശം തനിക്ക് തിരിച്ചു കിട്ടണം എന്നാവശ്യപ്പെട്ടും, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ അമേരിക്കൻ ഫെഡറൽ ജഡ്ജി ദശലക്ഷക്കണക്കിന് ഡോളർ ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. അതേസമയം, ബൈജുവുമായുള്ള രാജേന്ദ്രന്റെ ബന്ധത്തിന് കാലങ്ങളോളം പഴക്കമുണ്ടെന്ന് പറയുന്നവരും ഉണ്ട്.
