തിരുവനന്തപുരം: കേരള പ്രവാസി അസോസിയേഷന്റെ മുന്നണി പ്രവേശനം യുഡിഎഫിനുള്ളിൽ അമർഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. മറ്റു പല ഘടകകക്ഷികൾക്കും ഇത്ര വേഗത്തിൽ പ്രവാസി അസോസിയേഷന് മുന്നണി ഈ പ്രവേശനം സാധ്യമാക്കിയതിലും നിയമസഭാ സീറ്റിലേക്ക് പരിഗണിക്കുന്നതിലേക്ക് പോലും എത്തിയതിലും എതിർപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇങ്ങനെ ഒരു സംഘടന തന്നെ ഇവിടെ ഉണ്ടായിരുന്നുവെന്ന് പത്തുപേർ അറിയുന്നത് ഇവർ യുഡിഎഫിൽ പ്രവേശിച്ചതിനു ശേഷം മാത്രമാണ്. 2022 മേയ് പകുതിയോടെയാണ് കേരള പ്രവാസി അസോസിയേഷന് എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കുന്നത്.
‘സ്വയം പര്യാപ്തമായ’ കേരളം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആ പ്രവാസി മലയാളികളുടെ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചയാള്‍ എന്ന നിലയിൽ സ്വയം ഒരു പ്രശസ്തി സൃഷ്ടിച്ചെടുക്കുവാൻ രാജേന്ദ്രൻ വെള്ളപ്പാലത്ത് ബോധപൂർവ്വം ശ്രമിച്ചിരുന്നു. ആ ശ്രമം തന്നെയാണ് യുഡിഎഫിലേക്ക് അദ്ദേഹത്തെ എത്തിച്ചതും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി രാജേന്ദ്രന് ശ്രമിച്ചിരുന്നതായി ചില കേന്ദ്രങ്ങള്‍ പറയാതെ പറയുന്നുണ്ട്. പക്ഷേ പരാജയപ്പെട്ടു. അതിനിടെ ഇന്ത്യ ഫസ്റ്റ് എന്ന പേരില്‍ ഒരു ചാനല്‍ ആരംഭിക്കാന്‍ അദ്ദേഹമൊരുങ്ങി. മുതിര്‍ന്ന ജേര്‍ണലിസ്റ്റുകള്‍ക്ക് പൊതുവേ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ അധികം നല്കി ചിലരെ റിക്രൂട്ട് ചെയ്തു.
കേരള പ്രവാസി അസോസിയേഷന്റെ പേരില്‍ കേരള ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മറ്റും പൊതു താത്പര്യ ഹര്‍ജികള്‍ നല്കി, അത് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നു. അത്തരത്തിൽ രാഷ്ട്രീയത്തിൽ തന്റെ പേരും മുഖവും നിറഞ്ഞു നിൽക്കുന്നതിന് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരാളാണെന്ന വിമർശനവും ശക്തമാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച മലയോര യാത്രയിലും രാജേന്ദ്രൻ തുടക്കം മുതൽ ഒടുക്കം വരെയും പങ്കെടുത്തിരുന്നു. വെറുതെയങ്ങ് പങ്കെടുക്കുക മാത്രമല്ല ചെയ്തത്. എല്ലാ പ്രദേശങ്ങളിലൂടെയും യാത്ര കടന്നു പോയപ്പോൾ പ്രതിപക്ഷ നേതാവിനൊപ്പം തന്നെ മുഴുവൻ സമയവും വാഹനത്തിൽ രാജേന്ദ്രൻ സഞ്ചരിക്കുകയും ചെയ്തിരുന്നു.
രാജേന്ദ്രൻ യുഡിഎഫിന്റെ ഭാഗമായത് തന്നെ നേരായ മാർഗ്ഗത്തിലൂടെ അല്ലെന്ന വിമർശനവും ഉയർത്തുന്നവരും ചിലരുണ്ട്. ആ വിമർശനങ്ങൾ കഴമ്പില്ലെന്നു പറയുവാനും കഴിയില്ല. കാരണം അത്രമേൽ വേഗത്തിലായിരുന്നു രാജേന്ദ്രന്റെ യുഡിഎഫ് പ്രവേശനം. യുഡിഎഫിൽ പ്രത്യേക ക്ഷണിതാക്കൾ ആയിട്ടാണ് രാജേന്ദ്രന്റെ പാർട്ടിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്വന്തമായി ക്യാമറമാനും എഡിറ്റിംഗ് സംവിധാനവും എല്ലാമായി സർവ്വ സജ്ജമായാണ് രാജേന്ദ്രൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. അതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലും കാണാവുന്നതാണ്. മലയോര യാത്രയുമായി ബന്ധപ്പെട്ട് സതീശൻ ഉപയോഗിച്ചതിനെക്കാൾ വൃത്തിയായി രാജേന്ദ്രൻ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.
ലീഗിന്റെ കൈവശമുള്ള കുന്ദമംഗംലം സീറ്റ് പ്രവാസി അസോസിയേഷന് വിട്ടുകൊടുക്കാനുള്ള നീക്കം യുഡിഎഫിൽ നടക്കുന്നതിന് പിന്നിൽ നിഗൂഢത ഉണ്ടെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ലീഗ് മത്സരിച്ച് വന്നിരുന്ന കുന്ദമംഗലത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാര്‍ത്ഥികളായിരുന്നില്ല യുഡിഎഫിനായി മത്സരിച്ചത്. 2021ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ കോണ്‍ഗ്രസുകാരനായ ദിനേശ് പെരുമണ്ണയും 2016ൽ കോൺഗ്രസിൻ്റെ ടി സിദ്ധിഖുമായിരുന്നു കുന്ദമംഗലത്ത് യുഡിഎഫിനായി മത്സരിച്ചത്. ലീഗിന് കൂടി സ്വീകാര്യതയുള്ള സ്ഥാനാര്‍ത്ഥികളെ കഴിഞ്ഞ രണ്ട് തവണയും ഇവിടെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കുന്ദമംഗലം സീറ്റിനായി പ്രവാസി അസോസിയേഷൻ്റെ നേതാവ് രാജേന്ദ്രൻ വെള്ളപ്പാലത്ത് ലീഗ് നേതൃത്വത്തെ സമീപിച്ചതോടെയാണ് പ്രാദേശിക ഘടകത്തില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. കുന്ദമംഗലം സീറ്റ് നേടിയെടുക്കാനുള്ള പ്രവാസി അസോസിയേഷൻ്റെ നീക്കം ഏകദേശം വിജയം കണ്ടതോടെയാണ് യുഡിഎഫിൻ്റെ പ്രാദേശിക ഘടകങ്ങളിൽ ഉയർന്ന അസ്വാരസ്യങ്ങള്‍ പൊട്ടിത്തേറിയിലേക്ക് വഴിമാറിയത്. അതേസമയം, കുന്ദമംഗലം പെയ്ഡ് സീറ്റ് ആണെന്ന തരത്തിലുള്ള ചർച്ചകളും പൊതുസമൂഹത്തിൽ നടക്കുന്നുണ്ട്. ഉയരുന്ന ആരോപണങ്ങളിൽ ഇതുവരെയും രാജേന്ദ്രൻ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
