എം.എസ്.സനിൽകുമാർ
തിരുവനന്തപുരം: ഫെബ്രുവരി 20ന് യുജിസിയുടെ കരട്റെഗുലേഷനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച ദേശീയ കൺവെൻഷൻ നടന്നത് സർക്കാർ. ചെലവിൽ. പങ്കെടുക്കേണ്ട ഡലിഗേറ്റുകളുടെ ചെലവുകൾ സർവ്വകലാശാലകൾ ഉൾപ്പെടെയുള്ളയുള്ള സർക്കാർ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്ന് ചെലവഴിക്കുവാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, സർവ്വകലാ ശാലകൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിരുന്നു. തലസ്ഥാനത്തുള്ള കേരള , സാങ്കേതിക സർവ്വകലാ ശാലകളിലെ അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 500 പേരെ പങ്കെടുപ്പിക്കണമെന്നും തലസ്ഥാനത്തിന് പുറത്തുള്ള സർവകലാശാലകൾ 25 പേരെ പങ്കെടുപ്പിക്കണമെന്നും, ഉന്നത ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്നും അവരുടെ ചെലവ് സർവകലാശാലകൾ വഹിക്കണമെന്നും പങ്കെടുക്കുന്നവർക്ക് ഡ്യൂട്ടി ലീവ് അനുവദിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. പ്രതിനിധികൾക്ക് എല്ലാവർക്കും കൺവെൻഷൻ കിറ്റ് നൽകാൻ സർക്കാർ സ്ഥാപനമായ സി ആപ്റ്റിനെ ആണ് ചുമതലപ്പെടുത്തിയത് യുജിസിക്കെതിരായി സംസ്ഥാന സർക്കാർ നടത്തുന്ന ഒരു കൺവെൻഷന് പൊതു ഖജനാവിൽ നിന്ന് പണം ചെലവഴിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത് ആദ്യമായാണ്. സർവകലാശാലകൾ കൂടാതെ, കോളേജ് വിദ്യാഭ്യാസ വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ, ഐഎച്ച്ആർ ഡി, എൽ ബിഎസ്,അസാപ് .തുടങ്ങിയ സർക്കാർ സ്ഥലങ്ങളിൽ നിന്നും പ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
