തിരുവനന്തപുരം: ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. അക്കാദമിക കലണ്ടറിനെ നോക്കുകുത്തിയാക്കി, ക്ലാസുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ പരീക്ഷനടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്. ക്ളാസ് തീരുംമുന്‍പ് പരീക്ഷ നടത്തുന്നതിനെക്കുറിച്ച് മാതൃഭൂമി വാര്‍ത്തനല്‍കിയിരുന്നു. ഫെബ്രുവരി 25ന് ഉച്ചയ്ക്കുശേഷം നടത്താന്‍ നിശ്ചയിച്ചിരുന്ന ഒന്‍പതിലെ ബയോളജി പരീക്ഷ മാര്‍ച്ച് 15ന് രാവിലെ നടത്തും.
27-ന് ഉച്ചയ്ക്ക് നടത്താനിരുന്ന സാമൂഹ്യശാസ്ത്രം മാര്‍ച്ച് 18ന് രാവിലെയാക്കി. ഫെബ്രുവരി 25ന് രാവിലെ നടത്താനിരുന്ന എട്ടിലെ ഹിന്ദിയും ഒന്‍പതിലെ ഒന്നാംഭാഷാ പേപ്പര്‍-2 പരീക്ഷയും മാര്‍ച്ച് 11-ലേക്ക് മാറ്റി. ഇതേദിവസം നടത്താനിരുന്ന എട്ടിലെ ഒന്നാംഭാഷാ പേപ്പര്‍-2 പരീക്ഷ മാര്‍ച്ച് 25ലേക്ക് മാറ്റി. ഫെബ്രുവരി 27-ന് നടത്താനിരുന്ന എട്ടിലെ കലാ-കായിക പ്രവൃത്തിപരിചയം പരീക്ഷ മാര്‍ച്ച് 27ന് രാവിലെയുമാക്കി മാറ്റിക്രമീകരിച്ചു. പ്രായോഗികത പരിഗണിച്ച് പുനഃക്രമീകരിക്കുന്നെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിലുള്ളത്. പരിഷ്കരിച്ച പാഠപുസ്തകം പ്രകാരം അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനംപോലും ഇത്തവണ നല്‍കിയിരുന്നില്ല. അതിനിടെയാണ് പാഠം തീരുംമുന്പേ പരീക്ഷ നടത്താനുള്ള ഉത്തരവ് വന്നത്.
