കൊച്ചി: വിവിധ കോളോജുകളിലെയും മറ്റു സര്‍വകലാശാലകളിലെയും സമീപകാല ബിരുദധാരികള്‍ക്കായി അപ്സ്കില്ലിങ് ഇന്റേണ്‍ഷിപ് പ്രോഗ്രാം തുടങ്ങാന്‍ സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചു. ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെ (ഐക്യു എസി) നേതൃത്വത്തില്‍ ആയിരിക്കും ഇന്റേണ്‍ഷിപ് പ്രോഗ്രാം ആരംഭിക്കുക. വൈസ്ചാന്‍സലര്‍ ഡോ. ജുനൈദ് ബുഷിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് തീരുമാനം എടുത്തത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ലഭ്യമായ അത്യാധുനിക ഉപകരണങ്ങളിലും സൗകര്യങ്ങളിലും അനുഭവപരിചയം നല്‍കുന്നതിനും ഗവേഷണാധിഷ്ഠിത പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്നവര്‍ക്കു പ്രായോഗിക പരി ശീലനവും പ്രശ്നപരിഹാര അവസരങ്ങളും പകരുകയുമാണ് ഇന്റേണ്‍ഷിപ് കൊണ്ട് ലക്ഷ്യം വെക്കുന്നത്.
തൊഴില്‍ക്ഷമതയും സാങ്കേതിക വൈദഗ്ധ്യവും വര്‍ധിപ്പിക്കാന്‍ പ്രോഗ്രാം സഹായിക്കും. അക്കാദമിക് പഠനവും വ്യവസായ ആവശ്യങ്ങളും തമ്മിലുള്ള വ്യത്യാസം മനസിലാക്കി പ്രവര്‍ത്തിക്കുക, യുവ ബിരുദധാരികളെ അത്യാധുനിക ഗവേഷണത്തിലേക്ക് കൊണ്ടുവരിക എന്നിവയും പ്രോഗ്രാമിന്റെ പ്രത്യേകതയാണ്. തൊഴിലവസരങ്ങള്‍ കണ്ടെത്താനും കഴിവുകള്‍ വികസിപ്പിക്കാനും സഹായിക്കുകയും കുസാറ്റും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മില്‍ സഹകരണം വളര്‍ത്തുകയും ചെയ്യുക എന്നതും ലക്ഷ്യത്തില്‍പെടുന്നു.
വകുപ്പുകളില്‍ ഫീസ് അടിസ്ഥാനമാക്കിയുള്ള മുഴുവന്‍ സമയ ഇന്റേണ്‍ഷിപ് പ്രോഗ്രാമായാണു പദ്ധതി രൂപകല്പന ചെയ്തിട്ടുള്ളത്. ഓരോ വകുപ്പിനും പരിശീലനത്തിന്റെ ഉള്ളടക്കം തീരുമാനിക്കാന്‍ സ്വാതന്ത്ര്യം നല്‍കും. എന്നാല്‍ പ്രായോഗിക പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. വകുപ്പിലെ ഗവേഷകരുടെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള അവസരം ലഭിക്കും. ഒരു വിദ്യാര്‍ഥിക്ക് ഒരു അധ്യാപകന് എന്ന രീതിയിലായിരിക്കും മേല്‍നോട്ടം. പരിശീലന കാലാവധി ഒരു മാസം മുതല്‍ 3 മാസം വരെ. ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്കു പങ്കെടുക്കാം. 6,000 രൂപയാണ് ഫീസ്. പരി ശീലനം വിജയകരമായി പൂര്‍ത്തി യാക്കുന്നവര്ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും.
