മോഹന്‍ കെ കൃഷ്ണന്
കള്ള പ്രചാരണങ്ങള്‍, കണക്കുകളുടെ ദുര്‍വ്യാഖ്യാനം, വ്യാജ നരേറ്റീവുകള്‍ ഇവ സമാസമം അരച്ചെടുത്താല്‍ ഏട്ടില്‍ പൂത്തു നില്ക്കുന്ന കേരളത്തിലെ കുതിക്കുന്ന പുരോഗതിയുടെ വഞ്ചന വടിച്ചെടുക്കാം. തിരിച്ചറിയാം.
നിലവിലുള്ള എല്ലാ ചെറുകിട വ്യവസായ രജിസ്ട്രേഷനുകളും റദ്ദാക്കി പുതിയ ഉദ്യം പോര്‍ട്ടലില്‍ പുതുതായി സകലമാനപേരും രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ക്ക് തുടക്കമായത് 2020 ജൂലൈ ഒന്നിന്. അവസാനിച്ചത് 2022 ജൂണ്‍ 30 നും. 1947 മുതലുള്ളവര്‍ക്ക് റീ രജിസ്ട്രേഷന് നിര്‍ബ്ബന്ധമാക്കി. ബാങ്ക് ലോണിനും പലിശ, ആദായ നികുതി ഇളവുകള്‍ക്കും മറ്റു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കും ഇതുവേണം.ഇന്‍ഡസ്ട്രി മാത്രമല്ല ട്രേഡും സേവന മേഖലയും ജിഎസ്ടി രജിസ്ട്രേഷനുള്ള മൊത്ത -ചില്ലറ കച്ചവടക്കാരെയും പുതുതായി പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ എല്ലാ സംസ്ഥാനങ്ങളിലും കുതിപ്പൂണ്ടായി. അഖിലേന്ത്യാ തലത്തില്‍ 300 ലേറെയും കേരളത്തില്‍ 254 ശതമാനവും രജിസ്ട്രേഷന് മുന്‍ വര്‍ഷങ്ങളെക്കാള്‍ വര്‍ദ്ധിച്ചു, ആനുകൂല്യങ്ങളില്‍ കണ്ണുനട്ട് സൂക്ഷ്മ സംരംഭങ്ങള്‍ കൂട്ടത്തോടെ ഇതിന്റെ ഭാഗമായി.
ഇവിടുത്തെ സുകുമാരവൃത്തികളായ തിരിക്കുത്ത്, ഇന്ദ്രജാലം, ഏതെടുത്താലും അമ്പത്, മയിലെണ്ണയും ലാടവൈദ്യവും, ഒരു ജോഡി കുഞ്ഞുടൂപ്പിനു ഒരു കൂഞ്ഞു ഫ്രീ എന്ന ജഗതി മോഡല്‍, ആക്രി, രാത്രിയിലെ തട്ടുകട, ചൂടുകടലയും ഉന്തുവണ്ടിയും, ബലൂണ്‍ വില്പന, ചുട്ട അണ്ടി, കുന്തള തൈലം, കസ്തുരാദി, മുറിവെണ്ണ, ക്വട്ടേഷന്‍, മയക്കുവെടി, ലോട്ടറി… ഇവയെല്ലാം അങ്ങനെ നമ്മുടെ എംഎസ്എംഇ (മൈക്രോ,സ്മോള്‍,മീഡിയം എന്റര്‍പ്രൈസസ്) ആയി മാറി. എന്തിനേറെ സന്താനോല്പാദനം വരെ സംരംഭമാകും വിധം ഉദാരമായി നിയമം എന്നു പറഞ്ഞാല്‍ മതിയല്ലോ! അതിന്റെ കാരണഭൂതങ്ങളാകട്ടെ മികച്ച സംരംഭകരും
കണക്കില്‍ മാത്രമാണ് ഒന്നും ഒന്നും രണ്ട്. ഇവിടെ നടന്ന മഹത്തായ വ്യവസായ വിപ്ലവത്തില്‍ രണ്ടര ലക്ഷം സംരഭങ്ങള്‍ ഞെരിപ്പോടെ കുതിച്ചതായി സര്‍ക്കാര്‍ ഉവാച: എന്നാല്‍ 2023 ഡിസംബര്‍ 31 വരെ അതു കേവലം 35606 മാത്രമാണെന്നു എംഎസ്എംഇ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിവരാവകാശ രേഖ സ്ഫുടീകരിക്കൂന്നു. സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റത്തില്‍ വിതുമ്പലാണ് ബാക്കി. കര്‍ണാടക 159 ബില്യന്‍ ഡോളര്‍, ദില്ലി 113, തെലങ്കാന 8.3 ബില്യന്‍, കേരളം 1.7. ഡവറോളിയെ കടം കൊണ്ടാല്‍ എങ്ങനെയിരിക്കണ്???
തുടങ്ങാനിരിക്കുന്നതും പാതിവഴിയില്‍ നിര്‍ത്തിയതും നിന്നു പോയതും രേഖകളില്‍ മാത്രം ജീവിക്കുന്നതും നിര്‍ത്താന്‍ പോകുന്നതുമായ സംരംഭങ്ങളുടെ വിവരം പിഴയ്ക്കുന്ന സ്റ്റാറ്റിസ്റ്റിക്സാണ്. നമ്മുടെ സഖാവ് വിചാരശീലനും വിഭവശേഷിയുള്ളവനും പ്രാജ്ഞനുമാണ്. ശ്രീനിവാസന്റെ എസ്ഐയെ പോലെ ഗര്‍ജ്ജിക്കുന്ന സിമ്മം. കംപ്യുട്ടറിനെ വെട്ടിനിരത്തി ശേഷം കൗശലതയോടെ കംപ്യുട്ടറിനെ പുല്കിയ ധീരോദാത്തന്‍! പാര്‍ട്ടി ജിഹ്വയെ മാത്രമല്ല ആപ്പീസിലെ അടിച്ചു തളിക്കാരി ജാനുവിനെ വരെ കംപ്യൂട്ടര്‍ സാക്ഷരയാക്കിയ പ്രായശ്ചിത്തം!. അമ്മയെ തുള്ളിച്ച മന്ത്രവാദം. കൈയ്യിലിരുപ്പു കൊണ്ടും ഊബറിന്റെ വരവുകൊണ്ടും വലഞ്ഞവര്‍ക്കായി ഓണ്‍ലൈന്‍ ടാക്സി സംവിധാനം നടപ്പാക്കായിയ നേതാവ്. എന്നാലും കാക്കയ്ക്ക് കൊക്കാകാന്‍ കഴിയാത്തതിനാല്‍ ഊബറിനെ പിന്‍പറ്റിയാണ് എറണാകുളം ഇപ്പോഴും ചലിക്കുന്നത്. റോഡുപണിക്കിടെ റോഡ് ക്ളോസ്ഡ് എന്ന പ്ളാസ്റ്റിക് റിബണ്‍ തന്നെ മുറിച്ച് ഒരു യുടേണ്‍ വളവിനെ ഉദ്ഘാടിച്ചതും ഈ ദേഹം തന്നെ ആയിരുന്നല്ലോ? ഇതൊക്കെ നമ്മെ കോരിത്തരിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ നാം തരിമ്പും തരിച്ചില്ല.അതാണത്ഭുതം!
സര്‍ക്കാര്‍ വിലാസം പള്ളിക്കൂടങ്ങളെയും പൊതു വിദ്യാഭ്യാസത്തെയും തുള്ളി നടന്നു ഘോഷിച്ചു. തീര്‍ന്നില്ല, പാവപ്പെട്ടവന്റെ മക്കളെ സര്‍ക്കാര്‍ വിലാസത്തിലേക്ക് മിഠായിയും ബലൂണും നല്കി പായിച്ചു. പക്ഷേ സ്വന്തം മക്കളെ അയച്ചതു ഇന്റര്‍ നാഷണല്‍ സ്കൂളുകളില്‍. വിജയിച്ചു വന്ന ആ പൊന്നിന്‍കുടങ്ങളെ ശീമയിലേക്ക് അവര്‍ യാത്രയാക്കി. ആ വിജയങ്ങള്‍ക്കു ഘോഷമില്ല. ഉരിയാട്ടമില്ല. പരമ രഹസ്യം.ലോക്കല്‍ ദിനപത്രത്തില്‍ കൈപ്പിഴമൂലം കടന്നുവരുന്ന ഒരുകോളം വാര്‍ത്ത! എന്തൊരു ആത്മവഞ്ചന. എന്തൊരു പരദ്രോഹം.
സര്‍ക്കാര്‍ ശമ്പളവും കൈപ്പറ്റി സ്വന്തം കുട്ടികളെ മുന്തിയ സ്വകാര്യ സ്കൂളുകളില്‍ പറഞ്ഞു വിടുന്ന വിപ്ളവകാരികളായ അധ്യാപഹയന്മാര് തിമിര്‍ക്കുന്ന ഈ സമൂഹത്തില്‍ ആര്‍ക്കും ആരെയും എവിടെയും പറഞ്ഞയക്കാം പക്ഷെ പൊതുജന മധ്യത്തില്‍ വല്ലാതങ്ങു തള്ളിമറിക്കരുതെന്നു മാത്രം!. അടുപ്പുകൂട്ടി ചര്‍ച്ചകളില്‍ മലിനീകരണം പതിവാക്കുന്ന വായും നാവും ചിന്തയുമുള്ള സാദാ സഖാക്കള്‍ക്കു മാത്രമാണല്ലോ യാങ്കികള്‍ പ്രഖ്യാപിത ശത്രുക്കള്‍. ഉപഭോക്താക്കളായ സഖാക്കള്‍ക്കു പൊളപ്പന്‍ ചൈനയല്ല യുഎസ്സാണു പഥ്യം. അവര്‍ക്കു നിരന്തരം മയോക്ളീനിക്ക് വേണം. പേരെടുത്ത കോളെജുകള്‍ വേണം. യുഎസിലെ ബഹുരാഷ്ട്ര കമ്പനികളില്‍ ജോലി വേണം കുടുംബ സമേതം പുലരാന്‍ പെര്‍മനന്റ് വിസയും വേണം. വിപ്ലവത്തേക്കാള്‍ മുത്താണ് പ്രൊഫണല്‍ വിപ്ലവകാരികള്‍ക്ക് ഇന്ന് അമേരിക്ക.
പഠന ശിബിരങ്ങളില്‍ വാക്കുകളടെ വയറിളക്കം. ആരോഹണ അവരോഹണങ്ങളില്‍ വിടരുന്ന പ്രത്യയശാസ്ത്ര ചൊല്‍കാഴ്ചകള്‍. അപ്പോള്‍ കൂതുകികള്ക്കു കിളിപറക്കും വെളിവുപോകും.. ബ്യൂട്ടി പാര്‍ലറുകളില്‍ നിന്നും ഉടുത്തു വരുന്ന കാപട്യം. ചങ്ങായി, അരോചകവും അസഹ്യവും മാത്രമല്ല അശ്ലീലവുമാണന്നറിയൂന്നുണ്ടോ? ബുദ്ധി ജീവികള്‍ മൂര്‍ത്തമായ ബാധ്യതയാകുന്നത് കേരളത്തിന്റെ ചരിത്രാനുഭവം. അവരുടെ വ്യാജോക്തികളിലാണ് കാലഹരണപ്പട്ട വിഗ്രഹങ്ങളും എടുപ്പുകളും നാം പല കാലങ്ങളില്‍ പണിതൊരുക്കിയത്.
പ്രാമാണിക കൃതികളിലെ കടുത്ത യാഥാര്‍ഥ്യങ്ങള്‍ സിംഹത്തിന്റെ മടയില്‍ ചെന്ന് അത്യുത്തര മൊഴിയില്‍ കഥിച്ചപ്പോള് ജനാധിപത്യബോധമുള്ള ഒരു സമൂഹം ദേശാഭിമാനം മാറ്റിവച്ചു കരഘോഷം മുഴക്കി.
വ്യാജവും തെറ്റിദ്ധാരാണജനകവും പ്രചാരണം ലക്ഷ്യമാക്കിയുള്ളതും വസ്തുതാ വിരുദ്ധവുമായ ദത്തങ്ങളാണ് (Data) വര്‍ഷങ്ങളായി ഇവിടെ ഉല്പാദിപ്പിച്ചു വിടുന്നത്. മനുഷ്യര്‍ പുഴുക്കളെപ്പോലെ പിടഞ്ഞു വീണു മരിച്ച രാജ്യത്തെ രണ്ടാം ഇടമായിട്ടും. വിവരങ്ങള്‍ തമസ്കരിച്ചു സായാഹ്ന പ്രഘോഷണം കൊഴുപ്പിച്ചും രാഷ്ട്രീയം എടുത്തണിഞ്ഞും മനുഷ്യത്വം വെടിഞ്ഞും യു എന്‍ ആദരം നേടിയവരാണ് നാം. പൊള്ളയായ ദത്തങ്ങളില്‍ തന്നെ പിറവി കൊണ്ടതാണ് പുതിയ തരൂരിയന്‍ നിബന്ധവും.(thesis) തികച്ചും പ്രതിലോമപരം. യാഥാര്‍ഥ്യങ്ങളെ അതു പുച്ഛിക്കുന്നു.
നിത്യേന ആയിരങ്ങളുടെ തൊഴിലും ജീവിതവും വഴിയാധാരമാകുന്ന ഈ ദുരിതഭരിതമായ നാളുകളില്‍ വിശ്വപൗരാ, താങ്കള്‍ ഈ വിഷയത്തില്‍ ഒരു വന്‍ പരാജയമാണന്നു ഖേദപൂര്‍വ്വം കുറിക്കട്ടെ. കുരിശടികള്‍ തീര്‍ത്ത ചെറിയ വിജയ വഴിയില്‍ ഇനി ഒരങ്കമില്ലല്ലോ. ഇനി അരികളെ മയക്കും മഹാ നയതന്ത്രമാകാം. കരളിലെ മോഹവും കടലിലെ ഓളവും അറുതിയുമാകുന്നില്ല. പരന്തു,വിജയീ ഭവ: ഗീര്ന ശ്രേയ:
