കഴിഞ്ഞ എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും മാര്‍ച്ചില്‍ തിരിച്ചെത്തുമെന്ന് സൂചന. സ്പെയ്സ് എക്സിന്റെ (ക്രൂ-10 (Crew-10) ദൗത്യത്തില്‍ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാര്‍ച്ച് 12-നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാര്‍ച്ച് 19-ന് തിരികെയെത്തുമെന്ന് സി.എന്‍.എന്നിന് നല്കിയ അഭിമുഖത്തില്‍ സുനിത വില്യംസും വില്‍മോറും സ്ഥിരീകരിച്ചു. എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയില്‍ നിന്നുപോയ സുനിത വില്യംസ് സാങ്കേതിക തകരാറുമൂലം ഐ എസ് എസില്‍ തുടരുകയായിരുന്നു. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണിലാണ് ഇരുവരും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാര്‍ലൈനര്‍ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.
ബഹിരാകാശ യാത്രക്ക് തയ്യാറെടുക്കുന്ന ക്രൂ-10 ദൗത്യത്തില്‍ നാസ ബഹിരാകാശയാത്രികരായ ആന്‍ മക്ലെയ്ന്, നിക്കോള്‍ അയേഴ്സ്, ജപ്പാന് എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി ബഹിരാകാശ യാത്രികന് തകുയ ഒനിഷി, റോസ്കോസ്മോസ് യാത്രികന് കിറില്‍ പെസ്കോവ് എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്നത്.
ക്രൂ 10 എത്തിയാല്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കൈമാറ്റ പ്രക്രിയ ആയിരിക്കും ഉണ്ടാവുക. തുടര്‍ന്ന് നിലവില്‍ ബഹിരാകാശ നിലയ കമാന്‍ഡറായ വില്യംസ് കമാന്‍ഡ് കൈമാറും. ക്രൂ- 10 മാര്‍ച്ച് 12-ന് വിക്ഷേപിക്കാനും ഒരാഴ്ച്ച നീളുന്ന ഹാന്‍ഡ് ഓവര്‍ പ്രക്രിയയ്ക്ക് ശേഷം മാര്‍ച്ച് 19-ന് തിരിച്ചെത്താനുമാണ് പദ്ധതിയെന്ന് വില്‍മോര്‍ ന്യൂസ് ചാനലിനോട് പറഞ്ഞു.
