തിരുവനന്തപുരം- സെക്രട്ടറിയേറ്റിന് മുന്നിലെ ശമ്പള വർധനവ് ആവശ്യപ്പെട്ടുള്ള ആശാവർക്കർമാരുടെ സമരം ദേശീയ നിലവാരത്തിലേക്ക് പോയെന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സി ദിവാകരൻ. സമരം ഒത്തുതീർപ്പിലേക്ക് എത്തിക്കണമെന്നും അവരോട് പ്രത്യേക താല്പര്യം കാണിക്കണമെന്നും മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാൽ അഞ്ചു മിനിറ്റ് കൊണ്ട് സമരം തീരുമെന്നും ഒരു മുതിർന്ന നേതാവെന്ന നിലയിൽ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുകയാണെന്നും ദിവാകരൻ പറഞ്ഞു.
പിഎസ്സി ആവശ്യമുണ്ടോ ഇല്ലയോ എന്നു പഠനം നടത്തണമെന്നും തൊഴിലിനു വേണ്ടി യുവജനങ്ങൾ നാടുവിടുന്നുവെന്നും തൊഴിലില്ലാത്തവരുടെ എണ്ണം വർദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിഎസ്സിയെ കുറിച്ച് ധാരാളം പരാതികൾ പണ്ടേ വന്നതാണ്.അത് പരിശോധിക്കണം.പി എസ് സി ചെയർമാന് പ്രധാനമന്ത്രിയെക്കാളും മുഖ്യമന്ത്രിയെക്കാളും ശമ്പളമുണ്ട്.ഒരു ടെസ്റ്റും എഴുതിയാണ് ഇവർ പദവിയിലേക്ക് വരുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ആശ വർക്കർമാരുടെ സമരത്തെ എതിർക്കുന്ന ചിലർ പി എസ് സി ശമ്പള വർധനയെ ന്യയീകരിക്കുകയാണെന്നും ദിവാകരൻ വിമർശിച്ചു. വിവാദവിഷയങ്ങളായ എലപ്പുള്ളിയിലെ മദ്യ നിർമ്മാണ ശാലയെ കുറിച്ചും കിഫ് ബി റോഡ് ടോളിനെ കുറിച്ചും പരസ്യമായി പറഞ്ഞ് എൽഡിഎഫിനെ ദുർബലപ്പെടുത്തില്ല. സി പി ഐയുടെ അഭിപ്രായം മുന്നണിയിലും ജനങ്ങളോടും പറഞ്ഞിട്ടുണ്ടെന്നും സി ദിവാകരൻ വ്യക്തമാക്കി.
