എൻസിപി രാഷ്ട്രീയ വിശദീകരണ യാത്ര സമാപിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ സർവ്വ മേഖലകളിലെയും സമൂലമായ മാറ്റം എൻസിപിയിലൂടെ സാധ്യമാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. ഫെബ്രുവരി 22ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട രാഷ്ട്രീയ വിശദീകരണ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വ മേഖലകളിലും കേരളം ഇന്ന് ഏറെ പിന്നിലാണ്. അധികാര കേന്ദ്രങ്ങൾ അഴിമതിക്കും ധൂർത്തിനും സ്വജനപക്ഷപാതത്തിനും മാത്രമുള്ള ഇടനാഴികൾ ആയിട്ടാണ് ഭരണകർത്താക്കൾ കാണുന്നത്. സാമ്പത്തിക വളർച്ചയ്ക്കും അധികാരം പിടിച്ചെടുക്കുന്നതിനുമുള്ള കുറുക്കുവഴിയായി പലരും രാഷ്ട്രീയ പ്രവർത്തനത്തെ കാണുകയാണ്. ജനങ്ങളെ ഏതൊക്കെ രീതിയിൽ കൊള്ളയടിക്കുവാൻ കഴിയുമോ ആ രീതിയിലൊക്കെ കൊള്ളയടിക്കുന്ന സമീപനമാണ് എല്ലാ മുന്നണികളും കാട്ടുന്നത്. അനീതിയും ജനവഞ്ചനയും നടമാടുന്ന വർത്തമാനകാലത്ത് കേരളം മാറേണ്ടതിന്റെ അനിവാര്യത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ വിഭവങ്ങളാൽ സമ്പന്നമായ കേരളം കടത്തിന് വേണ്ടി കൈ നീട്ടുന്ന സ്ഥിതിയാണുള്ളത്. ക്ഷേമ പദ്ധതികൾ നടപ്പിലാക്കുവാനും ക്ഷേമ പ്രവർത്തനങ്ങൾക്കും വേണ്ടി സർക്കാർ പലരുടെയും കൈ നീട്ടുന്ന സ്ഥിതിയാണ്. നമ്മുടെ സ്രോതസ്സുകൾ കൃത്യമായി ഉപയോഗപ്പെടുത്താതെ സാമ്പത്തിക ബാധ്യതയുടെ ഭാരം വർധിപ്പിക്കുന്ന ഇടപെടലുകൾ മാത്രമാണ് സർക്കാർ സ്വീകരിക്കുന്നത്. പി.എസ്.സിയും വിവിധ സർക്കാർ ബോർഡുകളും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തടിച്ചു വീർക്കുന്നത് അല്ലാതെ ജനോപകാരമായ യാതൊരു ഇടപെടലുകളും നടത്തുന്നില്ല. വലിയതോതിലുള്ള ലഹരി ഉപയോഗം സമൂഹത്തെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. തൊഴിലില്ലായ്മയും സാമൂഹിക അരക്ഷിതാവസ്ഥയുമാണ് ലഹരി ഉപയോഗത്തിലേക്ക് തള്ളിവിടുന്നത്. വ്യാവസായിക രംഗത്ത് മുന്നേറ്റങ്ങൾ നടക്കുന്നതെന്ന് സർക്കാരിന്റെ ഏതാനും രേഖകളിൽ മാത്രമാണ്. അതിനപ്പുറത്തേക്ക് യാഥാർത്ഥ്യത്തിലേക്ക് നോക്കുമ്പോൾ വ്യവസായികരംഗം തകർന്നു തരിപ്പണമായിരിക്കുന്നു. സർക്കാരിന്റെ കൈയിൽനിന്ന് പണം ചെലവഴിച്ചു നടക്കുന്ന വ്യാവസായിക സമ്മിറ്റുകൾ ധൂർത്തിനുള്ള സാധ്യതകളായി മാത്രം മാറുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലവർധനവാണ്. പൊതുവിപണിയെ പിടിച്ചുനിർത്തുവാൻ സർക്കാരിന് കഴിയുന്നില്ല. അതോടൊപ്പം വേർതിരിവുകൾ ഇല്ലാത്ത ഐക്യ-ഐശ്വര്യ കേരളത്തിനുവേണ്ടി ഇന്നിന്റെ ദുരവസ്ഥകളിൽ നിന്നും നാടിനെ സംരക്ഷിക്കുവാൻ എൻസിപി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എം. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. യാത്ര കോർഡിനേറ്ററും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.ഷാജി തെങ്ങുംപിള്ളിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ജബ്ബാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കല്ലറ മോഹൻദാസ്, കെ കെ ഷംസുദ്ദീൻ, എം ഷാജി, പാർത്ഥസാരഥി മാസ്റ്റർ, മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ദേശീയ ജനറൽ സെക്രട്ടറി നദിർഷാ കടായിക്കൽ, എൻവൈസി ദേശീയ സെക്രട്ടറി പി സി സനൂപ്, എൻസിപി ജില്ലാ പ്രസിഡന്റ് ജെ ബി പ്രകാശ്, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രീത പാലമറ്റം, എൻവൈസി ജില്ലാ പ്രസിഡന്റ് ലൈജു നെടുമാങ്ങാട്, വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ, ജില്ലാ സെക്രട്ടറിമാരായ കരകുളം രാജുകുമാർ, സന്തോഷ്, ട്രഷറർ ഷാജി വിശ്വനാഥ്, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ അജിത് പവാർ, ദേശീയ പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ വക്താവ് ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ പങ്കെടുക്കും.
