തിരുവനന്തപുരം: അസോസിയേറ്റ് പ്രൊഫസറായി നിശ്ചിത മൂന്നുവര്‍ഷത്തെ അധ്യാപന പരിചയമില്ലാത്ത, ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ:ഷൈജന്‍ പ്രൊഫസറായി പ്രമോഷന് നല്കാന് കാലിക്കറ്റ് സര്‍വകലാശാല സ്ക്രീനിംഗ് സമിതി തിരക്കിട്ട് ശിപാര്‍ശ ചെയ്തു. യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്നു വര്‍ഷത്തെ അദ്ധ്യാപന, ഗവേഷണ പരിചയം പ്രൊഫസര്‍ തസ്തികയ്ക്കുള്ള യോഗ്യതയായി വ്യവസ്ഥ ചെയ്തിട്ടുള്ളപ്പോള്‍, അത് അവഗണിച്ചാണ് പ്രൊമോഷന് നല്‍കുന്നത്.
മികച്ച അധ്യാപന പരിചയം ഷൈജന്‍ ഉണ്ടെന്നാണ് വകുപ്പ് മേധാവി ശിപാര്‍ശ ചെയ്തിട്ടുള്ളത്. സര്‍വകലാശാലയുടെ എക്കണോമിക്സ് വകുപ്പിലെ ഏറ്റവും ജൂനിയറായ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ക്ക് വകുപ്പ് മേധാവിയുടെ ചുമതല നല്കിയ ശേഷം, അദ്ദേഹമാണ് ഷൈജന്‍ പ്രൊഫസര്‍ തസ്തികയ്ക്ക് സര്‍വഥാ യോഗ്യനാണെന്ന ശിപാര്‍ശ നല്‍കിയത് .
സര്‍വ്വകലാശാല സര്‍വീസ് രേഖകള്‍ പ്രകാരം 2018 ഒക്ടോബറില്‍ അസോസിയേറ്റ് പ്രൊഫസ്സറായി ഉദ്യോഗകയറ്റം ലഭിച്ച ഷൈജന്‍ 2020 ഒക്ടോബര്‍മുതല്‍ മലയാളം സര്‍വ്വകലാശാലയില്‍ രജിസ്ട്രാറായും തുടര്‍ന്ന് ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ച
കാലയളവുകള്‍ അധ്യാപന ഗവേഷണ സേവനമായി കണക്കുകൂട്ടിയാണ് പ്രൊഫസ്സര്‍ പ്രമോഷനുള്ള നീക്കം
അസോസിയേറ്റ് പ്രൊഫസര്‍ ആയി മൂന്ന് വര്‍ഷകാലത്തെ അധ്യാപനം പൂര്‍ത്തിയാക്കാത്ത ഒരാള്‍ക്ക് അധ്യാപന, ഗവേഷണ നൈപുണ്യമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ആണ് വകുപ്പ്മേധാവി നല്‍കിയിട്ടുള്ളത്. സര്‍വ്വകലാശാല സ്ക്രീനിംഗ് കമ്മിറ്റിയും മേധാവിയുടെ ശിപാര്‍ശ അംഗീകരിച്ചിട്ടുണ്ട്.
യു ജി സി ചട്ടപ്രകാരം മൂന്ന് വര്‍ഷ അധ്യാപന പരിചയം നിര്‍ബന്ധമായിരിക്കെ ധനമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറിയെന്ന പിന്‍ബലത്തില്‍ പ്രൊഫസര്‍പദവി നല്‍കാനുള്ള ചട്ട വിരുദ്ധ ശിപാര്‍ശ തടയണമെന്നാണ് അക്കാദമിക് മേഖലയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ആവശ്യം.
