പകുതി വിലത്തട്ടിപ്പ് കേസ് അന്വഷിക്കുന്ന ക്രൈംബ്രാഞ്ച് കോടികൾ ഒഴുകിയ വഴി തേടി പരക്കം പായുന്നു. എഡിജിപിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.പോലീസിൽ നിന്ന് കൈമാറിക്കിട്ടിയ നാല്പതോളം കേസുകൾ അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘങ്ങൾക്കും രൂപം നൽകും. സമൂഹത്തിലെ ഉന്നതശ്രേണിയിൽപ്പെട്ടവരുടെ സൽപ്പേര് തട്ടിപ്പിനായി പ്രയോജനപ്പെടുത്താൻ അനന്തുകൃഷ്ണൻ ശ്രദ്ധ കാട്ടി. ഇങ്ങനെ പലരെയും ഒപ്പം നിറുത്തിയാണ് അവസാന വട്ട പണപ്പിരിലേക്ക് ഇയാൾ നീങ്ങിയത്. രാഷ്ട്രീയക്കാർ സാമൂഹിക പ്രവർത്തകർ, ഉദ്യോഗസ്ഥർ, അഭിഭാഷകർ തുടങ്ങി ഉന്നതബന്ധങ്ങൾ ഇയാൾ നിരന്തരം നിലനിറുത്തിയത് തട്ടിപ്പിന് വിശ്വാസ്യത നൽകി. ഒപ്പം ഇയാൾ ഇവർക്കെല്ലാം സംഭാവനയായും ഫണ്ടായും വൻ തുകയും നൽകി.
തിരുവനന്തപുരത്തെ മാധ്യമ പ്രവർത്തകർക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത ഇയാൾ സായിഗ്രാമിലെ അനന്ത കുമാറിനെയാണ് ഇടനിലക്കാരനാക്കിയത്. പ്രസ്സ് ക്ലബ് ഈ പദ്ധതി പ്രഖ്യാപിക്കുകയും തലസ്ഥാനത്തെ 150 ഓളം മാധ്യമ പ്രവർത്തകർ സ്കൂട്ടറിനായി പ്രസ്സ് ക്ലബിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മുഖ്യധാരാ മാധ്യമങ്ങളിൽ ഉയർന്ന ശമ്പളം പറ്റുന്ന ചിലരും പകുതി വില സ്കൂട്ടറിന് രജിസ്ററർ ചെയ്തുവെന്നതാണ് അത്ഭുതം.എന്നാൽ പ്രസ്സ് ക്ലബിലെ പടലപ്പിണക്കങ്ങൾ കാരണം പരിപാടി പകുതിവഴിയിൽ ഉപേക്ഷിച്ചതു കൊണ്ട് വലിയ തട്ടിപ്പിലും നാണക്കേടിലും നിന്ന് മാധ്യമ പ്രവർത്തകർ രക്ഷപ്പെട്ടു.
തട്ടിപ്പിൽ രാഷ്ട്രീയക്കാർ കൈപ്പറ്റിയ പണം കണ്ടുകെട്ടുമെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ഇത് പ്രായോഗികമാകാൻ സാധ്യത കുറവാണ്. പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിട്ടുണ്ട്. അനന്തു പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാദ്ധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അനന്തുകൃഷ്ണനെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
മൂവാറ്റുപുഴ സ്വദേശി ജുമാന നാസർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ ചുരുളഴിച്ചത്. ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ പി.സി.ജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ കഥ പുറത്തുവന്നു. മൂവാറ്റുപുഴ പൊലീസ് അനന്തുകൃഷ്ണന്റെ പ്രൊഫഷണൽ സർവീസസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിന്റെ മൂന്നരകോടിയുടെ കറന്റ് അക്കൗണ്ട് മരവിപ്പിച്ചു. ഇതിലേക്ക് പണം വരുന്നത് തടയുകയും കൂടി ചെയ്തതോടെ അനന്തുകൃഷ്ണന് നില്ക്കക്കള്ളിയില്ലതായി.
സംസ്ഥാനത്താകെ 800 കോടിയെങ്കിലും അനന്തു കൃഷ്ണൻ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഓരോ ജില്ലയിൽ നിന്നും കൂടുതൽ പരാതികൾ പോലീസിൽ ലഭിച്ചു കൊണ്ടേയിരിക്കുന്നു. എന്തായാലും തട്ടിപ്പിൽ പുതുമയുള്ളൊരു കേരള മോഡൽ തീർക്കുകയാണ് അനന്തു കൃഷ്ണന്റെ പകുതി വിലത്തട്ടിപ്പ്.
