ബി ടി അനില്കുമാര്
മലയാള സിനിമ നൂറുകോടി ക്ലബ്ബിലെത്തിയെന്നും പാൻ ഇന്ത്യനായെന്നുമൊക്കെ മേനി നടിച്ച 2024 ൽ മലയാള സിനിമയുടെ ആകെ നഷ്ടം എത്രയാണെന്ന് വല്ല പിടിയുമുണ്ടോ? 650 കോടിക്കും 700 കോടിക്കുമിടെയാണ് നഷ്ടമെന്ന് നിർമ്മാതാക്കൾ പറയുന്നു. നിർമ്മാണച്ചെലവ് 1000 കോടിയും കടന്ന് മുന്നേറിയ വർഷത്തിൽ നിർമ്മാതാക്കളിലേറെയും കുത്തുപാളയെടുത്തതായും നിർമ്മാതാക്കളുടെ സംഘടന വെളിപ്പെടുത്തുന്നു.
നിലനില്പിനായി പോരാടുകയാണ് മലയാള ചലച്ചിത്ര വ്യവസായം. താരങ്ങളുടെ പ്രതിഫലം അമ്പരപ്പിക്കുന്നതാണെന്നും പലർക്കും സിനിമാ രംഗത്തോട് പ്രതിബദ്ധതയില്ലെന്നും സംഘടന വിമർശിക്കുന്നു. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ നിർമാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കേണ്ടി വരുമെന്നും അവർ പറയുന്നു. പ്രധാന താരങ്ങളെല്ലാം അമിതവും അന്യാവുമായ പ്രതിഫലം വാങ്ങുന്നതാണ് വ്യവസായത്തിന്റെ പ്രധാന ഭീഷണികളിലൊന്നെന്ന് സംഘടനയുടെ പ്രധാന വക്താവും നിർമ്മാതാവുമായ ജി സുരേഷ് കുമാർ പറയുന്നു. അതേസമയം മകളും നടിയുമായ കീർത്തി സുരേഷിന്റെ പ്രതിഫലം നാല് കോടി പിന്നിട്ടിരിക്കുന്നത് എങ്ങിനെ ന്യായീകരിക്കുമെന്ന ചോദ്യം സുരേഷ് കുമാർ നേരിടുന്നുമുണ്ട്.
സുരേഷ്കുമാറിനെതിരേ രൂക്ഷവിമർശനവുമായി നടൻ വിനായകൻ രംഗത്തെത്തി.അഭിനേതാക്കൾ സിനിമ നിർമിക്കേണ്ടെന്ന് ഭാര്യയോടും മകളോടും പോയി പറഞ്ഞാൽ മതിയെന്നും സിനിമാനടനായ താൻ സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചു. വിനായകനെ പരിഹസിച്ച് മറുപോസ്റ്റിട്ടാണ് നിർമ്മാതാവ് സിയാദ് കോക്കർ പ്രതികരിച്ചത്. തുണി പൊക്കി നാട്ടുകാരെ കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണമെന്ന് കോക്കർ കുറിച്ചു. ‘താൻ ഒരു സിനിമ എടുത്ത് കാണിക്ക്.എന്നിട്ട് വീമ്പിളക്കൂ’ എന്ന് ആവശ്യപ്പെട്ട കോക്കർ ‘സിനിമ വിജയിച്ചില്ലെങ്കിൽ പ്രേക്ഷകരെ തുണി പൊക്കി കാണിക്കരുതേ വിനായകാ’എന്നു കൂട്ടിച്ചേർത്താണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഇനിയാണ് ശരിയായ ചോദ്യം. സിനിമാ നിർമ്മാണത്തിന്റെ ചെലവു ചുരുക്കേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്? സംവിധായകന്റെ ? നിർമ്മാതാവിന്റെ? അഭിനേതാക്കളുടെ ? സാങ്കേതിക പ്രവർത്തകരുടെ ? സർക്കാരിന്റെ ?
തീർച്ചയായും പ്രാഥമിക ഉത്തരവാദിത്തം നിർമ്മാതാക്കളുടേത് തന്നെ എന്നതാണ് ഉത്തരം. കഴിഞ്ഞ രണ്ടു വർഷമായി മലയാളത്തിൽ പ്രതിവർഷം ശരാശരി 150 സിനിമകൾ റിലീസ് ചെയ്യുന്നുണ്ട്. ഇവയിലേറെയും നിർമ്മിച്ചത് ഇതുവരെ നമ്മളാരും കേട്ടിട്ടില്ലാത്ത നിർമ്മാതാക്കളാണ്. കോടികൾ മുടക്കി സിനിമ നിർമ്മിക്കുന്നുവെന്ന് അവകാശപ്പെടുന്ന പല വമ്പൻ ബാനറുകളും നഷ്ടമുണ്ടാവുമെന്നറിഞ്ഞിട്ട് തന്നെയാണ് ഇതു ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ മുതൽ നികുതി വെട്ടിപ്പു വരെ ഇതിനു പിന്നിലെ ലക്ഷ്യങ്ങളെന്നത് പരസ്യമായ രഹസ്യം.
താരങ്ങളുടെ പ്രതിഫലത്തിൽ റോക്കറ്റു പോലെയുണ്ടാവുന്ന വർധന അവർ സ്വയം സൃഷ്ടിക്കുന്നതല്ല. ഏതെങ്കിലുമൊരു അഭിനേതാവിന്റെ സിനിമ ഹിറ്റടിച്ചാൽ അയാളെ വച്ച് അതേ മാതൃകയിലുള്ള സിനിമയെടുക്കുക എന്നതാണ് നിർമ്മാതാക്കളുടെ നടപ്പുരീതി. അതിനായി അയാൾ ആവശ്യപ്പെടുന്ന പ്രതിഫലം കണ്ണുമടച്ച് നൽകാൻ നിർമ്മാതാക്കൾ മത്സരിക്കും. ഇത്തരം സാഹചര്യത്തിലാണ് അയാൾ പ്രതിഫലമുയർത്തുന്നത്. ഒരുസിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരാൾക്ക് ജനങ്ങളിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും പ്രധാനമാണ്. താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് അയാൾ തന്നെയാണെന്ന് പൃഥ്വിരാജ് പറയുന്നു. ഒരർത്ഥത്തിൽ അത് ശരിയുമാണ്. വിജയിക്കുന്നയാളെത്തേടി നിർമ്മാതാക്കൾ നിരയായെത്തുമ്പോഴാണ് ഒരു നടന് / നടിക്ക് താരപദവി ലഭിക്കുന്നത്. ഇത് തിരിച്ചറിയുന്ന നിമിഷം അയാൾ പ്രതിഫലമുയർത്തും. തന്റെ സിനിമയിൽ അയാൾ വേണ്ട എന്ന് തീരുമാനമെടുക്കാൻ നിർമ്മാതാവ് മടിക്കും തോറും അയാളുടെ താരമൂല്യം ഉയർന്നു കൊണ്ടേയിരിക്കും.
അഭിനേതാക്കളോടുള്ള ആരാധനയോ അപാര സ്നേഹമോ അല്ല; അയാളിലൂടെ ലഭിക്കാവുന്ന ലാഭത്തോടുള്ള ആർത്തിയാണ് ഭൂരിപക്ഷം നിർമ്മാതാക്കളെയും ഭരിക്കുന്നത്.
ഇനി നിർമ്മാതാക്കൾ കാരണം കുതിച്ചുയർന്ന താരമൂല്യം എത്രത്തോളമായെന്നു കൂടി അറിയുക.
മോഹൻലാലും മമ്മൂട്ടിയും 10 മുതൽ 25 വരെ കോടി പ്രതിഫലം പറ്റുമ്പോൾ ദുർഖർ സൽമാൻ – 10 മുതൽ 18 കോടി വരെയും പൃഥ്വിരാജ് – 8 മുതൽ 15 കോടി വരെയും പ്രതിഥലം വാങ്ങുന്നു. ഫഹദ് ഫാസിൽ 10 -15, ദിലീപ് 5 -10, ടോവിനോ -5 -15 കോടി എന്നിങ്ങനെയാണ് മുൻ നിര താരങ്ങളുടെ നിലവിലെ പ്രതിഫലത്തുക.നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെ മകളും അഭിനേത്രിയുമായ കീർത്തി സുരേഷ് ഇപ്പോൾ വാങ്ങുന്ന പ്രതിഫലം ഏകദേശം 5 കോടിയാണ്. മറ്റു ഭാഷകളിൽ 125 മുതൽ 270 കോടി വരെ വാങ്ങുന്ന രജനീകാന്ത്, 120 മുതൽ 200 കോടി വരെ പ്രതിഫലമുള്ള വിജയ് എന്നിവർ ബഹുദൂരം മുന്നിലുണ്ട്. അടുത്തിടെ തകർന്നടിച്ച് ഊർധശ്വാസം വലിക്കുന്ന ബോളിവുഡിൽ 350 കോടി പ്രതിഫലം പറ്റി ഷാരൂഖ് ഖാൻ ഹിമാലയം പോലെ ഉയർന്നു നില്ക്കുന്നു.
എത്ര പാനിന്ത്യനെന്ന് അവകാശപ്പെട്ടാലും മലയാള സിനിമയുടെ മാർക്കറ്റ് കേരളത്തിന്റെ ഠാ വട്ടത്തു തന്നെയാണ് ഇപ്പോഴും. എങ്കിലും എന്ത് കണ്ടിട്ടാണ് എടുക്കാൻ വയ്യാത്തത്രയും കോടികൾ മലയാള സിനിമയ്ക്കായി നിർമ്മാതാക്കൾ മുതൽ മുടക്കുന്നത് എന്ന് ഓർക്കുമ്പോൾ അത്ഭുതം മാനം മുട്ടും. മോഹൻലാലിന്റെ കന്നി സംവിധാന സംരംഭമെന്ന നിലയിൽ പുറത്തു വന്ന് ബുർജ് ഖലീഫയുടെ ഉയരത്തിൽ പൊട്ടിയ ബറോസിന്റെ നിർമ്മാണച്ചെലവ് 150 കോടി രൂപയാണത്രേ ! ലോകത്താകമാനം ഓടി (world wide)ആകെ കളക്ട് ചെയ്തത് 20 കോടി ! പൊട്ടിത്തെറിയുടെ പൂരക്കാഴ്ചകൾ നിർമ്മാതാക്കൾക്ക് സമ്മാനിച്ച
മരയ്ക്കാറിന് 95 കോടി, മലൈ ക്കോട്ടെ വാലിബൻ 60 കോടി, മാമാങ്കം 55 കോടി എന്നിങ്ങനെയാണ് നിർമ്മാണച്ചെലവ്. ആടുജീവിതത്തിന് ആകെ ചെലവായത് 85 കോടി. എന്നാൽ 125 കോടിയുടെ കളക്ഷൻ നേട്ടമുണ്ടാക്കാൻ ഈ സിനിമയ്ക്ക് കഴിഞ്ഞു.
ചെലവു ചുരുക്കാൻ ഇപ്പോൾ ആഹ്വാനം ചെയ്യുന്ന സുരേഷ് കുമാർ 1997 ൽ മോഹൻലാലിനെ വച്ച് ആറാം തമ്പുരാൻ നിർമ്മിച്ചത് 2.5 കോടിയെന്ന അക്കാലത്തെ ബിഗ് ബജറ്റിൽ. സിനിമ 7.5 കോടി കളക്ഷൻ നേടിയെന്നതിനാൽ അന്ന് നിർമ്മാതാവിൽ നിന്ന് പരാതിയുയർന്നില്ല. മഞ്ഞുമ്മൽ ബോയ്സ് 234 കോടി, ആവേശം 100 കോടി, എ.ആർ എം 105 കോടി എന്നിങ്ങനെയാണ് 2024 ലെ വിജയ ചിത്രങ്ങളുടെ കളക്ഷൻ. നിർമ്മാണച്ചെലവ് :മഞ്ഞുമ്മൽ ബോയ്സ് – 18.65 കോടി കോടി, ആവേശം – 50 കോടി, എ ആർ എം . 30 കോടി.
മലയാളത്തിൽ നിർമ്മാണച്ചെലവും വരുമാനവുമുയർത്തിയ ലൂസിഫർ സിനിമക്ക് ആകെ 30 കോടിയായിരുന്നു ചെലവ്. വരുമാനമാകട്ടെ 102 കോടിയും. ഇതിന്റെ ബലത്തിൽ നിർമ്മിച്ച സീക്വൽ ചിത്രം ‘എംപുരാ’ന് 400 കോടിയാണ് നിർമ്മാണച്ചെലവെന്ന് കേൾക്കുന്നു. മലയാളത്തിലെ ഏറ്റവും നിർമ്മാണച്ചെലവ് കൂടിയ ചിത്രം! എവിടെ നിന്നാണ് ഇതിനെ മറികടന്ന് എം പുരാൻ ലാഭം കൊണ്ടുവരികയെന്ന ഉത്കണ്ഠ ഒരു പക്ഷേ സിനിമാ പ്രേമികൾക്ക് മാത്രമേ ഉണ്ടാവൂ. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ പ്രശസ്തമായ തെന്നിന്ത്യൻ നിർമ്മാണക്കമ്പനി ലെയ്ക്കയുമായി ചേർന്ന് നിർമ്മിക്കുന്ന എം പുരാനിൽ നടൻ മോഹൻലാലും സംവിധായകനായ പൃഥ്വിരാജും ‘സ്റ്റേക് ഹോൾഡേഴ്സ്’ ആണ്. അതായത് നിർമ്മാണത്തിൽ പങ്കാളിത്തം പറയാവുന്ന ലാഭമുണ്ടായാൽ പങ്കു പറ്റുന്ന സിനിമാനിർമ്മാണക്കൂട്ടുകാർ.
സിനിമാ വ്യവസായത്തിലെ പുതുകാല അവതാരങ്ങൾ.
താരങ്ങളും സാങ്കേതികപ്രവർ ആകരുമെല്ലാം ഇങ്ങനെ നിർമ്മാണത്തിൽ നിശബ്ദ പങ്കാളികളാവുമ്പോൾ’ ശരിക്കും ശരിയായ ‘പ്രൊഡ്യൂസർമാരേ.. നിങ്ങളോട് സഹതാപം മാത്രം; ഒപ്പം ഒരു പ്രാർത്ഥനയും.
പടച്ചോനേ….ങള് കാത്തോളീ…. നിർമ്മാതാക്കളെയും, മലയാള സിനിമാ വ്യവസായത്തെയും….
