അനിൽ ബാലകൃഷ്ണൻ
തിരുവനന്തപുരം: പിസി ചാക്കോയ്ക്ക് സമയം മോശമാകാൻ തുടങ്ങിയിട്ട് കുറേ കാലമായി. ദീർഘകാലം പ്രവർത്തിച്ച കോൺഗ്രസ്സിൽ നിന്ന് നീതി കിട്ടുന്നില്ല എന്ന ഉൾവിളിയിൽ എല്ലാം ഇട്ടെറിഞ്ഞ് ഇറങ്ങിപ്പോന്നതാണ്. പഴയ പരിചയവും സൗഹൃദവും വച്ച് ശരത് പവാർജിയെ കണ്ട് സങ്കടം പറഞ്ഞു. കേരളത്തിൽ വല്ലവിധേനയും കഴിഞ്ഞു പൊയ്ക്കൊണ്ടിരുന്ന എൻസിപിയിലേക്ക് കുടിയിരിപ്പായത് അങ്ങിനെയാണ്.
സംസ്ഥാന പ്രസിഡന്റായും ദേശീയ പ്രവർത്തക സമിതി അംഗവുമായുള്ള ചാക്കോയുടെ നിയമനം പക്ഷേ കേരളത്തിൽ എൻ സി പി എന്ന പാർട്ടിക്കോ ചാക്കോയ്ക്കോ ഗുണകരമായില്ലെന്നു മാത്രമല്ല ദോഷം ചെയ്യുകയും ചെയ്തു. പാർട്ടിയെ കൂടുതൽ കെട്ടുറപ്പുള്ളതാക്കുകയോ നേതാക്കളെ ഒപ്പം നിറുത്തുകയോ ചെയ്യാൻ ചാക്കോയ്ക്ക് കഴിഞ്ഞില്ല. തലേന്നാൾ വരെ നിശിത വിമർശനം നടത്തിവന്ന പുതിയ ദൗത്യത്തിൽ പിണറായിക്ക് മുഖസ്തുതി പാടിയാണ് ചാക്കോയുടെ പരിശീലന പരിപാടി തുടങ്ങിയത്. എന്നാൽ ചാക്കോയെ മുഖവിലയ്ക്കെടുക്കാൻ ആദ്യാവസാനം പിണറായി തയ്യാറായില്ലെന്നത് ദുരന്തമായി.
ചാക്കോയുടെ കൂടെ കോൺഗ്രസിൽ നിന്നും വന്നവരെ സംരക്ഷിക്കുക എന്ന ദൗത്യവും ചാക്കോ ഏറ്റെടുത്തു. അതോടെ പാർട്ടിയിൽ പൊട്ടിത്തെറികൾ തുടങ്ങി. സതുതിപാഠകരെ മാത്രം കൂട്ടുപിടിച്ച് കാലങ്ങളായി പാർട്ടിയിൽ നിന്നവരെ വെട്ടിനിരത്താനുള്ള നീക്കം ചാക്കോക്ക് തന്നെ വിനയായി. എൻ എ മുഹമ്മദ് കുട്ടിയടക്കമുള്ള മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ദേശീയ തലത്തിൽ പാർട്ടി രണ്ടായപ്പോൾ ഔദ്യോഗിക വിഭാഗമായി എതിർവിഭാഗം മാറി. ശരദ് പവാർ വിഭാഗത്തിലുള്ള ചാക്കോ എൻസിപി ( എസ്) ആയി മാറി. രണ്ട് എംഎൽഎ മാരെ മാറി മാറി കൂട്ടുപിടിച്ചും തമ്മിലടിപ്പിച്ചും പാർട്ടിയെ കൂടെ നിർത്താമെന്ന മോഹത്തിന് തിരിച്ചടിയേറ്റു.
മന്ത്രിസഭയിലെ മന്ത്രിമാറ്റവുമായി ബന്ധപ്പെട്ട് പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും തമ്മിൽ വലിയ ഭിന്നതയാണ് വളർന്നു വന്നത്. എൻ സി പി ( എസ്) ന് ലഭിച്ച മന്ത്രി സ്ഥാനം വീതം വെക്കാൻ മുന്നണിയിൽ ധാരണയുണ്ടായിരുന്നു എന്നവകാശപ്പെട്ട് തോമസ് കെ തോമസ് രംഗത്തെത്തിയതോടെയാണ് പാർട്ടിയിൽ സംഘർഷം രൂക്ഷമായത്. എന്നാൽ അത് അംഗീകരിക്കാൻ ശശീന്ദ്രൻ തയ്യാറായില്ല. പിണറായിയുടെ പിന്തുണയോടെ ശശീന്ദ്രൻ നടത്തിയ നാടകങ്ങൾ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടതാണ് ചാക്കോയ്ക് തിരിച്ചടിയായത്.
എൻ സി പി ( എസ് ) സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ പിണറായിയെ നേരിൽക്കണ്ട് ചാക്കോ, തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പിണറായി അത് കേട്ടതായിപ്പോലും ഭാവിച്ചില്ല. ഒപ്പം രാജി വെക്കാൻ ഒരുക്കമല്ലെന്ന് ശശീന്ദ്രൻ അസന്നിഗ്ധമായി പറയുകയും കൂടി ചെയ്തതോടെ പാർട്ടിയിൽ ചാക്കോ വെറുമൊരു നോക്കുകുത്തി മാത്രമായി. മന്ത്രിമാറ്റത്തെ ചൊല്ലി ഇരു ചേരികളിലായി നിന്ന എ കെ ശശീന്ദ്രനും തോമസ് കെ തോമസും ഇതിനിടെ ഒന്നായതും ചാക്കോയുടെ നില പരുങ്ങലിലാക്കി.
പാർട്ടി പിടിച്ചെടുക്കാൻ ജില്ലാതലങ്ങളിൽ പിസി ചാക്കോ ചില നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും അവയെല്ലാം കൂട്ടയടിയിലാണ് കശാലിച്ചത്. തിരുവനന്തപുരത്ത് ചാക്കോയ്ക്ക് തന്നെ അടി കിട്ടിയെന്നും വാർത്തകളുണ്ടായി. ഒടുവിൽ തടി കൂടുതൽ കേടാവാതിരിക്കാർ രാജിയല്ലാതെ ചാക്കോയ്ക്കു മുന്നിൽ മറ്റു മാർഗങ്ങളില്ലാതായി. മന്ത്രിസ്ഥാനം മോഹിച്ച തോമസിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്നാണ് ശശീന്ദ്രൻ പക്ഷത്തിന്റെ ഓഫർ. ഇക്കാര്യം ശരദ് പവാറിനോട് ആവശ്യപ്പെടും. സംസ്ഥാന പ്രസിഡന്റ് പദവി ഒഴിഞ്ഞെങ്കിലും ദേശീയ വർക്കിങ് പ്രസിഡന്റായി തുടരാനുള്ള ചാക്കോയുടെ നീക്കത്തെ ജാഗ്രതയോടെയാണ് ശശീന്ദ്രൻ പക്ഷം നിരീക്ഷിക്കുന്നത്. ചാക്കോയുടെ തുടർ നീക്കങ്ങൾ സംസ്ഥാന എൻസിപിയിൽ നിർണായകവുമാണ്.
അതേസമയം മറ്റൊരു പ്രമുഖ രാഷ്ട്രീയ കക്ഷിയിലേക്ക് ചേക്കേറാൻ ചാക്കോ നീക്കങ്ങൾ സജീവമാക്കിയതായി സൂചനകളുണ്ട്. ഇതിന് ഉചിതമായ സമയവും സന്ദർഭവുമാണ് ചാക്കോ കാത്തിരിക്കുന്നത്. എന്നാൽ എൻസിപിയിൽ ചാക്കോയ്ക്കെതിരേ ഉയർന്നു കേട്ട അഴിമതി ആക്ഷേപങ്ങളും പൊതുവേ നഷ്ടമായ ഇമേജും അദ്ദേഹത്തിന്റെ പ്രതീക്ഷകൾക്കു മേൽ കരിനിഴൽ വീഴത്തുകയാണിപ്പോൾ.
