വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ മൂന്ന് പേരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഓരോരുത്തരെയും നമുക്ക് നഷ്ടമാകുമ്പോള്‍ വനംമന്ത്രിയുടെ പ്രസ്താവന പുറത്തുവരും. അവിടെ കാടായിരുന്നു, കാട്ടിലെ ക്യാമറയില്‍ മൃഗങ്ങള്‍ പതിയുന്നില്ല, വനത്തിലൂടെ സഞ്ചരിച്ചവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, അല്ലെങ്കില്‍ പതിവ് പ്രസ്താവനയായ പരിശോധിക്കാം, എന്നിങ്ങനെയുള്ള സ്ഥിരമായ പ്രസ്താവനകളില്‍ മുഴുകിയ മന്ത്രിയെ ആണ് കാണാനാവുക. പുലി ആക്രമണത്തില്‍ ഒരു ജീവന് നഷ്ടപ്പെട്ട ദുഖത്തില്‍ കേരളം വിങ്ങുമ്പോള്‍ വനംമന്ത്രി കോഴിക്കോട് പൊതുവേദിയില്‍ പാട്ടുപാടി ആഘോഷിക്കുകയായിരുന്നു. എന്തൊരു ദുരന്തമാണിത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കാലയളവില്‍ വന്യജീവി ആക്രമണത്തില്‍ കേരളത്തില്‍ മാത്രം കൊല്ലപ്പെട്ടത് 486 പേരാണ്. 2023- 24 കാലഘട്ടത്തില്‍ മാത്രം 94 പേര്‍ക്കും 21-22 കാലഘട്ടത്തില്‍ 114പേര്‍ക്കും ജീവന് നഷ്ടമായി. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരമാണിത്. ആനയുടെയും കടുവയുടെയും ആക്രമണത്തിലാണ് അധികംപേരും കൊല്ലപ്പെട്ടത്.
വനംമന്ത്രിക്ക് തന്റെ പാര്‍ട്ടിയില്‍ നിന്നും വരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കണോ അതോ സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കണോ? സ്വന്തം നിലനില്പ് തന്നെയായിരിക്കും വനംമന്ത്രിക്ക് പ്രധാനം. അതുകൊണ്ടാണല്ലോ ഇതെല്ലാം കാണാതെ പോകുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വന്യജീവി ആക്രമണത്തില്‍ ഒരാള്‍ നഷ്ടപ്പെട്ടപ്പോള്‍ കാട്ടാന ആക്രമിച്ചതിന് താനെങ്ങനെ ഉത്തരവാദി ആകും എന്നാണ് വനംമന്ത്രിയുടെ ചോദ്യം. കാട്ടാനയെ പറഞ്ഞുവിട്ടത് താനല്ല, ആ വീട്ടമ്മയോട് കാട്ടാനയുടെ മുന്നില്‍ പോയി നില്ക്കാന് പറഞ്ഞത് താനല്ല, താന്‍ പറഞ്ഞാലൊട്ട് കാട്ടാന കേള്‍ക്കുകയുമില്ല. പിന്നെങ്ങനെ താന്‍ ഉത്തരവാദിയാകും. അങ്ങനെ നോക്കിയാല്‍ വനംമന്ത്രിയുടെ ചോദ്യം ശരിയുമാണ്. പിന്നെന്തിനാണ് വനംമന്ത്രി എന്ന് കേരളത്തിലെ ജനങ്ങള്‍ ചോദിച്ചാല്‍ അതിലെവിടെയാണ് കുറ്റം പറയാനാവുക. നാട്ടില്‍ ക്രമസമാധാനം തകരുമ്പോള്‍ പോലീസ് മന്ത്രി എങ്ങനെ കുറ്റക്കാനാകും എന്ന് ചോദിക്കുംപോലെ.
ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്കാന് കഴിയുന്നവരായിരിക്കണം ഭരണത്തിലിരിക്കുന്നവര്‍. അതിന് വയ്യെങ്കില്‍ എന്തിന് ജനങ്ങളെ ബുദ്ധിമുട്ടിക്കണം. വന്യജീവി ആക്രമണത്തില്‍ ജീവന് നഷ്ടപ്പെടുമ്പോള്‍ അവിടെ അനാഥമാക്കപ്പെടുന്നത് ഒരു കുടുംബമാണ്, ഒട്ടേറെ സ്വപ്നങ്ങളാണ്. പിതാവിനെ കാട്ടാന കൊലപ്പെടുത്തി എന്ന് കേട്ടറിഞ്ഞ് കണ്ണീരുവറ്റിയ കണ്ണുമായി ഇരിക്കുന്ന കുട്ടികളുടെ ചിത്രമാണ് കേരളജനതക്ക് മുന്നിലുള്ളത്. അവരുടെ മുന്നില്‍ അപഹാസിതനാകാതെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്.
വന്യജീവി ആക്രമണങ്ങള്‍ തടയാന്‍ വനംവകുപ്പ് ആസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ നിരീക്ഷിക്കുക, സന്നദ്ധ പ്രതികരണസേന രൂപീകരിക്കുക, പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തുക, നാടന്‍ കുരുങ്ങുകളുടെ ശല്യം തടയുക, മനുഷ്യ വന്യമൃഗ സംഘര്‍ഷം തടയുന്നതിനുള്ള ഗവേഷണം നടത്തുക, ജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ നടത്താന്‍ പോകുന്നത്. സര്‍ക്കാര്‍ ഖജനാവിലെ പണം ഇതിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നതില്‍ കവിഞ്ഞ് എന്ത് മേന്മയാണ് ഇവിടെ സൃഷ്ടിക്കാന്‍ പോകുന്നത്. ഗവേഷണം നടത്തലും അറിവുകള്‍ പ്രയോജനപ്പെടുത്തലും നമ്മള് ഇനിയും ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ല. മനുഷ്യജീവനുകള്‍ വേട്ടയാടപ്പെടുന്നതിന് എന്താണ് പരിഹാരം എന്ന് ശാസ്ത്രീയമായി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പിലാക്കുകയാണ് വേണ്ടത്.
പശ്ചിമഘട്ട മലനിരകളുടെ കിഴക്കന്‍ ഭാഗം ചൂടുപിടിക്കുകയും ചെറുമൃഗങ്ങളടക്കം പടിഞ്ഞാറന്‍ ഭാഗത്തേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന സമയമാണിത്. വേനല്‍ കടുക്കുമ്പോള്‍ വെള്ളവും ഭക്ഷണവും തേടിയുള്ള വന്യമൃഗങ്ങളുടെ യാത്രയാണ് മനുഷ്യരിലേക്ക് എത്തപ്പെടുന്നത്. കാട്ടിലെ ജീവികള്‍ക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും കാട്ടില്‍തന്നെ ലഭ്യമാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ നാട്ടിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കാനാവുകയുള്ളൂ.
വനത്തിനോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യര്‍ക്ക് നേരെ കേസെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയല്ല ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടത്. വന്യമൃഗങ്ങളെ വനത്തില്‍ തന്നെ സംരക്ഷിക്കാനുള്ള ബാധ്യത ഫോറസ്റ്റ് ജീവനക്കാര്‍ക്കുണ്ടാകണം. തമിഴ്നാട്ടിലെ വനംവകുപ്പ് ജീവനക്കാര്‍ മൃഗങ്ങള്‍ക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കുന്നതിനുള്ള സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. മാത്രമല്ല വനത്തില്‍ ഫലവൃക്ഷങ്ങള്‍ ധാരാളമായി വെച്ചുപിടിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ശാസ്ത്രീയമായി നടപ്പിലാക്കേണ്ടത്. വനംഭൂമിയും മനുഷ്യര്‍ ആവസിക്കുന്ന ഭൂമിയും വേര്തിരിക്കുന്നിടങ്ങളില് കിടങ്ങുകളും വേലികളും സ്ഥാപിക്കാനും കഴിയണം. വനം വന്യജീവികള്ക്കായിരിക്കണം. നാട് മനുഷ്യരുടേതും ആയിരിക്കണം. ഇതിനിടയിലുള്ള സംരക്ഷണഭിത്തി ആയിരിക്കണം വനംവകുപ്പ്. ഏറ്റവും ഭാരിച്ച ഉത്തരവാദിത്വമുള്ളവരായിരിക്കണം നേതൃനിരയില്‍ ഉണ്ടാകേണ്ടത്. എങ്കില്‍ മാത്രമേ വനത്തെയും വന്യമൃഗങ്ങളെയും സംരക്ഷിക്കാനും മനുഷ്യജീവനുകള്‍ക്ക് ഒരു പോറലുമേല്‍ക്കാതെ കാത്തുസംരക്ഷിക്കാനും കഴിയുകയുള്ളൂ.
