ഡൽഹിയിൽ ഇന്ന് പുലർച്ചെ 5.30-ന് ഉണ്ടായ ഭൂചലനത്തിന് പിന്നാലെ ബിഹാറിലും ഭൂചലനം. ബിഹാറിലെ സിവാനിലാണ് രാവിലെ എട്ടുമണിയോടെ ഭൂചലനമനുഭവപ്പെട്ടത്. ബിഹാറിലെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 10 കിലോ മീറ്റര്‍ ആഴത്തിലാണെന്ന് ദേശീയ ഭൂകമ്പപഠന കേന്ദ്രം പറയുന്നു.
ഡല്‍ഹിയിലുണ്ടായതിന്റെ തുടര്‍ച്ചലനമാണോ ബിഹാറില്‍ അനുഭവപ്പെട്ടത് എന്നതില്‍ വ്യക്തതയില്ല. രാവിലത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയായിരുന്നു. തലസ്ഥാന മേഖലയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മുൻകരുതലെന്ന നിലയിൽ ആളുകൾ പലരും വീടുകളിൽ നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഉടൻ റിപ്പോർട്ട് ചെയ്തിട്ടില്ല.
ശക്തമായ ഭൂചലനം ഉണ്ടാകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഡൽഹി, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.
