മോഹൻ കെ കൃഷ്ണൻ
കുറെ അത്യാഗ്രഹങ്ങള്‍ സഫലമാക്കിയ ദില്ലിയിലെ കുശാഗ്രബുദ്ധിയുടെ പേരാണ് അരവിന്ദ് കെജ്രിവാള്. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ നിന്നും ആരാലും അറിയപ്പെടാതെ അടുത്തൂണ്‍ പറ്റി പിരിയേണ്ട ഈ മനുഷ്യന് കഴിഞ്ഞ 15 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പോസ്റ്റര്‍ ബോയി ആയി മാറിയത് പിഴക്കാത്ത നീക്കങ്ങളും ശൃഗാല തന്ത്രങ്ങളും പയറ്റി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ സാര്വ്വഭൗമന്മാരെയും താന്‍ വരച്ച കളത്തില്‍ അദ്ദേഹം ആവാഹിച്ചു നിര്‍ത്തി. ദേശീയ രാഷ്ട്രീയ ബദലിന്റെ ആള്‍രൂപമായി. അഞ്ചോളം സംസ്ഥാനങ്ങളില്‍ വേരുപടര്‍ത്തി.
ചെറിയ കാലം കൊണ്ട് തന്റെ പ്രൈവറ്റ് എന്റിറ്റിക്കു ഫൈവ് സ്റ്റാര്‍ റേറ്റിംഗും ദേശീയ കക്ഷി പദവിയും സ്വായത്തമാക്കി. ഒരുപക്ഷേ ഇക്കാലം അദ്ദേഹത്തിന്റെ മഹത്തായ ഡപ്യൂട്ടേഷന് കാലമാകാം.. ലൂധിയാന വഴി പഞ്ചാബിന്റെ മുതലാളിയായി രണ്ടാം ഇന്നിംഗ്സിനും തുടക്കംകുറിക്കാനും അവസരം..പ്രൊഫഷണല്‍ പൊളിറ്റിക്സ് അത്ര മേല്‍ ലിബറലാണ്. ഇവിടെ കീഴ്വഴക്കങ്ങളില്ല,മൂല്യ ബോധവും..ടാര്‍ഗറ്റു മാത്രമാണ് പ്രധാനം.. ആ പവര്‍ ഗയിമിലാണ് അണ്ണാഹസാരെയുടെ ധാര്‍മിക സമരം ഹൈജാക്കു ചെയ്യപ്പെട്ടത്.,ആഗോള ഫണ്ടിംഗിന്റെ കിടയറ്റ സ്റ്റോക്കിസ്റ്റായി നമ്മൂടെ സെക്രട്ടേറിയറ്റിലും അദ്ദേഹം അസൈമെന്റുകളുമായി കയറി ഇറങ്ങി കാലത്തെ ഇന്നും പലരും ഓര്ക്കൂം.
ലിബറലൈസേഷന്റെ സേഫ്റ്റി വാല്‍വുകളായി ഡിസൈന്‍ ചെയ്തിട്ടുള്ള പാര്‍ട്ടിസിപ്പേറ്ററി സംരംഭങ്ങളിലെ ക്ഷേമ പദ്ധതികളാണ് പലകുറി അദ്ദേഹം പയറ്റിയത്. ആശ്രിതത്വവും യജമാനത്വവും അങ്ങനെ ഉറപ്പാക്കി.. ഫ്രീബീസുകള്ക്കു പുതിയ ഭാഷ്യം ചമച്ചു. ലോകം പടിയിറക്കിയ കമ്മ്യൂണിസത്തെ ഇപ്പോഴും പേറുന്ന കേരളത്തെയും വിദ്യാഭ്യാസം നേടിയിട്ടും വിവരമില്ലാത്ത മലയാളികളെയും നിശിതമായി പരിഹസിച്ചിട്ടും അദ്ദേഹത്തിനു മുന്നില്‍ കമഴ്ന്നു വീണൂ കമ്മ്യൂണിസ്റ്റുകള്‍. അതാണ് അരവിന്ദ് കെജ്രിവാള്. ആരുഡത്തിലും എലുകയിലും ബിജെപിയുടെ കുഞ്ഞനുജന് ചരിത്രത്തില്‍ തിരോഭവിക്കാം. ചിലപ്പോള്‍ പുതിയ രസായന കൂട്ടുമായി പുനര്‍ജനിക്കാം.!
വിപ്ലവത്തിന്റെ കോര്‍പ്പറേറ്റ് ശിബിരങ്ങളില്‍ ആ ജീവാനാന്തം സ്വന്തം ചിഹ്നത്തില്‍ വോട്ട് കുത്താന്‍ കഴിയാത്തതും . ബൂര്‍ഷ്വാ പാര്‍ട്ടികള്‍ക്കു കുത്തേണ്ടി വരുന്നതും ലോകോത്തര രാഷ്ട്രീയ മീമാംസകരുടെ ദാര്‍ശനിക സമസ്യകളായി ഇന്നും അവശേഷിക്കുന്നു. ആറു മണ്ഡലങ്ങളില്‍ അവര്‍ കത്തിച്ചെറിഞ്ഞത് നനഞ്ഞ പടക്കങ്ങളായിരുന്നു. ആറു ചാവേറുകള്‍. ശത്രുക്കളില്‍ പോലും അനുതാപം പടര്‍ത്തുന്ന ചരിത്രത്തിന്റെ അനിവാര്യമായ തീര്‍ച്ചകള്‍! അതെ,ചെങ്കോട്ടയില്‍ പാറിക്കളിച്ചതു തിരസ്കാരത്തിന്റെ ദുന്ദുഭി…
കരാവല്‍ നഗറിലെ സിപിഎം സ്ഥാനാര്‍ത്ഥിയും അറിയപ്പെടുന്ന വിവരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അശോക് അഗര്‍വാളിനു ലഭിച്ച വോട്ട് 457 . നോട്ട 709. ബിജെപിയിലെ കപില്‍ മിശ്ര 1,07,367.ബദര്‍പൂരിലെ സിപിഎം സ്ഥാനാര്‍ഥി ജഗദീഷ് ചന്ദ് 367,നോട്ട 915., എഏപിയിലെ രാം സിംഗ് നേതാജി 1,12,991.വികാസ്പുരിയില്‍ സിപിഐയിലെ ഷിജോ വര്‍ഗീസ് 580. നോട്ട 1,127.പാലം മണ്ഡലത്തില്‍ സിപിഐയിലെ ദിലീപ്കുമാര് 326.നോട്ട1,119. നരേല മണ്ഡലത്തിലെ അനില്‍ കുമാര്‍ സിംഗ് സിപിഐ (എംഎല്)ലിബറേഷന്‍ 380.നോട്ട 981. കോണ്ഡ്ലിയില് അമര്‍ജിത്ത് പ്രസാദ് ,സിപിഐ (എംഎല്)ലിബറേഷന്‍ 100 ,നോട്ട 776.ഇടതുപക്ഷം ആകെ വോട്ട് 2,158. നോട്ട 5,627.
ഇടതു ബദലിനെ ആധാരമാക്കി തെരഞ്ഞെടുപ്പ് നേരിടുമെന്നും ആപ്പിന്റെ ഭരണം സൂക്ഷതയോടെ വിലയിരുത്തേണ്ട സമയമാണിതെന്നും(scrutinize) സിപിഎം. പ്രകടനപത്രികയും പുറത്തിറക്കും..(ദ് ഹിന്ദു, ഡിസംബര്‍ 16). ഇടതുകക്ഷികള്‍ സംയുക്തമായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മല്‍സരിക്കാത്ത മണ്ഡലങ്ങളില്‍ ബിജെപിയെ എതിര്‍ക്കുന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും ബൃന്ദാ കാരാട്ട്. പ്രകടന പത്രികയില്‍ പൂര്‍ണ സംസ്ഥാന പദവിയായിരൂന്നു വാഗ്ദാനം.
ബിജെപിയെ തോല്പിക്കണം. ആപ്പിനെ അടിമുടി വിലയിരുത്തണം. കോണ്‍ഗ്രസിന് ഹുതാ ഹവാ. ആറിടത്ത് ആപ്പിനെ തകര്‍ക്കണം. ആറിടത്ത് മല്‍സരിച്ച് ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവിയും നേടണം.. അനുസാരിയായി പ്രതിപക്ഷ ഐക്യത്തിനു ആഹ്വാനവും. ധിം തരികിട ധോം…ആകെ മൊത്തം വട്ടായ അവസ്ഥ,കണ്ഫ്യൂഷന്. ഐക്യം അവര്‍ തന്നെ പൊളിച്ചടുക്കി !പഴിയും തെറിയും കോണ്‍ഗ്രസിന് .അന്ധന്മാര് കണ്ട ആനയായി ദേശീയ ബദലും ഐക്യവും. ഇതിനിടെ കളം പിടിച്ച കത്തി വേഷങ്ങള്‍.തെരഞ്ഞെടുപ്പ് ചിഹ്നത്തിന്റെ പശ്ചാത്തലത്തില്‍ വലിയ വായില്‍ വിഷം ചീറ്റ എല്ലില്ലാത്ത അത്ഭുതങ്ങളായി.
കാര്‍ഗില്‍ മുതല്‍ കുമാരി മുനമ്പം വരെ വേരുണ്ട് കോണ്‍ഗ്രസിന്. സംശയമില്ല. 140 സംവല്‍സരങ്ങള്‍.പല കൂറുകള്‍,നാടുകള്‍.തലമുറകള്‍..കാലവും കര്‍മവും കോറിയിട്ടതാണ് വളര്‍ച്ചയും പതര്‍ച്ചയും തളര്‍ച്ചയും .
നമ്മുടെ സങ്കുചിത ചിന്താധാരകളായിരുന്നു പ്രാദേശിക സ്വത്വങ്ങളും പ്രാദേശിക രാഷ്ട്രീയവും നിര്‍ണയിച്ചതും രൂപപ്പെടുത്തിയതും. തളര്ന്നതാകട്ടെ ദേശിയ കാഴ്ചകളും കാഴ്ച്ചപ്പാടുകളുമായിരുന്നു. ആ സങ്കുചിതത്വങ്ങളെ കീഴ്പ്പെടുത്തി മാത്രമേ ദേശീയ പ്രസ്ഥാനങ്ങള്‍ക്കു മൂന്നോട്ടു കുതിക്കാനാവൂ. കോണ്‍ഗ്രസിന്റെ അന്തകരായി തീര്‍ന്നത് ഊതിവീര്‍പ്പിച്ച ഇത്തരം സങ്കുചിത പ്രാദേശികതകളായിരുന്നു. അവരുടെ വരട്ടുവാദത്തെ പൊലിപ്പിക്കാന്‍ മാത്രമായിരുന്നു അവര്‍ ദേശിയതയുടെ വ്യാജ നരേറ്റീവുകള്‍ സൃഷ്ടിച്ചത്. വികടമായ സ്വത്വങ്ങളെ താങ്ങി നിര്‍ത്താനുള്ള ഒരു ബാധ്യതയും ഏതു തൊടുന്യായം പറഞ്ഞാലും കോണ്ഗ്റസിനെ പോലുള്ള ഒരു പാന്‍ ഇന്ത്യന്‍ ഇനിഷിയേറ്റിവിനു കഴിയില്ല എന്നതും വസ്തൂതയാണ്. വിഭാഗിയതയുടെ ഒതളങ്ങാ വര്‍ത്തമാനം ഇനിയും തുടരാം..ഒപ്പം എല്ലാ സീമകളും വെടിഞ്ഞ വ്യക്തിത്വാധിഷ്ഠിത ആക്രമണങ്ങളും. ചന്ദ്രനും ശുനകനും മാത്രമാകുന്നു ഇവിടെ മാലോപമ. ഓരോ കാലത്തെയും നശിപ്പിക്കാനിറങ്ങി ആത്മ നാശനം ഏറ്റുവാങ്ങിയവരുടെ ശതാബ്ദിയുടെ ആണ്ടറുതി കൂടിയാണ് ഈ ആസുര കാലമെന്നു മറക്കാതിരിക്കാം. ഓര്‍ക്കുക. വല്ലപ്പോഴും.!
