നവകേരള മുന്നണി സൃഷ്ടിയ്ക്കായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര ഇന്ന് അവസാനിക്കും. കാസർഗോഡ് നിന്നും ആരംഭിച്ച രാഷ്ട്രീയ വിശദീകരണ യാത്ര സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച്
ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും. യാത്രയെ തുടർന്ന് നടക്കുന്ന എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും.
കേരളം മാറും,മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി 11 ന് കാസർകോഡ്, കണ്ണൂർ,12 ന് കോഴിക്കോട്, വയനാട് ജില്ലകളിലും 13ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 14ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും പര്യടനം നടത്തി. ഇന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലുമാണ് യാത്ര പര്യടനം നടത്തുന്നത്.
ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തിയിരിക്കുന്നത്. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിച്ചിരിക്കുന്നത്. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ ഫെബ്രുവരി 22ന് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും.
